പൂക്കളമിട്ടും സദ്യയുണ്ടും ഓണമാഘോഷിച്ച് ട്രെയിന്‍ യാത്രക്കാര്‍

തൃശൂര്‍: പൂക്കളമിട്ടും സദ്യയുണ്ടും അവര്‍ ഓണമാഘോഷിച്ചു. വര്‍ഷങ്ങളായി ഒരേ ട്രെയിനില്‍, ഒരേ കമ്പാര്‍ട്ട്മെന്‍റില്‍ രാവിലെയും വൈകീട്ടും യാത്രചെയ്യുന്നവരാണ് ഓണം ആഘോഷിച്ചത്. നിര്‍ധനരോഗികള്‍ക്കുള്ള സഹായത്തിനായി പാസഞ്ചേഴ്സ് ഫോറം കൂട്ടായ്മക്കും രൂപംനല്‍കി. ധന്‍ബാദ്-നിലമ്പൂര്‍ എക്സ്പ്രസിലെ സ്ഥിരം യാത്രക്കാരായ മുപ്പതോളം പേരാണ് തൃശൂരില്‍ ഒത്തുചേര്‍ന്നത്. കോര്‍പറേഷനിലെ ഉദ്യോഗസ്ഥനും കൂട്ടായ്മയിലെ മുതിര്‍ന്നയാളുമായ എ.കെ. ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു. ഓണം മതത്തിനതീതമായ കൂട്ടായ്മയാണെന്നും എല്ലാ മതങ്ങളുടെയും സന്ദേശങ്ങളും ഒന്നാണെന്ന് വ്യക്തമാക്കി ഭഗവത്ഗീതയിലെ വാക്യങ്ങളുദ്ധരിച്ച് മീര മോഹനും ബൈബ്ള്‍ വാക്യങ്ങളുമായി മാര്‍ട്ടീന അലക്സും ഖുര്‍ആന്‍ വചനങ്ങളുമായി അലിയും പരിപാടികളുടെ തുടക്കമിട്ടു. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. അംഗങ്ങളെല്ലാവരും ചേര്‍ന്ന് പൂക്കളമൊരുക്കി. തിരുവാതിരക്കളിയും കലാപരിപാടികളും മത്സരങ്ങളും നടന്നു. വിത്തിനങ്ങളായിരുന്നു സമ്മാനം. ധന്‍ബാദ്-നിലമ്പൂര്‍ പാസഞ്ചേഴ്സ് ഫോറം കൂട്ടായ്മ രൂപവത്കരിച്ചു. എ.കെ. ഗോപിനാഥന്‍ (പ്രസി.), എന്‍. കൃഷ്ണകുമാര്‍ (സെക്ര.), മുഹമ്മദ് അബ്ദുറഹ്മാന്‍ സാദിഖ് (ട്രഷ.), എം.എം. അലി, മീര മോഹന്‍ (വൈസ് പ്രസി.), അനീഷ് വാവച്ചന്‍, മാര്‍ട്ടീന അലക്സ് (ജോ. സെക്ര.), ഷെനില്‍ എന്നിവരാണ് ഭാരവാഹികള്‍. കൂട്ടായ്മ ശേഖരിച്ച തുക ജില്ലാ ആശുപത്രിയിലെ നിര്‍ധന രോഗികള്‍ക്കായി നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.