തൃശൂര്‍-വാടാനപ്പള്ളി സംസ്ഥാനപാത വികസനത്തിന് പരിഹാരമായില്ല

വാടാനപ്പള്ളി: തൃശൂര്‍-വാടാനപ്പള്ളി സംസ്ഥാനപാത വികസനത്തിന് തിങ്കളാഴ്ച കലക്ടറേറ്റില്‍ ചേരുന്ന യോഗത്തില്‍ പരിഹാരമായില്ളെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ജനപ്രതിനിധികള്‍ ഭാരവാഹികളായ റോഡ് ആക്ഷന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഡി.സി.സി വൈസ് പ്രസിഡന്‍റടക്കം കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിനെ വിമര്‍ശിച്ച യോഗത്തില്‍ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ സി.പി.ഐ, സി.പി.എം നേതാക്കളുടെ വിമര്‍ശനമുയര്‍ന്നു. വീതി കൂട്ടിയുള്ള റോഡ് വികസനം നീണ്ടതോടെയാണ് ഒന്നര വര്‍ഷത്തിനുശേഷം ആക്ഷന്‍ കൗണ്‍സില്‍ യോഗം മണലൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം കൂടിയത്. 17 മീറ്റര്‍ വീതിയില്‍ റോഡ് വികസിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനിടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഒളരിയില്‍ ഉദ്ഘാടന മാമാങ്കം നടത്തിയിരുന്നു. വീതി കൂട്ടാതെ തൃശൂര്‍ മുതല്‍ എറവ് വരെ ടാറിങ് നടത്തുമെന്ന് പറഞ്ഞാണ് ഉദ്ഘാടനം നടത്തിയത്. എന്നാല്‍, 22 കോടിയുടെ പദ്ധതിയില്‍ ഒരു പ്രവൃത്തിയും നടന്നില്ല. ഇതോടെയാണ് ആക്ഷന്‍ കൗണ്‍സില്‍ യോഗം നടത്തിയത്. യോഗത്തില്‍ കഴിഞ്ഞ സര്‍ക്കാറിനെതിരെ സി.എന്‍. ജയദേവന്‍ എം.പി രൂക്ഷമായി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് അഭാസമാണ് കഴിഞ്ഞ സര്‍ക്കാര്‍ ഒളരിയില്‍ നടത്തിയതെന്ന് എം.പി ആരോപിച്ചു. ഉദ്ഘാടനത്തിനുശേഷം ഒരു പ്രവൃത്തിയും നടന്നില്ലന്ന് എം.പി പറഞ്ഞു. അതേസമയം ഉദ്യോഗസ്ഥരെ പഴിചാരിയും കഴിഞ്ഞ സര്‍ക്കാറിനെ വിമര്‍ശിച്ചും മുരളി പെരുനെല്ലി എം.എല്‍.എയും ആഞ്ഞടിച്ചു. ഫണ്ട് തട്ടാനുള്ള നീക്കമാണ് ലീഗ് എം.എല്‍.എയുടെ കരാറുകാരനും നടത്തിയതെന്നും ടെണ്ടര്‍ റദ്ദാക്കണമെന്നും എം.എല്‍.എ ആരോപിച്ചു. 362 കോടി ഭൂമിക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് എസ്റ്റിമേറ്റ് തയാറാക്കിയതന്നും സെന്‍റിന് 10 ലഷം ശരാശരി നല്‍കണമെന്നും എന്നാല്‍ റോഡ്വികസനം അട്ടിമറിക്കാന്‍ ശ്രമമുണ്ടെന്നും എം.എല്‍.എ പറഞ്ഞു. അതേസമയം മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ റോഡ് ഉദ്ഘാടനം ഡി.സി.സി വൈസ് പ്രസിഡന്‍റ് ജോസ് വള്ളൂര്‍ രാഷ്ട്രീയം മറന്നാണ് വിമര്‍ശിച്ചത്. 