തൃശൂർ: ഭരിക്കാൻ കേവല ഭൂരിപക്ഷം പോലുമില്ലാത്ത അവസ്ഥയിലും തൃശൂർ കോർപറേഷനിൽ സി.പി.എമ്മിൽ പരസ്യ പോര്. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി. ശ്രീനിവാസനും ഡെപ്യൂട്ടി മേയറും സി.പി.എം ജില്ല കമ്മിറ്റി അംഗവുമായ വർഗീസ് കണ്ടംകുളത്തിയും തമ്മിലുള്ള ശീതസമരമാണ് പോരിന് വഴിെവച്ചത്. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റിയുടെ അധികാരങ്ങളിൽ പലതും ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ വരുന്ന വിധത്തിൽ ധനകാര്യ വിഭാഗത്തിന് കൈമാറി മേയർ ഉത്തരവ് ഇറക്കിയതോടെയാണ് പോര് പുറത്തായത്. ഏറെ നാളായി പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള ഫയലുകളിൽ ഡെപ്യൂട്ടി മേയർ നിർദേശവും ഉത്തരവും പുറപ്പെടുവിക്കുകയും നടപടികളെടുക്കുകയും ചെയ്യുന്നതിൽ ശ്രീനിവാസൻ കടുത്ത അതൃപ്തിയിലായിരുന്നു. റിലയൻസ് ഇടപാടിൽ ഡെപ്യൂട്ടി മേയറുടെ നിലപാടിന് എതിരായിരുന്നു ശ്രീനിവാസെൻറ നിലപാട്. കരാർ കാലാവധി അവസാനിച്ചിട്ടും റിലയൻസ് കേബിളിടാൻ റോഡ് വെട്ടിപ്പൊളിച്ചതിനെതിരെ പ്രതിപക്ഷത്തിനൊപ്പം ചേർന്ന് ഭരണസമിതിക്കെതിരെ സമരത്തിന് ശ്രീനിവാസൻ നേതൃത്വം കൊടുത്തത് ഡെപ്യൂട്ടി മേയർ അടക്കമുള്ളവരിൽ എതിർപ്പിന് ഇടയാക്കിയിരുന്നു. തന്നെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് സോളാർ പ്ലാൻറ് ഉദ്ഘാടനം അടക്കമുള്ള പരിപാടികളിൽനിന്ന് വിട്ടുനിന്നും കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതെയും അദ്ദേഹം പ്രതിഷേധിച്ചു. വിവാദമായ കടമുറി കൈമാറ്റം പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റിയുടെ നിയന്ത്രണത്തിൽ വരുന്നതായിട്ടും കഴിഞ്ഞ കൗൺസിൽ യോഗത്തിൽ അതിൽ തീരുമാനം എടുക്കുന്ന കാര്യം ശ്രീനിവാസനെ അറിയിച്ചിരുന്നില്ല. ഡെപ്യൂട്ടി മേയറും ശ്രീനിവാസനും തമ്മിലുള്ള ശീതസമരത്തെ പ്രതിപക്ഷവും കൗൺസിലിൽ ആയുധമാക്കി ഉപയോഗിക്കാറുണ്ടെങ്കിലും പ്രതിപക്ഷത്തെ ചേരിപ്പോരിൽ ഇത് മുങ്ങിപ്പോകാറാണ് പതിവ്. ഇത്തരം അവഗണനെക്കാപ്പമാണ് പൊതുമരാമത്ത്സ്റ്റാൻഡിങ് കമ്മിറ്റിയുടെ അധികാരം വെട്ടിക്കുറച്ചത്. പൊതുമരാമത്ത് കമ്മിറ്റി കൈകാര്യം ചെയ്തിരുന്ന പർച്ചേസ് ഫയലുകളാണ്, ധനകാര്യ കമ്മിറ്റിക്ക് കൈമാറിയത്. മരാമത്ത് കമ്മിറ്റി ഉത്തരവാദിത്തം നിർവഹിക്കാത്ത സാഹചര്യത്തിലാണ് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടതെന്ന നിലയിൽ ധനകാര്യകമ്മിറ്റിക്ക് ചുമതല നൽകിയതെന്നാണ് ഡെപ്യൂട്ടി മേയറുടെ വിശദീകരണം. എന്നാൽ ഇത് ചട്ടലംഘനമാണ്. മുനിസിപ്പൽ ചട്ടങ്ങളിൽ കമ്മിറ്റികളുടെ അധികാരങ്ങൾ വ്യക്തമാക്കിയിട്ടുള്ളതിനാൽ അവ മാറ്റാൻ കൗൺസിലിന് അധികാരമില്ലെന്ന് പ്രതിപക്ഷം പറയുന്നു. സാമ്പത്തിക ബാധ്യത ഉള്ള വിഷയങ്ങൾ എന്ന പേരിലാണ് പർച്ചേസ് ഫയലുകൾ ധനകാര്യ കമ്മിറ്റിക്ക് കൈമാറുന്നതെങ്കിൽ മറ്റ് കമ്മിറ്റികളുടെ നിയന്ത്രണത്തിലുള്ള ഫയലുകളും ധനകാര്യ സമിതിക്ക് കൈമാറേണ്ടിവരുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. കാരണം, എല്ലാ തീരുമാനങ്ങളിലും സാമ്പത്തിക ബാധ്യത വരും. അപ്പോൾ ഈ കമ്മിറ്റികളും പിരിച്ചുവിടേണ്ടി വരുമെന്നും ഇവർ പറയുന്നു. കോർപറേഷൻ രൂപവത്കരിച്ച കാലം മുതൽ അഡ്വ. ശ്രീനിവാസൻ കൗൺസിലറാണ്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്തെ കൗൺസിലിൽ ആറ് അംഗങ്ങൾ മാത്രമുണ്ടായിരുന്ന ഇടത് മുന്നണിയുെട കൗൺസിലിലെ ശബ്ദമായിരുന്നു ശ്രീനിവാസൻ. നിലപാടുകളിൽ ഇദ്ദേഹം സ്വീകരിച്ച വിട്ടുവീഴ്ചയില്ലായ്മയും അഴിമതിരഹിത നിലപാടുകളും മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന യു.ഡി.എഫ് ഭരണസമിതിയെ ഏറെ വലച്ചിരുന്നു. ഇത്തവണ ഡിവിഷൻ മാറിയാണ് മത്സരിച്ചപ്പോൾ പരാജയപ്പെടുമെന്ന് കരുതിയയിടത്താണ് ശ്രീനിവാസൻ വിജയിച്ചത്. തനിക്കെതിരെയുള്ള നീക്കത്തിൽ ശ്രീനിവാസൻ സി.പി.എം നേതൃത്വത്തെ അതൃപ്തി അറിയിച്ചതായാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.