തുമ്പൂര്‍മുഴിയില്‍ ഒഴുക്കില്‍പെട്ട നാല് യുവാക്കളെ ഫയര്‍ഫോഴ്സ് രക്ഷിച്ചു

അതിരപ്പിള്ളി: തുമ്പൂര്‍മുഴി പുഴയില്‍ ഒഴുക്കില്‍പെട്ട നാല് യുവാക്കളെ ഫയര്‍ഫോഴ്സ് രക്ഷിച്ചു. പണിമുടക്കിന്‍െറ അവധി ആഘോഷിക്കാനായി എത്തിയ എറണാകുളം ലുലുമാള്‍ ജീവനക്കാരായ 12 അംഗ സംഘത്തില്‍പെട്ട പത്തനാപുരം സ്വദേശി ജിജിമോന്‍(28), എറണാകുളം സ്വദേശി ഭരത്(24), ഇരിങ്ങാലക്കുട സ്വദേശി ഉല്ലാസ് കൃഷ്ണന്‍(23), ചേലക്കര സ്വദേശി ജിതിന്‍(27) എന്നിവരെയാണ് ചാലക്കുടിയില്‍ നിന്നത്തെിയ ഫയര്‍ഫോഴ്സ് രക്ഷിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ തുമ്പൂര്‍മുഴി തൂക്കുപാലത്തിന് താഴെയാണ് അപകടമുണ്ടായത്. രാവിലെ എഴാറ്റുമുഖത്തത്തെിയ യുവാക്കള്‍ പുഴയിലൂടെ നടന്ന് തൂക്കുപാലത്തിന്‍െറ അടിയിലൂടെ പാറക്കെട്ടുകള്‍ വഴി തുമ്പൂര്‍മുഴി ഭാഗത്തേക്ക് പോകുമ്പോള്‍ നാലുപേരും പാറക്കെട്ടില്‍ കുടുങ്ങി. പുഴയില്‍ അപ്പോള്‍ വെള്ളം കുറവായിരുന്നു. പെട്ടെന്ന് മഴ പെയ്തതോടെ പുഴയില്‍ വെള്ളം ഉയര്‍ന്നു. ഇവര്‍ പ്രതീക്ഷിച്ചതുപോലെ മുന്നോട്ടു പോകാന്‍ സാധിക്കാതെ വന്നു. ഇതോടെ തിരിച്ചു നടക്കാന്‍ ശ്രമിച്ചു. കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ ഒഴുക്ക് ശക്തമായി. കാലുകള്‍ വഴുതിത്തുടങ്ങി. പുഴയിലാകട്ടെ, വെള്ളം വര്‍ധിച്ചു വരികയും ചെയ്തു. മുന്നോട്ടു പോകാനോ തിരിച്ചുപോകാനോ കഴിയാതെ നിസ്സഹായതയിലായ ഇവര്‍ സഹായത്തിനായി വിളിച്ചു കേണു. സംഘത്തിലെ ആര്‍ക്കും ഇവരെ സഹായിക്കാന്‍ കഴിയാതെ വന്നു. പണിമുടക്ക് ദിവസമായതിനാല്‍ പരിസരത്ത് സഞ്ചാരികള്‍ ഉണ്ടായിരുന്നില്ല. വിവരം ചാലക്കുടി ഫയര്‍ഫോഴ്സിനെ അറിയിച്ചു. ചാലക്കുടിയില്‍നിന്ന് 3.30 ഓടെ ഇവരെ രക്ഷപ്പെടുത്താനായി ഫയര്‍ഫോഴ്സത്തെി. ഫയര്‍ഫോഴ്സിലെ എ.വി.രജു ലൈഫ്ബോയില്‍ ഇവരുടെ അടുത്തേക്ക് ചെന്നു. പിന്നീട് അരമണിക്കൂറിലധികം നീണ്ട ശ്രമത്തിനിടെ വടം കെട്ടി ഇവരെ ഓരോരുത്തരെയായി കരക്കത്തെിച്ചു. തുമ്പൂര്‍മുഴിയില്‍ എത്തുന്ന യുവാക്കളുടെ സാഹസികപ്രേമം ഇത്തരത്തില്‍ അപകടം പതിവാക്കിയിട്ടുണ്ട്. മുമ്പും ചാലക്കുടിയില്‍നിന്ന് ഫയര്‍ഫോഴ്സത്തെിയാണ് ഇങ്ങനെയുള്ളവരെ രക്ഷപ്പെടുത്താറ്. ചാലക്കുടിയിലെ ലീഡിങ് ഫയര്‍മാന്‍ അജിത്കുമാര്‍, കെ.ബി.നിഷാദ്, കെ.പ്രശാന്ത്, രഞ്ജിത്ത്, ഡി.എം.പ്രസന്നന്‍, ഹോംഗാര്‍ഡ് കെ.വൈ.ജോര്‍ജ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.