മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ടായ അതിക്രമത്തിൽ കരാറുകാരിൽ ചിലർക്ക് പങ്കെന്ന് സൂചന. ആശുപത്രിയിൽ രണ്ട് ലിഫ്റ്റുകളുടെ ഇലക്ട്രോണിക് കാർ പാനൽ ബോർഡുകൾ തകർത്ത നിലയിലും എ.സി പ്ലാൻറിലെ വാൽവുകൾ അടച്ച നിലയിലും കാണപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധർ പരിശോധന നടത്തി. കരാറുകാരെയും ജീവനക്കാരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സംശയത്തിെൻറ നിഴലിലുള്ള ചില ജീവനക്കാരും കരാറുകാരും പൊലീസ് നിരീക്ഷണത്തിലാണ്. വിരലടയാള വിദഗ്ധർ കെ.സി. ബാലകൃഷ്ണെൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പത്തോളം വിരലടയാളങ്ങൾ ലഭിച്ചിട്ടുണ്ട്. അതിക്രമത്തിന് പിന്നിൽ ഇലക്ട്രോണിക് വൻവ്യാപാര ലോബി പ്രവർത്തിച്ചിട്ടുണ്ടെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. ആശുപത്രിയിലെ യന്ത്രങ്ങൾ തകരാറിലാക്കി പകരം പുതിയത് വാങ്ങിക്കാനുള്ള തന്ത്രമാണ് അട്ടിമറി ശ്രമത്തിന് പിന്നിൽ എന്നാണ് സംശയിക്കുന്നത്. എ.സി.പ്ലാൻറിലെ കൂളിങ് ടവർ വാൽവുകൾ അടച്ചത് വലിയൊരു അട്ടിമറിയിലേക്കാണ് വിരൽചൂണ്ടുന്നത്. വാൽവുകൾ അടച്ച് എ.സി ദീർഘനേരം പ്രവർത്തിപ്പിച്ചാൽ കോടികളുടെ യന്ത്രങ്ങൾ തകരാറിലാകും. ശസ്ത്രക്രിയ തിയറ്ററുകളുടെയും ഐ.സി.യുവിലേയും ശീതീകരണ സംവിധാനം തകരാറിലാകും. ഇതോടെ ശസ്ത്രക്രിയ തടസ്സപ്പെടുകയും രോഗികളുടെ ജീവൻ അപകടത്തിലാകുകയും ചെയ്യും. അറ്റകുറ്റപ്പണികൾക്ക് ദീർഘകാലം പിടിക്കും എന്നിരിക്കെ പുതിയ യന്ത്രങ്ങൾ വാങ്ങുകയല്ലാതെ വേറെ നിവൃത്തിയില്ലാതെ വരും. ഇതാണ് അട്ടിമറി നടത്തിയവരുടെ ഉദ്ദേശ്യവും. പൊതുമരാമത്ത് അധികൃതർ വാൽവുകൾ അടച്ചത് ഉടൻ കണ്ടെത്തിയതിനാലാണ് വലിയ ദുരന്തം ഒഴിവായത്. റീഡിങ്ങിൽ കണ്ടെത്തിയ വ്യത്യാസത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വാൽവുകൾ അടച്ചത് കണ്ടെത്തിയത്. ലിഫ്റ്റുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന ഇലക്ട്രോണിക് കാർ പാനൽ ബോർഡ് നശിപ്പിച്ചതായും കണ്ടെത്തിയിരുന്നു. മെഡിക്കൽ കോളജ് പൊലീസ് എസ്.ഐ സേതുമാധവെൻറ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.