ദേശീയപാത വികസനം; വലപ്പാട്ടെ യോഗം വെറും ചടങ്ങായി

തൃപ്രയാര്‍: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് എം.എല്‍.എ വിളിച്ച യോഗം ഉദ്യോഗസ്ഥ സാന്നിധ്യമില്ലാതെ വെറും ചടങ്ങായി. നാട്ടിക, വലപ്പാട്, തളിക്കുളം ഗ്രാമപഞ്ചായത്തുകളുടെ ജനപ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. ഈ പഞ്ചായത്തുകളില്‍ ദേശീയപാത വികസനത്തോടനുബന്ധിച്ച ബൈപാസ് നിര്‍മാണമായിരുന്നു വിഷയം. ഇവ എവിടെ തുടങ്ങി എവിടെ അവസാനിക്കുന്നുവെന്നോ എത്ര ഭൂമിയും വീടും കെട്ടിടങ്ങളും ബാധിക്കുമെന്നോ വ്യക്തതയില്ലാതെയാണ് യോഗം നടന്നത്. ഇതുസംബന്ധിച്ച ചില നിര്‍ദേശങ്ങള്‍ കലക്ടര്‍ അയച്ചുകൊടുത്തിരുന്നു. അതേസമയം, കഴിഞ്ഞ ആഴ്ച കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തിലും ഇതേ രൂപരേഖ അവതരിപ്പിച്ചിരുന്നു. അതില്‍ പങ്കെടുത്തവര്‍ക്കും കാര്യം മനസ്സിലായിരുന്നില്ല. അത് കഴിഞ്ഞ് ഒരാഴ്ചയാകുമ്പോഴേക്കും അത് പഞ്ചായത്തുകളിലേക്കും എം.എല്‍.എക്കും അയച്ചുകൊടുത്ത് യോഗം ചേരാന്‍ ആവശ്യപ്പെട്ടത്. അയച്ചു കൊടുത്ത നിര്‍ദേശങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ച് അറിയിക്കാനാണ് ആവശ്യപ്പെട്ടത്. എല്ലാവരും വലപ്പാട്ടെ യോഗത്തിനത്തെിയെങ്കിലും ദേശീയപാത വിഭാഗത്തിലെ രണ്ട് വനിതാ എന്‍ജിനീയര്‍മാരാണ് മറുപടിയായത്തെിയത്. അവരാകട്ടെ, പാത വികസനവുമായി ബന്ധപ്പെടാത്ത ചാവക്കാട്, കൊടുങ്ങല്ലൂര്‍ സെക്ഷനുകളിലെ ഉദ്യോഗസ്ഥരാണ്. കളമശേരിയിലെ ദേശീയപാത വികസന ഓഫിസിലുള്ളവരാണ് യോഗത്തില്‍ പങ്കെടുക്കേണ്ടത്. ജനപ്രതിനിധികളെ അവഹേളിക്കുന്ന യോഗമാണിതെന്ന് തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. രജനി ആരോപിച്ചു. വികസനവുമായി ബന്ധപ്പെട്ട് കൊല്ലങ്ങളായി നിരവധി പേര്‍ ആശങ്കയിലാണ്. ദേശീയപാത വീതി കൂട്ടുന്നവര്‍ അവരുടെ നിര്‍ദേശം ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പിക്കുകയാണ്- രജനി കുറ്റപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങളറിയാതെ ഇരുട്ടില്‍ തപ്പുകയാണ് തങ്ങളെന്ന് വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇ.കെ. തോമസ് പറഞ്ഞു. നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. വിനു, വലപ്പാട് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം. അബ്ദുല്‍ മജീദ്, കൊടുങ്ങല്ലൂര്‍ എന്‍.എച്ച്. ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വി.കെ. ശ്രീമാല എന്നിവര്‍ സംസാരിച്ചു. 15ന് രാവിലെ 10ന് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വീണ്ടും യോഗം ചേരാമെന്ന് അറിയിച്ച് ഗീത ഗോപി എം.എല്‍.എ യോഗം പിരിച്ചുവിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.