എ.ഐ.വൈ.എഫ് - എ.ഐ.എസ്.എഫ് ലോങ് മാർച്ച് നാളെ തൃശൂരിൽ തൃശൂർ: 'സേവ് ഇന്ത്യ, ചേഞ്ച് ഇന്ത്യ' മുദ്രാവാക്യം ഉയർത്തി എ.ഐ.വൈ.എഫ് - എ.ഐ.എസ്.എഫ് ദേശീയ കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള ലോങ് മാർച്ച് ബുധനാഴ്ച തൃശൂരിലെത്തും. 9.30ന് കറുകുറ്റി പൊങ്ങത്ത് ജാഥയെ സ്വീകരിക്കുമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് അറിയിച്ചു. 11ന് തെക്കേഗോപുര നടയിൽ പൊതുസമ്മേളനം നടക്കും. ജെ.എൻ.യു യൂനിയൻ മുൻ പ്രസിഡൻറ് കന്നയ്യകുമാർ, സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം, മന്ത്രി വി.എസ്. സുനിൽകുമാർ, സി.എൻ. ജയദേവൻ എം.പി, എം.എൽ.എമാരായ കെ. രാജൻ, വി.ആർ. സുനിൽകുമാർ, ഇ.ടി. ടൈസൻ, ഗീതഗോപി എന്നിവരും പങ്കെടുക്കും. മതന്യൂനപക്ഷങ്ങൾക്കും ദലിതുകൾക്കും എതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുക, സമഗ്രവും ശാസ്ത്രീയവുമായ വിദ്യാഭ്യാസ നയം പ്രഖ്യാപിക്കുക, തെരഞ്ഞെടുപ്പ് പരിഷ്കരണം നടപ്പാക്കുക, പൊതുമേഖല സ്ഥാപനങ്ങൾ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയുള്ള ലോങ് മാർച്ച് 15ന് കന്യാകുമാരിയിൽ നിന്നാണ് തുടങ്ങിയത്. സെപ്റ്റംബർ 12ന് പഞ്ചാബിലെ ഹുസൈനിവാലൈയിൽ സമാപിക്കും. 60 ദിവസം കൊണ്ട് രാജ്യത്തെ 300 കേന്ദ്രങ്ങളിലാണ് സ്വീകരണം. എ.ഐ.വൈ.എഫ് ജനറൽ സെക്രട്ടറി തിരുമലൈ രാമൻ, പ്രസിഡൻറ് അഫ്താബ് ആലംഖാൻ, എ.ഐ.എസ്.എഫ് ജനറൽ സെക്രട്ടറി വിശ്വജിത് കുമാർ, പ്രസിഡൻറ് സയ്യിദ് വലിയുല്ല ഖാദിരി എന്നിവരാണ് ജാഥക്ക് നേതൃത്വം നൽകുന്നത്. സി.പി.ഐ അസി. സെക്രട്ടറി പി. ബാലചന്ദ്രൻ, എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി ടി. പ്രദീപ്കുമാർ, കെ.പി. സന്ദീപ്, ബി.ജി. വിഷ്ണു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.