തൃശൂര്‍: പൂക്കളമിട്ടും കോടിയുടുത്തും സദ്യയുണ്ടും ഓണക്കളികള്‍ ആസ്വദിച്ചും തിരുവോണമാഘോഷിച്ചു. തൃശൂരിന്‍െറ ഓണക്കാഴ്ചകള്‍ക്ക് മിഴിവുപകര്‍ന്ന് കുമ്മാട്ടിക്കൂട്ടങ്ങള്‍ തെരുവിലിറങ്ങി. നെല്ലങ്കരയിലെയും നെല്ലിക്കുന്നിലെയും കുമ്മാട്ടിക്കൂട്ടങ്ങളാണ് നാട്ടിലിറങ്ങിയത്. നെല്ലങ്കര ശ്രീദുര്‍ഗ കലാക്ഷേത്രം ഒരുക്കിയ കുമ്മാട്ടി മഹോത്സവം നെല്ലങ്കര ദേശത്തും മുക്കാട്ടുകരയിലും ആവേശം വിതറി. പൂജക്കുശേഷം ഗുരുതിപറമ്പില്‍നിന്ന് ആരംഭിച്ച് കുമ്മാട്ടി മഹോത്സവം നെല്ലങ്കര മുക്കാട്ടുകര, എസ്.എന്‍.എ വഴി എന്നിവിടങ്ങളില്‍ സഞ്ചരിച്ചു. കുമ്മാട്ടിക്കുപുറമെ കരകാട്ടവും നിശ്ചലദൃശ്യങ്ങളും പ്രച്ഛന്നവേഷങ്ങളുമെല്ലാം ഘോഷയാത്രക്ക് മാറ്റുകൂട്ടി. ശിങ്കാരിമേളത്തിന്‍െറയും നാസിക് ഡോള്‍, നാഗസ്വരം തുടങ്ങിയവയുടെയും അകമ്പടിയോടെയുമായിരുന്നു കുമ്മാട്ടിയിറക്കം. തുടര്‍ച്ചയായി 42ാം വര്‍ഷമാണ് നെല്ലങ്കര ശ്രീദുര്‍ഗ കലാക്ഷേത്രം കുമ്മാട്ടി മഹോത്സവം ഒരുക്കുന്നത്. നെല്ലിക്കുന്ന് കുറദേശം ജ്വാല കള്‍ചറല്‍ ക്ളബിന്‍െറ ആറാമത് കുമ്മാട്ടി മഹോത്സവം മുന്‍ മേയര്‍ ഐ.പി. പോള്‍ ഉദ്ഘാടനം ചെയ്തു. നെല്ലിക്കുന്ന് പടിക്കല്‍ കപ്പേള പരിസരത്തുനിന്നാണ് കുമ്മാട്ടിക്കൂട്ടമിറങ്ങിയത്. കിഴക്കുംപാട്ടുകരയിലെയും തെക്കുംമുറി, വടക്കുംമുറി ദേശങ്ങളിലെയും കുമ്മാട്ടികള്‍ അടുത്ത ദിവസങ്ങളില്‍ ഇറങ്ങും. ഇതാദ്യമായി പുലിപ്പൂരത്തിന്‍െറ ചമയപ്രദര്‍ശനത്തിന് തുടക്കമായി. ജില്ലാ ഭരണകൂടത്തിന്‍െറയും ജില്ലാ പഞ്ചായത്ത്, കോര്‍പറേഷന്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെയും സംയുക്താഭിമുഖ്യത്തിലുള്ള ഓണപ്പരിപാടികള്‍ തേക്കിന്‍കാട് മൈതാനിയില്‍ ആരംഭിച്ചു. ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിക്കുവേണ്ടി കണ്ടശ്ശാംകടവ് വള്ളംകളി വ്യാഴാഴ്ച നടന്നു. തൃപ്രയാര്‍ വള്ളംകളി ബുധനാഴ്ചയും. പതിനായിരങ്ങളാണ് ജലോത്സവങ്ങള്‍ ആസ്വദിക്കാനത്തെിയത്. റീജനല്‍ തിയറ്റര്‍, വാഴാനി, പീച്ചി, അതിരപ്പിള്ളി, തുമ്പൂര്‍മുഴി, സ്നേഹതീരം എന്നിവിടങ്ങളില്‍ ഓണാമാഘോഷിക്കാന്‍ കുടുംബങ്ങളത്തെി. നാട്ടിന്‍പുറത്തെ ക്ളബുകളും കൂട്ടായ്മകളുമെല്ലാം വിവിധ പരിപാടികളും മത്സരങ്ങളും ഒരുക്കിയിരുന്നു. സമൂഹമാധ്യമങ്ങളും ആഘോഷത്തില്‍ സജീവമായതായിരുന്നു ഈ ഓണം. തറവാട്ടില്‍ ഒത്തുകൂടാന്‍ കഴിയാതിരുന്ന കുടുംബങ്ങള്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഒരുമിച്ചു. ആശംസകള്‍ മാത്രമല്ല പൂക്കളമത്സരവും സദ്യയും വരെ വാട്സ്ആപ്പില്‍ ഒരുക്കി. വിവാദമായ വാമനജയന്തി ട്രോളുകാര്‍ ഏറ്റുപിടിച്ചു. സോഷ്യല്‍ മീഡിയയില്‍ ആശംസകള്‍ അര്‍പ്പിച്ചവര്‍ മാവേലി വിഭാഗമാണോ വാമനവിഭാഗമാണോ എന്ന് വ്യക്തമാക്കേണ്ടിവന്നു. ഓണാശംസകള്‍ക്കൊപ്പം മാവേലി വിഭാഗമാണെന്ന് പറഞ്ഞായിരുന്നു മിക്കവരും ആശംസകള്‍ നേര്‍ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.