17 മീറ്റര്‍ വീതിയിലാണ് റോഡ് വികസനം നടത്തേണ്ടതെങ്കിലും ഭൂമി നഷ്ടപ്പെടില്ളെന്നുപറഞ്ഞ് ഉദ്ഘാടനം നടത്തുകയാണ് കഴിഞ്ഞ സര്‍ക്കാര്‍ ചെയ്തതെന്ന് ജോസ് പറഞ്ഞു. അന്ന് തന്‍െറ എതിര്‍പ്പ് മന്ത്രിമാരെയും നേതാക്കളെയും അറിയിച്ചിരുന്നു. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ല. റോഡിന്‍െറ പേരില്‍ വെട്ടിപ്പ് നടത്താനാണ് ചിലര്‍ ശ്രമിച്ചത്. യു.ഡി.എഫ് മൗനം പാലിക്കുകയായിരുന്നു. തിരിമറിക്കായി കരാറുകാരനും ശ്രമിച്ചത്. പലപ്പോഴും എല്‍.ഡി.എഫ് വരുമ്പോഴാണ് റോഡിന്‍െറ കാര്യത്തില്‍ ഇടപെടലും പ്രതീക്ഷയും ഉണ്ടാകുന്നതെന്നും ജോസ് വള്ളൂര്‍ പറഞ്ഞു. എന്നാല്‍ ഉദ്യോഗസ്ഥരെയാണ് മണലൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റും സി.പി.എമ്മുമായ വി.എന്‍. സുര്‍ജിത്ത് വിമര്‍ശിച്ചത്. തട്ടിപ്പ് നടത്താനാണ് നീക്കമെന്നും സുര്‍ജിത്ത് പറഞ്ഞു. എന്നാല്‍, ഉദ്യോഗസ്ഥരെ പഴിചാരിയതുകൊണ്ട് കാര്യമില്ളെന്നും എല്‍.ഡി.എഫ് മന്ത്രിമാരും ജനപ്രതിനിധികളുമാണ് വികസന കാര്യങ്ങള്‍ കര്‍ശനമായി നടപ്പിലാക്കേണ്ടതെന്നും സി.പി.എം നേതാവും മണലൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമായ കെ.വി. വിനോദന്‍ പറഞ്ഞു. കാര്യങ്ങള്‍ ഉദ്യോഗസ്ഥരെ കൊണ്ട് ചെയ്യിപ്പിക്കേണ്ട കടമ എല്‍.ഡി.എഫ് ജനപ്രതിനിധികള്‍ക്കുണ്ടെന്നും കെ.പി. രാജേന്ദ്രന്‍ മന്ത്രിയായിരുന്നപ്പോള്‍ ഫസ്ട്രാക്ക് അടിസ്ഥാനത്തില്‍ റോഡ് വികസിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും ഏഴു വര്‍ഷം കഴിഞ്ഞിട്ടും വികസനം നടന്നില്ളെന്നും വിനോദന്‍ പറഞ്ഞു. റോഡ് വികസനവുമായി ബന്ധപ്പെട്ട് മന്ത്രി വി.എസ്. സുനില്‍ കുമാറിന്‍െറ വീട്ടില്‍ പോയി സംസാരിച്ചപ്പോള്‍ ക്ഷുഭിതനായ മന്ത്രി തന്നെ വീട്ടില്‍നിന്ന് ഇറക്കിവിട്ടതായി ഡെക്കോറ വര്‍ഗീസ് പറഞ്ഞു. റോഡ് വികസനം അട്ടിമറിക്കാന്‍ ശ്രമമുണ്ടെന്നും വര്‍ഗീസ് പറഞ്ഞു. 16ന് കലക്ടറേറ്റില്‍ നടക്കുന്ന യോഗത്തില്‍ റോഡ് വികസനത്തിന് അനുകൂല നിലപാട് ഉണ്ടായില്ളെങ്കില്‍ അടിയന്തര യോഗം ചേര്‍ന്ന് സമരപരിപാടികള്‍ക്ക് രൂപം നല്‍കാനും യോഗം തീരുമാനിച്ചു. ജനപ്രതിനിധികളുടെ അഭിപ്രായത്തോടെയാണ് സമരം ആവിഷ്കരിക്കാന്‍ തീരുമാനിച്ചത്. യോഗത്തില്‍ കോണ്‍ഗ്രസ് നേതാവ് വി.ജി. അശോകന്‍ സി.പി.എം നേതാവ് സതീന്ദ്രന്‍, ബി.ജി.പി നേതാവ് പി.കെ. ലാല്‍ എന്നിവയും സംസാരിച്ചു. മണലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് സീത ഗണേഷന്‍, അരിമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് സുജാത മോഹന്‍ദാസ്, ജില്ല പഞ്ചായത്ത് അംഗം സിജി മോഹന്‍ദാസ്, ഗിരിജവല്ലഭവന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.