തൃശൂര്‍: അശ്വിനി ആശുപത്രി ഭരണസമിതി പുറത്താക്കിയ നഴ്‌സുമാരെ ഉടന്‍ തിരിച്ചെടുക്കണമെന്നും 20 ദിവസമായി തുടരുന്ന സമരം ഒത്തു തീര്‍ക്കണമെന്നും അശ്വിനി ഹെല്‍ത്ത് കെയര്‍ ഡയറക്ടർമാരായ ഡോ.എ.സി. വേലായുധന്‍, ഡോ.വി.ജെ. സുരേഷ് എന്നിവര്‍ ആവശ്യപ്പെട്ടു. ആശുപത്രിക്കും അനുബന്ധസ്ഥാപനങ്ങള്‍ക്കും സ്ഥിരംഭരണ സംവിധാനം കൊണ്ടുവരുന്നതിന് ഓഹരി ഉടമകളുടെ യോഗം വിളിച്ച് നിയമനടപടിക്ക് ഒരുങ്ങുമെന്നും ഇരുവരും പ്രസ്താവനയില്‍ വ്യക്തമാക്കി. ആശുപത്രിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒരു തൊഴിലാളി സമരം. കോടതി നടപടി പൂര്‍ത്തിയാക്കുന്നതുവരെ ഇപ്പോഴുള്ള താൽകാലിക ഭരണസമിതിയുടെ കീഴിലാണ് പ്രവര്‍ത്തനം. അഡ്മിനിസ്ട്രറ്റിവ് ഭരണത്തിനായി കോടതിയില്‍ വാദം അന്തിമഘട്ടത്തിലാണ്. 250 കോടി വിലയുള്ള ആശുപത്രിയും അനുബന്ധ സ്ഥാപനങ്ങളും കൈക്കലാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോഴത്തെ ഭരണസമിതി അംഗങ്ങള്‍ നടത്തുന്നതെന്ന് ഹെല്‍ത്ത് കെയര്‍ ഡയറക്ടര്‍മാര്‍ ആരോപിച്ചു. രണ്ട് നഴ്‌സുമാരെ തിരിച്ചെടുത്താല്‍ തീരാവുന്ന നിസ്സാര പ്രശ്‌നമാണവിടെ. എന്നാല്‍, താൽകാലിക ഭരണസമിതിയുടെ പിടിവാശി മൂലം ദിവസം 15 ലക്ഷം രൂപയോളം നഷ്ടമാണുണ്ടാകുന്നത്. റീജനല്‍ ലേബര്‍ ഓഫിസര്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാതിരിക്കുക, അത്യാസന്ന നിലയില്‍ വന്ന രോഗിക്ക് സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാരിയുടെ ബന്ധു എന്ന് പറഞ്ഞ് ചികിത്സ നിഷേധിക്കുക, നഴ്‌സ് ഹോസ്റ്റല്‍ അടച്ചു പൂട്ടുക, പിന്നീട് കോടതി വിധിയെ തുടര്‍ന്ന് തുറന്ന് നല്‍ക്കുക, ജീവനക്കാരെ പിരിച്ചു വിടുക, സമരത്തില്‍ പങ്കെടുത്ത എല്ലാവരെയും സസ്‌പെൻഡ് ചെയ്യുക തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയാണെന്നും ഇരുവരും ആരോപിച്ചു. എട്ട് ക്രിമിനല്‍ കേസുകള്‍ പ്രതി ചേര്‍ക്കപ്പെട്ട് അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന വ്യക്തികളാണ് താൽകാലിക ഭരണ സമിതിയിലെ പ്രമുഖര്‍. ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച് ഈ കേസുകള്‍ ഒതുക്കി തീര്‍ക്കാനും ഇവര്‍ ശ്രമിക്കുന്നുണ്ടെന്ന് ഡോ.വേലായുധനും ഡോ.സുരേഷും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.