ചിരിക്കാത്തവൻ ദൈവത്തിൽ നിന്നും അകന്നിരിക്കുന്നു: ഡോ.മാർ ക്രിസോസ്​റ്റം

തൃശൂര്‍: ബൈബിൾ വാക്യങ്ങളും പ്രാർഥനയും നിറയുന്ന കിഴക്കേകോട്ട മാര്‍തോമ സിറിയന്‍ എബനേസര്‍ പള്ളി ഹാളില്‍ മണിക്കൂറുകളോളം കൂട്ടച്ചിരിയായിരുന്നു. നൂറ് പിന്നിട്ട മാര്‍ത്തോമ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിനുള്ള ആദരസമ്മേളന ചടങ്ങിലാണ് സംഭവം. അദ്ദേഹം തന്നെയാണ് ചിരിയമിട്ടിന് തുടക്കമിട്ടത്. ഒൗപചാരിക ചടങ്ങുകള്‍ക്ക് ശേഷം വലിയ മെത്രാപ്പോലീത്തയുടെ കൈകളില്‍ മൈക്ക് എത്തിയപ്പോഴേ ഹാള്‍ നിശ്ശബ്ദമായി. സദസ്സി​െൻറ മുന്‍നിരയില്‍ ഇരുന്ന രണ്ട് കുഞ്ഞുങ്ങളെ ചൂണ്ടി അവര്‍ ഇപ്പോള്‍ തന്നെപ്പറ്റി എന്താണ് ചിന്തിക്കുന്നതെന്ന് നിങ്ങള്‍ക്ക് പറയാമോ എന്നായിരുന്നു ആദ്യ ചോദ്യം. അമ്പരന്ന സദസ്സ്യരോട് മെത്രാപ്പോലീത്ത തന്നെ ആ രഹസ്യം വെളിപ്പെടുത്തി..! -ഈശ്വരാ ഇയാള്‍ ഇനി ഒരു ആണ്ടുകൂടി ജീവിച്ചെങ്കില്‍ ഞങ്ങളുടെ ഭക്ഷണം പോക്കാണല്ലോ, ഇന്നത്തേത് പോക്കായല്ലോ എന്ന് വിചാരിച്ചോണ്ടിരിക്കാ. അതിനാല്‍ ദീര്‍ഘമായി പ്രസംഗിക്കുന്നില്ല. എന്നുവെച്ചാല്‍ സാധാരണത്തോളം ദീര്‍ഘമായി പ്രസംഗിക്കുന്നില്ല. ചിരിമരുന്നിന് തിരികൊളുത്തി മെത്രാപ്പോലീത്ത കാര്യത്തിലേക്ക് കടന്നു. സുവിശേഷപ്രസംഗകന്‍ എന്ന നിലയ്ക്കുണ്ടായ അനുഭവങ്ങള്‍ വിവരിച്ചാണ് അദ്ദേഹം ചിരിയിലൂടെ ചിന്തയിലേക്ക് വെളിച്ചം പകര്‍ന്നത്. നാം ജീവിതത്തില്‍ ഒരാളെ സ്വീകരിച്ചാല്‍ മാത്രമെ ആ വ്യക്തി നമ്മെ സ്വീകരിക്കൂവെന്നായിരുന്നു ആദ്യപാഠം. ലോകം കളിക്കാനും കൂടിയുള്ളതാണ്, ഒപ്പം ഈശ്വരനെ അറിയാനും അനുഭവിക്കാനും. ചിരിക്കാത്തവൻ ദൈവത്തിൽ നിന്നും അകന്നിരിക്കുന്നെന്നും മാര്‍ ക്രിസോസ്റ്റം ഓർമിപ്പിച്ചു. ദൈവം തന്ന സൗകര്യങ്ങള്‍ മനുഷ്യനന്മയ്ക്കായിട്ടല്ലാതെ സ്വന്തം താൽപര്യങ്ങള്‍ക്കായി ഉപയോഗിക്കരുത്. ഇടവകാംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും അദ്ദേഹം സമയം കണ്ടെത്തി. മന്ത്രി വി.എസ്. സുനില്‍കുമാര്‍ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. സംവിധായകന്‍ ബ്ലസി ഒരുക്കുന്ന ഹണ്ട്രഡ് ഇയേഴ്സ് ഓഫ് ക്രിസോസ്റ്റം എന്ന ഡോക്യുമ​െൻററിയുടെ െട്രയിലര്‍ പ്രദര്‍ശനത്തിന് ശേഷം തിരുമേനി ജന്മദിന കേക്ക് മുറിച്ചു. വികാരി ഫാ. ജേക്കബ് സി. മാത്യു അധ്യക്ഷത വഹിച്ചു. സി.എൻ. ജയദേവന്‍ എം.പി, മേയര്‍ അജിത ജയരാജൻ, വികാരി ജനറല്‍ കെ.ഒ. ഫിലിപ്പോസ്, തേറമ്പില്‍ രാമകൃഷ്ണന്‍, ഇസാഫ് ചെയര്‍മാന്‍ പോള്‍ തോമസ്, മാധ്യമപ്രവർത്തകൻ പി.എ. കുര്യാക്കോസ്, ഓര്‍ഗനൈസിങ് കമ്മിറ്റിയംഗം ജോര്‍ജ് തോമസ്, വൈസ് പ്രസിഡന്‍്റ് എന്‍. ജോര്‍ജ് മാത്യു, ജോര്‍ജ് ചാണ്ടി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.