കയ്പമംഗലം മേഖലയില്‍: കഞ്ചാവ്, മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നു

കയ്പമംഗലം: വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും ലക്ഷ്യമിട്ട് മയക്കുമരുന്ന് മാഫിയ ശക്തമാകുന്നു. കഞ്ചാവ്, മദ്യം എന്നിവ പ്രദേശത്ത് സുലഭമാണ്. ശനിയാഴ്ച രാത്രി പഞ്ചായത്തോഫിസിന് സമീപം മയക്കുഗുളിക കഴിച്ച് യുവാവ് മരിക്കുകയും മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തതില്‍ നാട് ഞെട്ടലിലാണ്. പൂതങ്ങോട്ട് വേലുവിന്‍െറ മകന്‍ ബിപിന്‍ദാസ്(18) ആണ് മരിച്ചത്. മാനസിക അസ്വാസ്ഥ്യമുള്ളവര്‍ കഴിക്കുന്ന ഗുളികകള്‍ മദ്യത്തില്‍ ചേര്‍ത്ത് കഴിച്ചതാണ് യുവാക്കളുടെ അപകട കാരണം. വിദ്യാര്‍ഥിയാണ് ഇവര്‍ക്ക് ഈ ഗുളിക എത്തിച്ചു കൊടുത്തത്. പ്രദേശത്തെ ആളൊഴിഞ്ഞ വിശാലമായ പറമ്പിലെ കുറ്റിക്കാട്ടിലാണ് സാമൂഹികവിരുദ്ധര്‍ സംഘടിക്കുന്നത്. ലഹരി ഉല്‍പന്നങ്ങളുടെ ഉപയോഗ-വില്‍പന കേന്ദ്രമാണിത്. രാത്രിയായാല്‍ മൂന്നുപീടിക സെന്‍ററിലെ മാര്‍ക്കറ്റ് കെട്ടിടവും ലഹരി അടിമകളുടെ താവളമാവും. ഇവിടെ നിന്ന് നിരവധി സിറിഞ്ചുകള്‍ കണ്ടെടുത്തത് മയക്കുമരുന്ന് കുത്തിവെക്കുന്നതിനുപയോഗിച്ചതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഏതാനും ദിവസം മുമ്പ് മൂന്നുപീടികയിലെ ഒരു വ്യാപാരിയെ കടയില്‍ കയറി ആക്രമിച്ചത് ഈ മാഫിയയിലെ കണ്ണികളാണെന്നാണ് ആരോപണം. ജനുവരി അവസാനം കയ്പമംഗലം 12 ല്‍ വയോധികയെ കൊലപ്പെടുത്തിയ വിദ്യാര്‍ഥി മയക്കുമരുന്നിന് അടിമയായിരുന്നു. ഇതിനെതിരെ ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ടെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. സെപ്റ്റംബര്‍ ഏഴിന് ഇ.ടി.ടൈസന്‍ എം.എല്‍.എ ജനപ്രതിനിധികളെയും പൊലീസിനെയും വിളിച്ചുകൂട്ടി മൂന്നുപീടികയില്‍ നടത്തിയ യോഗത്തില്‍ കയ്പമംഗലത്തെയും മൂന്നുപീടികയിലെയും കക്കാത്തിരുത്തി പള്ളിവളവിലെയും അവസ്ഥ ജനപ്രതിനിധികള്‍ വിവരിച്ചിരുന്നു. എന്നിട്ടും നിയമപാലകര്‍ വിഷയം ഗൗരവമായി എടുത്തില്ളെന്ന് കയ്പമംഗലം പഞ്ചായത്ത് പ്രതിപക്ഷ നേതാവ് സുരേഷ് കൊച്ചുവീട്ടില്‍ അടക്കമുള്ളവര്‍ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.