തൃശൂര്‍: ഗതാഗതപരിഷ്കരണത്തിന്‍െറ ഭാഗമായി ചെട്ടിയങ്ങാടിയില്‍ ട്രാഫിക് ഐലന്‍ഡ് പൊളിച്ചു നീക്കി. കുറുപ്പം റോഡിലേക്ക് ബസുകള്‍ തിരിയാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതിനാലാണ് പ്രവര്‍ത്തനം നിലച്ച ഐലന്‍ഡ് പൊളിച്ചുനീക്കിയത്. ജങ്ഷന്‍ വികസനത്തിന്‍െറ ഭാഗമായി ഇവിടെ വീതികൂട്ടി സിഗ്നല്‍ സ്ഥാപിക്കും. അതുവരെ ഡിവൈഡറുകള്‍ സ്ഥാപിച്ച് ഗതാഗതം ക്രമീകരിക്കുമെന്ന് ട്രാഫിക് എസ്.ഐ മഹേന്ദ്രസിംഹന്‍ അറിയിച്ചു. നഗരത്തിലെ ഏറ്റവും പഴക്കംചെന്ന ട്രാഫിക് ഐലന്‍ഡാണ് പൊളിച്ചത്. മൂന്നടിയോളം പൊക്കമുള്ള കോണ്‍ക്രീറ്റ് തൂണില്‍ സ്ഥാപിച്ച ഐലന്‍റില്‍ ഇരുന്ന് ഒരുകാലത്ത് പൊലീസുകാരന്‍ ട്രാഫിക് നിയന്ത്രിച്ചിരുന്നു. പിന്നീട് ഓട്ടോമാറ്റിക് സിഗ്നല്‍ വന്നു. ട്രാഫിക് ഐലന്‍ഡ് ഉപയോഗിക്കാതെ തുരുമ്പെടുത്തു. വൈദ്യുതി സിഗ്നലുകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉപയോഗശൂന്യമായി. ഫ്ളക്സ് ബോര്‍ഡുകള്‍ വെക്കാന്‍ തുടങ്ങിയതോടെ ഗതാഗതത്തിന് തടസ്സമായി. ചെട്ടിയങ്ങാടി ജങ്ഷന്‍ കേന്ദ്രീകരിച്ച് പലവട്ടം ഗതാഗതപരിഷ്കാരം നടപ്പാക്കിയെങ്കിലും ട്രാഫിക് ഐലന്‍ഡ് നോക്കുകുത്തിയായി അവിടെ തുടര്‍ന്നു. കെ.എസ്.ആര്‍.ടി.സിക്ക് ചുറ്റുമുള്ള റോഡുകള്‍ വണ്‍വേയാക്കിയതാണ് ഒടുവിലെ പരിഷ്കാരം. ട്രാഫിക് ഐലന്‍ഡ് പൊളിച്ചതിനു പുറമെ വിവിധിയിടങ്ങളില്‍ ട്രാഫിക് സൂചന ബോര്‍ഡുകളും സ്ഥാപിച്ചു. ഗതാഗത തടസ്സമായ ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ കോര്‍പറേഷന്‍ സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. അനധികൃത പാര്‍ക്കിങ് മൂലം ഗതാഗതം തടസ്സപ്പെടുന്ന സ്ഥലങ്ങളില്‍ നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. എം.ഒ റോഡില്‍ ബസുകള്‍ നിര്‍ത്തുന്നതിനുള്ള ക്രമീകരണം കര്‍ശനമാക്കും. കുന്നംകുളം, കോഴിക്കോട്, കാഞ്ഞാണി ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ നിര്‍ത്തി ആളയിറക്കുന്നത് പട്ടാളം റോഡിലേക്ക് മാറ്റിയിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് നഗരത്തിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. രാവിലെ ഒമ്പത് മുതല്‍ തിരക്കുള്ള റോഡുകളില്‍ പാര്‍ക്കിങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്തും. ഏറെയുള്ള ചെട്ടിയങ്ങാടി-പോസ്റ്റ് ഓഫിസ് റോഡിലും പാര്‍ക്കിങ് നിയന്ത്രിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.