കുട്ടിക്കഥകള്‍ വായിക്കാം; ലൈബ്രറി ഒരുങ്ങി

തൃശൂര്‍: കുട്ടിക്കഥകള്‍ വേണ്ടുവോളം വായിക്കാം. കുട്ടികള്‍ക്കായി സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രഥമ ലൈബ്രറി തൃശൂരില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ പ്രവര്‍ത്തനം തുടങ്ങും. വെളിയന്നൂരിലെ കൗണ്‍സില്‍ കെട്ടിടത്തിലാണ് സംസ്ഥാന ചില്‍ഡ്രന്‍സ് ലൈബ്രറി. രണ്ടുവര്‍ഷത്തിനകം എല്ലാ പ്രസാധകരുടെയും പുസ്തകങ്ങള്‍ ലഭ്യമാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കെട്ടിടത്തില്‍ ഒരുനിലകൂടി പണിയും. ഇംഗ്ളീഷ്, മലയാള ബാലസാഹിത്യ കൃതികള്‍ ഉള്‍പ്പെടെ 10,000 പുസ്തകങ്ങള്‍ വര്‍ഷാവസാനം സജ്ജമാക്കും. 3,000 പുസ്തകങ്ങളാണ് നിലവിലുള്ളത്. അഞ്ചുലക്ഷമാണ് കൗണ്‍സില്‍ ഗ്രാന്‍റ് അനുവദിച്ചത്. ഇ-ബുക് വായനക്ക് ഇന്‍റര്‍നെറ്റ് ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ കമ്പ്യൂട്ടറുകളും ടാബുകളും മാര്‍ച്ചോടെ സജ്ജമാക്കും. ഒമ്പതുമുതല്‍ 12 വരെയും മൂന്നുമുതല്‍ ആറുവരെയുമാണ് പ്രവര്‍ത്തനസമയം. ഞായറാഴ്ചയും പ്രവര്‍ത്തിക്കും. 25 രൂപയാണ് വാര്‍ഷിക വരിസംഖ്യ. മാസവരിസംഖ്യ അഞ്ചുരൂപ. തദ്ദേശ സ്ഥാപനങ്ങള്‍ക്കും വായനശാലകള്‍ക്കും 1000 രൂപ ഒന്നിച്ച് അടച്ചാല്‍ ആജീവനാന്ത അംഗത്വമെടുക്കാം. ഒക്ടോബര്‍ ആദ്യം ഉപദേശകസമിതി രൂപവത്കരിച്ചശേഷം ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എന്‍. ഹരി പറഞ്ഞു. മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ലൈബ്രറി ഉദ്ഘാടനം ചെയ്തു. കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ് ചവറ കെ.എസ്. പിള്ള അധ്യക്ഷത വഹിച്ചു. കൗണ്‍സില്‍ ജില്ലാ പ്രസിഡന്‍റ് മുരളി പെരുനെല്ലി എം.എല്‍.എ അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു. കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി പി. അപ്പുക്കുട്ടന്‍, ജില്ലാ സെക്രട്ടറി കെ.എന്‍. ഹരി, എക്സിക്യൂട്ടീവ് അംഗം ടി.കെ. വാസു, ഭാരവാഹികളായ ഫാബി ഫാരി, രാജന്‍ എലവത്തൂര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.