അമ്പത്താറാണ്ടിനിടെ ഇത് ആദ്യാനുഭവം; അക്ഷരാങ്കണം കോരിത്തരിച്ചു

തൃശൂര്‍: മനസ്സ് ചലിക്കുന്നതിനൊപ്പം ശരീരം ചലിപ്പിക്കാന്‍ കഴിയാത്തവരുടെ ഒത്തുചേരലില്‍ സാഹിത്യ അക്കാദമി അങ്കണം കോരിത്തരിച്ചു. പച്ചപ്പ് തണല്‍ വിരിച്ച അക്കാദമി ലൈബ്രറി അങ്കണത്തില്‍ വീല്‍ചെയറുകളില്‍ അടക്കം എത്തിയവര്‍ ഒത്തുകൂടി മനസ്സുതുറന്നു. കേരള സാഹിത്യ അക്കാദമിയും പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സൊസൈറ്റിയും സംയുക്തമായി അക്കാദമി അങ്കണത്തില്‍ സംഘടിപ്പിച്ച അംഗപരിമിതരുടെ ഓണക്കൂട്ടായ്മയാണ് ഈ ഓണക്കാലത്തെ വ്യത്യസ്ത അനുഭവമായത്. ചികിത്സാപിഴവിനെ തുടര്‍ന്ന് 26 വര്‍ഷമായി വീല്‍ചെയറില്‍ കഴിയുന്ന കോലഴിയിലെ വിനയകുമാറിന് തന്നെ ചികിത്സിച്ച, മരിച്ചുപോയ ഡോക്ടറോട് യാതൊരു വിരോധവുമില്ല. അറിഞ്ഞുകൊണ്ട് സംഭവിച്ചതല്ളെന്ന തിരിച്ചറിവില്‍ അയാള്‍ ജീവിതം മുന്നോട്ടുനീക്കുകയാണ്. തോല്‍ക്കാന്‍ തയാറാകാത്ത വിനയകുമാര്‍ നവര കൃഷിയുമായി ജീവിതത്തോട് പൊരുതുകയാണ്. കോലഴിയിലെ ലൈബ്രറിയില്‍ ഏറെ പുസ്തകങ്ങളുണ്ടെങ്കിലും അത് കിട്ടാനുള്ള ബുദ്ധിമുട്ട് അദ്ദേഹം പങ്കുവെച്ചു. പോളിയോ ബാധിച്ച് തളര്‍ന്ന മരത്താക്കരയിലെ ഉണ്ണികൃഷ്ണനും അജിത്തും അടക്കമുള്ളവര്‍ അക്കാദമി അങ്കണത്തില്‍ എത്തിയതിന്‍െറ സന്തോഷത്തിലായിരുന്നു. വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടുനടന്ന ആഗ്രഹം സഫലമായ സന്തോഷം അവര്‍ പ്രകടിപ്പിച്ചു. സത്യത്തിലേക്കത്തൊന്‍ എല്ലാ മനുഷ്യര്‍ക്കും പലവിധ പരിമിതികള്‍ ഉണ്ടെന്നും അംഗപരിമിതര്‍ എന്ന വിശേഷണം അപ്രസക്തമാണെന്നും ഓണക്കൂട്ടായ്മ ഉദ്ഘാടനം ചെയ്ത സാഹിത്യ അക്കാദമി പ്രസിഡന്‍റ് വൈശാഖന്‍ പറഞ്ഞു. മനുഷ്യന് ലോകത്തെ അറിയാന്‍ പ്രകൃതി തന്ന ഉപാധിയാണ് മനസ്സ്. മനസ്സിനെ കൈകാര്യം ചെയ്യുന്ന കലയാണ് സാഹിത്യം. ഒരു പൂവ്, ഒരു വരി കവിത, മനോഹരമായ ഒരു ദൃശ്യം, കുഞ്ഞിന്‍െറ പുഞ്ചിരി എന്നിവയെല്ലാം ആസ്വദിക്കാന്‍ സാധിക്കാത്തവരാണ് യഥാര്‍ഥത്തില്‍ അംഗപരിമിതര്‍. പരിമിതികളെ അതിജീവിക്കാന്‍ കഴിയുന്നവര്‍ സത്യത്തോടും നീതിയോടും നന്മയോടും ചേര്‍ന്നുനില്‍ക്കാന്‍ കഴിയുന്നവരാണ്. അവരോടൊപ്പം ഓണാഘോഷത്തില്‍ പങ്കുചേരാന്‍ സാധിച്ചതില്‍ അക്കാദമിക്ക് അഭിമാനവും ആഹ്ളാദവും ഉണ്ടെന്ന് വൈശാഖന്‍ പറഞ്ഞു. ഓണക്കൂട്ടായ്മയില്‍ പങ്കെടുക്കാനത്തെിയ അംഗപരിമിതരെ പുസ്തകങ്ങള്‍ നല്‍കി വൈശാഖന്‍ സ്വീകരിച്ചു. വിവാദങ്ങള്‍ ഇഷ്ടപ്പെടാത്ത, എന്നാല്‍ നല്ല പുസ്തകങ്ങള്‍ തിരിച്ചറിയുന്ന നിശ്ശബ്ദ വായനക്കാര്‍ ഏറെയുണ്ടെന്ന് അധ്യക്ഷത വഹിച്ച അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനന്‍ പറഞ്ഞു. അക്കൂട്ടത്തില്‍പ്പെടുന്ന അംഗപരിമിതര്‍ക്കുവേണ്ടി അക്കാദമി വാതിലുകള്‍ തുറന്നിടുകയാണ്. അവര്‍ക്ക് എപ്പോഴും അക്കാദമിയിലേക്ക് കടന്നുവരാമെന്ന് അദ്ദേഹം പറഞ്ഞു. പി.എന്‍. ഗോപീകൃഷ്ണന്‍, സി. വിജയലക്ഷ്മി, ഡോ. കെ. അരവിന്ദാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. കെ.വി. ബേബി കവിത അവതരിപ്പിച്ചു. സര്‍ഗ സംവാദത്തില്‍ രഞ്ജിത് ശങ്കര്‍, നന്ദനന്‍, ശേഖരന്‍ കോടന്നൂര്‍, ഉണ്ണികൃഷ്ണന്‍, അജിത, വിനയകുമാര്‍ കോലഴി, രാമന്‍കുട്ടി വരന്തരപ്പിള്ളി, അഷ്റഫ് ഏനാമാവ് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് കലാവതരണങ്ങളും ഉണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.