കാരുണ്യപ്പാതയില്‍ ജോസ് വളയം പിടിച്ചു; സുമനസ്സുകള്‍ ഇന്ധനമായി

തൃശൂര്‍: സമയം രാവിലെ 11.30. ജീസസ് ബ്ളസിങ് ബസിന്‍െറ ബെല്‍ മുഴങ്ങിയതോടെ ഡ്രൈവര്‍ ജോസ് വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. വടക്കേ സ്റ്റാന്‍ഡില്‍ നിന്ന് തൃശൂര്‍ -ചേറൂര്‍ റൂട്ടിലൂടെയുള്ള ഒരു കാരുണ്യയാത്രയുടെ തുടക്കമായിരുന്നു അത്. പതിമൂന്നുകാരി ശ്രീലക്ഷ്മിക്ക് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് പണം കണ്ടത്തൊനുള്ള യാത്രയായിരുന്നു അത്. വൃക്ക നല്‍കുന്നത് ഇതേ ബസില്‍ വളയംപിടിച്ച ജോസ്. 25ന് എറണാകുളത്തെ ലേക്ഷോര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ പൂര്‍ത്തിയാകുന്നതോടെ ഈ കാരുണ്യയാത്രക്ക് ബ്രേക്കിടും. ഒമ്പത് വര്‍ഷമായി ഇതേ റൂട്ടില്‍ ബസ് ഡ്രൈവറാണ് ജോസ്. ബാലികക്ക് വൃക്ക നല്‍കാനുള്ള ജോസിന്‍െറ വലിയ മനസ്സിന് ബസുടമ ജോമി പിന്തുണയുമായി എത്തുകയായിരുന്നു. ജീവനക്കാരായ പ്രദീപും ശ്രീജിത്തും നിഖിലും ബേബിയും പൂര്‍ണ പിന്തുണ നല്‍കി. ഇതോടെ ചൊവ്വാഴ്ചയിലെ സര്‍വിസ് വരുമാനം ബാലികക്ക് കൈത്താങ്ങുമായി. ആകെ ഏഴ് ട്രിപ്പുകളിലായി 75000 രൂപ ലഭിച്ചു. വിയ്യൂര്‍ പൊലീസ് ക്യാമ്പിലെ പൊലീസുകാര്‍ ശേഖരിച്ച പതിനാറായിരം രൂപയും ഇതിലുള്‍പ്പെടും. വിവിധ ഓട്ടോ സ്റ്റാന്‍ഡിലുള്ളവും പണം സ്വരൂപിച്ച് നല്‍കിയിട്ടുണ്ട്. കൂടാതെ പലരും കൂടുതല്‍ തുക വാഗ്ദാനം ചെയ്തിട്ടുമുണ്ട്. തുകയെല്ലാം ബുധനാഴ്ച പതിനൊന്നിന് ശ്രീലക്ഷ്മിയുടെ വീട്ടുകാര്‍ക്ക് കൈമാറും. അജിത് നാരങ്ങാലിന്‍െറ നേതൃത്വത്തില്‍ ഓര്‍ഗണ്‍ ഡോണേഴ്സ് അസോസിയേഷന്‍ കാരുണ്യയാത്രക്ക്്് 10,000 രൂപയുടെ ചെക്ക് നല്‍കി പ്രോത്സാഹനവുമേകി. വേദന അനുഭവിക്കുന്നവര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് മാറ്റാമ്പുറം കളത്തിപറമ്പില്‍ ആന്‍േറായുടെ മകന്‍ ജോസിന് (36) വൃക്കദാനത്തിന് പ്രേരണയായത്. അച്ഛനും അമ്മയും വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. രണ്ടു സഹോദരിമാരെ വിവാഹം കഴിച്ചയച്ച ശേഷം വാടകവീട്ടില്‍ അവിവാഹിതനായി കഴിയുകയാണ്. തുടര്‍ന്ന് കഴിഞ്ഞ ജൂലൈ അവസാന വാരത്തോടെ കിഡ്നി ഫെഡറേഷനിലത്തെി വൃക്ക ദാനം ചെയ്യാനുള്ള സന്നദ്ധത അറിയിച്ച് കാത്തിരിപ്പായി. അങ്ങനെയാണ് പുന്നംപറമ്പ് വിളംബത്ത് വീട്ടില്‍ ശ്രീലക്ഷ്മിക്ക് വൃക്ക ആവശ്യമായി വന്നത്. സെപ്റ്റംബറില്‍ വൈദ്യപരിശോധനകളെല്ലാം പൂര്‍ത്തിയാക്കി. ഇരുവരുടെയും രക്തഗ്രൂപ് ബി. പോസിറ്റീവ്. സാധാരണ നിരക്കില്‍ നിന്നും ഉയര്‍ന്ന തുകയാണ് പലരും ടിക്കറ്റ് ചാര്‍ജായി നല്‍കിയത്. നൂറു രൂപ മുതല്‍ ആയിരം രൂപ വരെ ചിലര്‍ നല്‍കി. കാരുണ്യയാത്രക്ക് തുടക്കം കുറിക്കാന്‍ ഫാ. ഡേവിസ് ചിറമ്മലും എത്തിയിരുന്നു. ജോസിനെ പോലെയുള്ളവരുടെ ജാതി, മത ചിന്തകള്‍ക്കതീതമായ മനുഷ്യസ്നേഹം യുവജനങ്ങള്‍ക്ക് പ്രേരണയാകട്ടെ എന്ന് ഫാ. ഡേവിസ് ചിറമ്മല്‍ ആശംസിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.