രാമായണത്തെ ആക്രമണത്തിനുള്ള പ്രത്യയശാസ്ത്രമാക്കുന്നു -സുനിൽ പി. ഇളയിടം തൃശൂർ: ഇന്ത്യ ഉയർത്തിപ്പിടിച്ച കരുണയെന്ന അതിപ്രധാനമായ ജീവിതമൂല്യത്തെ സൗന്ദര്യാത്മകമായി സംഗ്രഹിച്ച മഹാകാവ്യമാണ് രാമായണമെന്ന് ഡോ. സുനിൽ പി. ഇളയിടം. സാഹിത്യ അക്കാദമി സംഘടിപ്പിച്ച രാമായണ പ്രഭാഷണ പരമ്പരയുടെ സമാപന ദിനത്തിൽ 'രാമായണത്തിെൻറ ബഹുസ്വര ജീവിതം' വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വില്ലുകുലച്ചുനിൽക്കുന്ന പരാക്രമശാലിയായ രാമ ബിംബത്തെയല്ല രാമായണം അവതരിപ്പിക്കുന്നത്. തെരുവുകൾ തോറും ഉയർത്തിയ ആക്രമാസക്തനായ രാമെൻറ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് ഹിംസയുടെ സന്ദേശമാണ്. കിളിയുടെ കരച്ചിലിൽനിന്നാണ് ആദികാവ്യത്തിെൻറ പിറവി. കാട്ടാളനെ കവിയാക്കി മാറ്റിയ രാമായണത്തെ ഇന്ന് ആക്രമണത്തിനുള്ള പ്രത്യയ ശാസ്ത്രമാക്കി ഹൈന്ദവ പുനരുദ്ധാരണവാദികൾ മാറ്റിയെടുക്കുകയാണ്. ബുദ്ധനിൽനിന്ന് തുടങ്ങി അശോകനിലൂടെ പടർന്ന് ഭക്തകവികളിലൂടെ ജനകീയമായതാണ് രാമായണത്തിലെ കാരുണ്യമെന്ന മൂല്യം. ആധുനിക കാലത്ത് ഗാന്ധിയും ശ്രീനാരായണഗുരുവും പിന്തുടരാൻ ശ്രമിച്ചത് ഈ മഹത്തായ തത്ത്വങ്ങളെയാണ്. അവസാനമില്ലാത്ത സത്യബോധത്തിെൻറ പ്രതീകമാണ് ഗാന്ധിക്ക് മര്യാദാപുരുഷനായ രാമൻ. നാരായണ ഗുരുവിന് അനുകമ്പയുടെ അദ്വൈതരൂപമാണ് രാമൻ. ഹിംസയോട് അരുതേ എന്ന് വിലക്കുന്ന കാരുണ്യത്തിെൻറ കവിതയാണ് രാമായണമെന്നും സുനിൽ പി. ഇളയിടം പറഞ്ഞു. ഭക്തിപ്രസ്ഥാനത്തിെൻറ പ്രഭാവകാലത്ത് രാമായണം ജാതിമത ഗോത്രങ്ങൾക്കതീതമായി മനുഷ്യത്വം ഉയർത്തിപ്പിടിച്ചുവെന്ന് അധ്യക്ഷത വഹിച്ച അക്കാദമി നിർവാഹകസമിതി അംഗം ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. ആദ്യത്തെ സാമൂഹിക നവോത്ഥാന ശിൽപികൾ രാമായണ കവികളാണ്. പൗരോഹിത്യം ഭക്തി കുത്തകയാക്കിവെച്ച കാലത്ത് അതിനെ ജനകീയമാക്കുകയായിരുന്നു രാമായണ കർത്താക്കൾ ചെയ്തത്. ഇന്ന് എല്ലാ അർഥസാധ്യതകളെയും നിരാകരിച്ച് വർഗീയവാദികൾ രാമായണത്തെ ഏകമുഖമാക്കി ചുരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ സമാപന പ്രഭാഷണം നടത്തി. അക്കാദമി അംഗം ടി.ഡി. രാമകൃഷ്ണൻ സ്വാഗതവും പുഷ്പജൻ കനാരത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.