നാല് പതിറ്റാണ്ട് പിന്നിട്ടു; നടുവിലാല്‍ ഷോപ്പിങ് കോംപ്ളക്സ് പൂര്‍ത്തിയായില്ല

തൃശൂര്‍: 41 വര്‍ഷം മുമ്പ് സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കിയ നടുവിലാല്‍ ഷോപ്പിങ് കോംപ്ളക്സിന്‍െറ രണ്ടാംഘട്ട നിര്‍മാണം തുടങ്ങിയില്ല. 2005ല്‍ കെട്ടിടത്തിന്‍െറ ആദ്യഘട്ട പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയെങ്കിലും 10 വര്‍ഷം പിന്നിട്ടിട്ടും രണ്ടാംഘട്ടത്തിലേക്ക് കടക്കാനായിട്ടില്ല. നാലുകോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് മുടങ്ങിക്കിടക്കുന്നത്. രണ്ടാംഘട്ടം പണി പൂര്‍ത്തിയാക്കാനുള്ള കരാര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ കൗണ്‍സിലര്‍ എം.കെ. മുകുന്ദന്‍െറ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവെച്ചു. യു.ഡി.എഫ് ഭരണകാലത്ത് അംഗീകരിച്ച ടെന്‍ഡറാണ് ഇപ്പോള്‍ പ്രതിപക്ഷത്തിരുന്ന് എതിര്‍ത്തത്. എസ്റ്റിമേറ്റ് നിരക്കില്‍ പണി നടത്താന്‍ കരാറുകാരന്‍ സന്നദ്ധത അറിയിച്ചിട്ടും ഏക ടെന്‍ഡര്‍ ആയതിനാല്‍ അംഗീകരിക്കാനാവില്ളെന്നാണ് യു.ഡി.എഫ് നിലപാട്. 2012ല്‍ യു.ഡി.എഫ് ഭരണത്തില്‍ ലഭിച്ച എസ്റ്റിമേറ്റ് നിരക്കിനേക്കാള്‍ 19.5 ശതമാനം അധികരിച്ച ടെന്‍ഡര്‍ കൗണ്‍സില്‍ ഐകകണ്ഠ്യേന പാസാക്കി അംഗീകാരത്തിന് അയച്ചിരുന്നു. എസ്റ്റിമേറ്റ് നിരക്കിനേക്കാള്‍ അധികം അംഗീകരിക്കാനാകില്ളെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ടെന്‍ഡര്‍ നിരസിച്ചു. നടുവിലാല്‍ ജങ്ഷനില്‍ കെട്ടിട നിര്‍മാണത്തിന് സാങ്കേതിക-പ്രായോഗിക പ്രശ്നങ്ങളുള്ളതിനാല്‍ 19.5 ശതമാനം അധികമല്ളെന്ന വാദവുമായി അന്നത്തെ മേയര്‍ രാജന്‍ ജെ. പല്ലന്‍ ടെന്‍ഡര്‍ അംഗീകാരത്തിന് സമ്മര്‍ദം ചെലുത്തിയെങ്കിലും സര്‍ക്കാര്‍ അനുവദിച്ചില്ല. 2015 ഏപ്രിലില്‍ വീണ്ടും ക്ഷണിച്ചപ്പോള്‍ രണ്ടുപേര്‍ ടെന്‍ഡര്‍ സമര്‍പ്പിച്ചു. അവര്‍ അയോഗ്യരാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നിരസിച്ചു. ഇത് മൂന്നാം തവണയാണ് ടെന്‍ഡര്‍ വിളിക്കുന്നത്. ഒരാളേ ടെന്‍ഡര്‍ സമര്‍പ്പിച്ചുള്ളൂ. എസ്റ്റിമേറ്റിനേക്കാള്‍ 15 ശതമാനം തുക കൂടുതല്‍ ആവശ്യപ്പെട്ടെങ്കിലും ടെന്‍ഡര്‍ നിരക്കില്‍തന്നെ ചെയ്യാന്‍ സന്നദ്ധത അറിയിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ അംഗീകാരമില്ലാതെതന്നെ നഗരസഭക്ക് കരാര്‍ നല്‍കി പണി നടത്താമായിരുന്നു. മൂന്നാം ടെന്‍ഡറിലെ ഏക ടെണ്ടര്‍ അംഗീകരിക്കുന്നതിലും നിയമതടസ്സമില്ല. യു.ഡി.എഫ് കൗണ്‍സില്‍ അംഗീകരിച്ച 19.5 ശതമാനം അധികരിച്ച ടെന്‍ഡര്‍ പ്രതിപക്ഷത്തായപ്പോള്‍ എതിര്‍ത്തതില്‍ കോണ്‍ഗ്രസില്‍തന്നെ അതൃപ്തിയുയര്‍ന്നിട്ടുണ്ട്. 1975ല്‍ ജങ്ഷന്‍ വികസനത്തിന് സ്ഥലമെടുത്തതാണെങ്കിലും പുനരധിവാസ വിഷയം കോടതി കയറിയതിനാല്‍ നിര്‍മാണം മുടങ്ങി. രണ്ടുഘട്ടമായി പണി നടത്താന്‍ 2004ല്‍ കേസ് ഒത്തുതീര്‍പ്പാക്കി. ആദ്യഘട്ടം 2005ല്‍ പൂര്‍ത്തിയാക്കി. മുറി വാടകക്ക് നല്‍കാന്‍ അഞ്ചുവര്‍ഷമെടുത്തു. 25 ലക്ഷം മുടക്കി നിര്‍മിക്കാനുദ്ദേശിച്ച കെട്ടിടം പണിയുടെ ആദ്യഘട്ടത്തിന് 2.50 കോടി രൂപയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.