തൃശൂർ: കടുത്തവരൾച്ച മുന്നിൽകണ്ട് സംസ്ഥാനത്തൊട്ടാകെ സ്ഥാപിക്കാൻ പദ്ധതിയിട്ട കുടിവെള്ള കിയോസ്ക് പദ്ധതി ജില്ലയിൽ പാളി. 1500 എണ്ണത്തിന് അപേക്ഷ ലഭിച്ചെങ്കിലും സ്ഥാപിക്കാനായത് 18എണ്ണം. കുടിവെള്ള ക്ഷാമം രൂക്ഷമായ മിക്ക പഞ്ചായത്തുകൾക്കുപോലും പദ്ധതിയുടെ ഗുണം ലഭിച്ചില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സഹകരണമാണ് പദ്ധതി വൈകാൻ കാരണമെന്നാണ് ആക്ഷേപം. കിയോസ്ക്കുകൾ സ്ഥാപിക്കേണ്ട തറയുടെയും അനുബന്ധ ജോലികളും പൂർത്തിയാക്കേണ്ടത് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിതൊഴിലാളികളെയും നഗരസഭയിൽ ജില്ല നിർമിതി കേന്ദ്രത്തിനുമാണ് ബേസ്മെൻറ് ജോലികൾ ഏൽപിച്ചിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിക്കാർക്ക് ഇതിലൂടെ രണ്ടരക്കോടിയോളം ഫണ്ട് പ്രയോജനപ്പെടുത്താമെന്നായിരുന്നു തീരുമാനം. മറ്റ് ജില്ലകളിലൊന്നും ഇൗ പദ്ധതിയുമായി തൊഴിലുറപ്പ് പദ്ധതിയെ ഉപയോഗിച്ചിരുന്നില്ല. എന്നാൽ ഫണ്ടിെൻറ പരിമിതിമൂലം മിക്ക പഞ്ചായത്തുകളിലും ബേസ്മെൻറ് ജോലികൾ ആരംഭിച്ചിട്ടുപോലുമില്ല. മാർച്ചിൽ പൂർത്തിയാക്കേണ്ട ജോലികളാണ് വൈകുന്നത്. ആദിവാസി കോളനികളിലുൾപ്പെടെ ക്ഷാമം രൂക്ഷമാകുമ്പോഴാണ് വരൾച്ച നേരിടാൻ സർക്കാർ പ്രഖ്യാപിച്ച പ്രധാനപദ്ധതികളിലൊന്ന് ആർക്കും ഗുണമില്ലാതെ പോകുന്നത്. സർക്കാറിൽനിന്ന് ജില്ലക്കായി 397 കിയോസ്കുകളാണ് ആദ്യഘട്ടത്തിൽ അനുവദിച്ചത്. 48 പട്ടികജാതി കോളനികളിലായി 61 എണ്ണം സ്ഥാപിക്കാനായിരുന്നു പദ്ധതി. കുടിവെള്ള ക്ഷാമം രൂക്ഷമായ പട്ടികജാതി കോളനികളിൽനിന്ന് കുടുംബങ്ങൾ മാറിതാമസിക്കേണ്ട സാഹചര്യമാണ് ജില്ലയിൽ. തീരദേശപഞ്ചായത്തുകളിൽ നിന്നാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചിരിക്കുന്നത്. 5000 ലിറ്റർ ശേഷിയുള്ള ടാങ്കുകളാണ് വാർഡുകളിൽ സ്ഥാപിക്കുന്നത്. ഇതിെൻറ ചുമതല ജില്ല കലക്ടർക്കാണ്. വെള്ളം നിറക്കാനും മറ്റുമുള്ള ചുമതല തഹസിൽദാർക്കാണ്. ഏറ്റവും അടുത്ത ജലസ്രോതസ്സുകളിൽനിന്നാണ് ഇവ നിറക്കാൻ വെള്ളം എടുക്കേണ്ടത്. വെള്ളം എത്തിക്കാനുള്ള ടാങ്കറുകൾക്കായി ടെൻഡർ നടപടികൾ പൂർത്തിയാക്കി. ജി.പി.എസ് സംവിധാനമുള്ള ലോറികൾ ഉപയോഗിക്കുന്നതിനാൽ അഴിമതിക്കുള്ള സാധ്യതയും വിരളമാണ്. വെള്ളം എത്തിക്കാൻ പ്രയാസമുള്ള പ്രദേശങ്ങളിൽ ചുരുങ്ങിയ ചെലവിൽ നടപ്പാക്കാവുന്ന സുതാര്യമായ പദ്ധതികളോടാണ് പഞ്ചായത്തുകൾ മുഖം തിരിക്കുന്നത്. തൃശൂർ കോർപറേഷൻ ഉൾപ്പെടെ കുടിവെള്ള കിയോസ്ക്കുകൾ സ്ഥാപിക്കുന്നത് പ്രാവർത്തികമല്ലെന്ന നിലപാടിലാണ്. തദ്ദേശ സ്ഥാപനങ്ങൾക്ക് അവരുടെ ഓൺഫണ്ട് വഴിയും കുടിവെള്ള കിയോസ്ക്കുകൾ സ്ഥാപിക്കാമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. വേനൽ ഒരുമാസം കൂടി ശേഷിക്കെ എത്ര പഞ്ചായത്തുകൾ ഇനി ഈ പദ്ധതി പ്രാവർത്തികമാക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. മിക്കയിടത്തും കുടിവെള്ളം ടാങ്കുകൾ വഴി എത്തിച്ച് ലക്ഷക്കണക്കിന് രൂപയുടെ ഫണ്ടാണ് പാഴാക്കുന്നത്. ദുരന്തനിവാരണ അതോറിറ്റി ജില്ലയിലെ വരൾച്ച പരിശോധിക്കാനെത്തിയപ്പോൾ വരൾച്ചാ പ്രതിരോധ പ്രവർത്തനമെന്ന നിലയിൽ ജില്ല ഭരണകൂടം ചൂണ്ടിക്കാണിച്ച പദ്ധതികൂടിയാണ് ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.