കൗണ്‍സിലര്‍ക്ക് ഭീഷണി: കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ എം.എല്‍.എ ഹൈകോടതിയില്‍

കുന്നംകുളം: നഗരസഭ കൗണ്‍സിലറെ അര്‍ധരാത്രി വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ എം.എല്‍.എ ഹൈകോടതിയില്‍. കൗണ്‍സിലറും ആര്‍.എം.പി നേതാവുമായ കെ.എ. സോമന്‍ നല്‍കിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈകോടതിയില്‍ മുന്‍ എം.എല്‍.എ ബാബു എം. പാലിശേരി അന്യായം നല്‍കിയത്. ഈ ഹരജിയുടെ അടിസ്ഥാനത്തില്‍ ഹൈകോടതി കുന്നംകുളം പൊലീസിനോട് വിശദീകരണം ചോദിച്ചു. 2015 നവംബര്‍ 21ന് രാത്രി 11.39നാണ് കേസിനാസ്പദ സംഭവം. അശ്വിനി ആശുപത്രിയില്‍ വ്യജരേഖ ചമച്ച കേസില്‍ ഹൈകോടതി ജാമ്യം നിഷേധിച്ച പ്രതിയായ അസ്റ്റോറിയ സലിമുമായി അന്നത്തെ കുന്നംകുളം എം.എല്‍.എ ആയിരുന്ന ബാബു എം. പാലിശേരി നില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പ്രചരിക്കപ്പെട്ടിരുന്നു. ഈ ഫോട്ടോക്ക് കമന്‍റ് സോമന്‍ നല്‍കിയതിലുള്ള വ്യക്തി വിരോധമാണ് ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്താന്‍ കാരണമായതെന്ന് സോമന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയുടെ അടിസ്ഥാനത്തില്‍ ഹൈകോടതി വിശദീകരണം ആവശ്യപ്പെട്ടതില്‍ കുന്നംകുളം പൊലീസ് തള്ളിക്കളയാന്‍ പാടില്ലാത്തതാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കുന്നംകുളം ഫസ്റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഈ കേസ് കഴിഞ്ഞ മാസം പരിഗണിക്കപ്പെട്ടിരുന്നുവെങ്കിലും പ്രതിയായ ബാബു എം. പാലിശേരി ഹാജരാകുകയോ ജാമ്യമെടുക്കുകയോ ചെയ്തിരുന്നില്ല. ബാബു എം. പാലിശേരി ഹൈകോടതിയില്‍ നല്‍കിയ അന്യായത്തിനെതിരെ അഭിഭാഷകന്‍ രജിത്ത് മുഖേന കെ.എ. സോമന്‍ ഹരജി നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.