പാഠശാല മദ്യശാലയാക്കുന്നതിനെതിരെ സ്ത്രീകള്‍ രംഗത്ത്

കൊടുങ്ങല്ലൂര്‍: മതില്‍മൂല കളത്തേരി കടവില്‍ പ്രവര്‍ത്തിച്ചിരുന്ന പാഠശാല മദ്യശാലയാക്കുന്നതിനെതിരെ പ്രതിഷേധവുമായി സ്ത്രീകള്‍ രംഗത്ത്. കഴിഞ്ഞ ദിവസം സ്ത്രീശക്തി യൂനിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന റാലിയില്‍ പ്രതിഷേധമിരമ്പി. ശ്രീനാരായണപുരം ബിവറേജസിന് മുന്നില്‍നിന്ന് ആരംഭിച്ച റാലി കളത്തേരി കടവിലാണ് സമാപിച്ചത്. ജനവാസകേന്ദ്രമായ കളത്തേരി കടവില്‍ പ്രവര്‍ത്തിച്ചിരുന്ന ഐ.ജി.എം സ്കൂള്‍ കെട്ടിടമാണ് വിദേശമദ്യശാലയാക്കാന്‍ ശ്രമം തുടങ്ങിയിരിക്കുന്നത്. കെട്ടിടം ഉടമ ചിന്നു അശോകനെതിരെയുള്ള രോഷവും സമരക്കാര്‍ക്കിടയില്‍ പ്രകടമാണ്. പുഴയോരത്തുനിന്ന് ദൂരപരിധി പാലിക്കാതെ പാടം നികത്തിയാണ് കെട്ടിടം പണിതതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. മതിലകം ഗ്രാമപഞ്ചായത്തിലെ എട്ട്, ഒമ്പത് വാര്‍ഡുകളുമായി ബന്ധപ്പെട്ട പ്രദേശത്ത് മദ്യശാല അനുവദിക്കില്ളെന്ന ബാനറുകളും പോസ്റ്ററുകളും ബോര്‍ഡുകളും പ്രദേശത്ത് നിറയുകയാണ്. മദ്യവിരുദ്ധസമിതി, കൂടുംബകൂട്ടായ്മ, ഫാമിലി വെല്‍ഫെയര്‍ അസോസിയേഷന്‍, പൗരസമിതി, സിന്ദൂരം കുടുംബശ്രീ യൂനിറ്റ്, വിനായക കുടുംബശ്രീ യൂനിറ്റ്, ഐ.എസ്.എം, പി.ഡി.പി തുടങ്ങി ഒട്ടേറെ പേരുകളില്‍ മദ്യശാലാവിരുദ്ധ പ്രതിഷേധം പ്രകടമാണ്. പ്രവര്‍ത്തന പരിപാടികള്‍ക്ക് കര്‍മസമിതിയും രൂപവത്കരിച്ചു. വാര്‍ഡ് അംഗങ്ങളായ സുനില്‍ പി. മേനോന്‍(ചെയര്‍.), രഘുനാഥ്(വൈസ് ചെയര്‍.), പി. അജിത്കുമാര്‍(കണ്‍.), എസ്.എസ്. സത്താര്‍(ട്രഷ.) എന്നിവരുടെ നേതൃത്വത്തിലായിരിക്കും കര്‍മസമിതിയുടെ പ്രവര്‍ത്തനം. 18ന് വൈകീട്ട് നാലിന് മതില്‍മൂല ഇന്‍ഫ്ളോറ പരിസരത്ത് കര്‍മസമിതിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. പരിപാടിയില്‍ മദ്യനിരോധന സമിതി സംസ്ഥാന നേതാവ് ഇസാബിന്‍ അബ്ദുല്‍ കരീം പങ്കെടുക്കുമെന്ന് ചെയര്‍മാന്‍ സുനില്‍ പി. മേനോന്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.