ഗുരുവായൂര്‍: ലോറിയും മണ്ണുമാന്തിയന്ത്രവും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ബസ് കാത്തുനിന്ന സ്ത്രീ മരിച്ചു. ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ചൂല്‍പ്പുറം കമ്പനിപ്പടി സ്റ്റോപ്പില്‍ തിങ്കളാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു അപകടം. പുത്തമ്പല്ലി പാലഞ്ചേരി റോഡില്‍ പരേതനായ തേര്‍ളി രഘുവിന്റെ ഭാര്യ ഗിരിജ (56) ആണ് മരിച്ചത്. പുത്തമ്പല്ലി വാഴപ്പിള്ളി ശരത്തിനാണ് (35) പരിക്കേറ്റത്.
മുതുവട്ടൂര്‍ കാജാ ചായ കമ്പനിയിലെ പാക്കിങ് തൊഴിലാളിയായ ഗിരിജ ജോലിക്കു പോകാൻ ബസ് കാത്തുനില്‍ക്കുകയായിരുന്നു. ഈ സമയം കമ്പനിപ്പടി റോഡില്‍നിന്ന് ചാവക്കാട്-കുന്നംകുളം പ്രധാന പാതയിലേക്കു കയറിയ മണ്ണുമാന്തിയന്ത്രവും കുന്നംകുളം ഭാഗത്തേക്കു പോയിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മണ്ണുമാന്തിയന്ത്രത്തിന്റെ കൈയുടെ ഭാഗം ഗിരിജയുടെ ദേഹത്തേക്ക് വന്നു. സമീപത്തെ മതിലിനും മണ്ണുമാന്തിയന്ത്രത്തിന്റെ കൈക്കും ഇടയില്‍ കുടുങ്ങിയ അവസ്ഥയിലായിരുന്നു ഗിരിജ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഗിരിജക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരി വിജയലക്ഷ്മി കാനയിലേക്ക് ചാടി രക്ഷപ്പെട്ടു. ഇതുവഴി ബൈക്കില്‍ വന്ന കുന്നംകുളത്തെ ചുമട്ടു തൊഴിലാളിയായ പുത്തമ്പല്ലി വാഴപ്പുള്ളി ശരത്തും മണ്ണുമാന്തിയന്ത്രത്തിന്റെ കൈയില്‍ തട്ടി വീണു. ശരത്തിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ലോറിയുടെ ഇന്ധന ടാങ്ക് പൊട്ടി ഡീസല്‍ റോഡില്‍ പരന്നൊഴുകി. ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാസേനയെത്തി റോഡ് വൃത്തിയാക്കി.
ഗിരിജയുടെ മക്കള്‍: രാഖി, രമ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.