ഒരുമനയൂര്‍ ലോക്ക് അറ്റകുറ്റപ്പണിക്ക് 47.50 ലക്ഷം

ചാവക്കാട്: കടലില്‍നിന്ന് ചേറ്റുവ പുഴ വഴി കനോലി കനാലിലേക്ക് ഉപ്പുവെള്ളം കയറുന്നത് നിയന്ത്രിക്കാന്‍ നിര്‍മിച്ച ഒരുമനയൂര്‍ ലോക്കിന്‍െറ അറ്റകുറ്റപ്പണിക്കായി സംസ്ഥാന സര്‍ക്കാര്‍ 47.50 ലക്ഷം രൂപ അനുവദിച്ചതായി ചാവക്കാട് ബ്ളോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷനും ഒരുമനയൂര്‍ ലോക്ക് ഉള്‍പ്പെടുന്ന ഡിവിഷന്‍ അംഗവുമായ എം.എ. അബൂബക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരുമനയൂര്‍, കടപ്പുറം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും കനാലിലേക്ക് ഉപ്പുവെള്ളം കയറാതെ സംരക്ഷിക്കുകയും ചെയ്യുന്ന ഒരുമനയൂര്‍ ലോക്കിന്‍െറ ഷട്ടറുകളും അനുബന്ധ സംവിധാനങ്ങളൂം തുരുമ്പെടുത്ത് പ്രവര്‍ത്തനം നിലച്ചിരിക്കുകയായിരുന്നു. ഒരുമനയൂര്‍ ലോക്ക് തകര്‍ന്നതാണ് കനോലി കനാലിലേക്ക് ഉപ്പുവെള്ളം കയറാന്‍ കാരണമായത്. ഇതോടെ കനാല്‍ തീരങ്ങളിലെ ജല¤്രസാതസ്സുകളിലും ഉപ്പുരസം കലര്‍ന്ന് കുടിക്കാനും ഭക്ഷണം പാചകംചെയ്യാനും കഴിയാതെയായി. ഇതേക്കുറിച്ച് നിരവധി തവണ വാര്‍ത്ത വന്നതാണ്. ലോക്കിന്‍െറ അറ്റകുറ്റപ്പണി നടത്തി ഷട്ടര്‍ സംവിധാനം പ്രവര്‍ത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തും തൃശൂരിലും അധികൃതര്‍ക്ക് നിരന്തരം പരാതികള്‍ നല്‍കിയതിനെ തുടര്‍ന്നാണ് ജലസേചന വകുപ്പ് നടപടി സ്വീകരിച്ചതെന്ന് അബൂബക്കര്‍ ഹാജി പറഞ്ഞു. ലോക്ക് സംവിധാനം പുന$സ്ഥാപിച്ചാല്‍ ശുദ്ധജല ക്ഷാമം രൂക്ഷമായ ഒരുമനയൂര്‍, കടപ്പുറം ഉള്‍പ്പെടെ കനോലി കനാല്‍ ഒഴുകുന്ന മേഖലയിലെ ജനങ്ങള്‍ക്ക് ആശ്വാസമാകും. മേഖലയിലെ നെല്‍കൃഷി, തെങ്ങുകള്‍ തുടങ്ങിയവ നാശം നേരിടുന്ന അവസ്ഥയിലാണിപ്പോള്‍. ചേറ്റുവ അഴിമുഖത്തിനും പൊന്നാനി അഴിമുഖത്തിനും സമീപത്താണ് ഉപ്പുവെള്ള ഭീഷണി തടയാന്‍ രണ്ട് ലോക്കുകള്‍ നിര്‍മിച്ചത്. വേലിയേറ്റ സമയത്ത് ലോക്കിന്‍െറ ഷട്ടറുകള്‍ അടച്ചിടുക വഴി ഉപ്പുവെള്ളം കയറുന്നത് തടയുകയും വേലിയിറക്ക സമയങ്ങളില്‍ ലോക്കിന്‍െറ ഷട്ടറുകള്‍ തുറന്നിടുന്നതുവഴി കനാലിലെ വെള്ളം കടലിലേക്ക് ഒഴുകുകയുമാണ് ചെയ്തിരുന്നത്. ശാസ്ത്രീയമായ പ്രവര്‍ത്തനംമൂലം കനാലില്‍ എക്കാലത്തും ശുദ്ധജലമായിരുന്നു ഒഴുകിയിരുന്നത്. ലോക്കുകള്‍ കേടായതോടെ മാലിന്യം നിക്ഷേപിക്കാനുള്ള സ്ഥലമായി കനാല്‍ മാറി. ലോക്ക് പ്രവര്‍ത്തനക്ഷമമാകുന്നതോടെ കനോലി കനാല്‍ സംരക്ഷിക്കാനാകുമെന്ന് പ്രത്യാശിക്കുന്നതായി അബൂബക്കര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.