വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ്: രണ്ടുപേര്‍ പിടിയില്‍

ഇരിങ്ങാലക്കുട: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കല്‍ പതിവാക്കിയ രണ്ടുപേര്‍ ഒരു കിലോ കഞ്ചാവുമായി പിടിയില്‍. കൊടകര കോടാലി സ്വദേശി കളപ്പുരക്കല്‍ വീട്ടില്‍ രാജേഷ് (34), മുരിയാട് സ്വദേശി കൊച്ചുപറമ്പത്ത് പ്രശാന്ത് (30) എന്നിവരെയാണ് പുല്ലൂര്‍ ഐ.ടി.സി പരിസരത്തുനിന്ന് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്. ഓര്‍മശക്തി വര്‍ധിക്കുമെന്ന് വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിച്ച് ആദ്യം കഞ്ചാവ് സൗജന്യമായി ഉപയോഗിക്കാന്‍ നല്‍കുകയാണ് ഇവരുടെ രീതി. സ്കൂളുകളിലെ ഫുട്ബാള്‍ കളിക്കുന്ന കുട്ടികള്‍ക്ക് കൂടുതല്‍ ശക്തികിട്ടുമെന്നുപറഞ്ഞ് വില്‍പന നടത്തുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട പരിസരത്തെ പ്രധാന സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥി കഞ്ചാവ് ഉപയോഗിക്കുന്നതറിഞ്ഞ പിതാവ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പിക്ക് രഹസ്യമായി പരാതി നല്‍കിയിരുന്നു. വിദ്യാര്‍ഥിയെ നിരീക്ഷിച്ച പൊലീസ് നിരവധി പേരെ ചോദ്യം ചെയ്തതിലാണ് ഇരിങ്ങാലക്കുട, മുരിയാട്, ആളൂര്‍, കൊടകര പ്രദേശങ്ങളില്‍ കഞ്ചാവ് എത്തിച്ച് വില്‍പന നടത്തുന്നത് പ്രശാന്താണെന്ന് വ്യക്തമായത്. ദിവസങ്ങളോളം പിന്തുടര്‍ന്നാണ് കഞ്ചാവ് സഹിതം രാജേഷിനെയും പ്രശാന്തിനെയും അറസ്റ്റ് ചെയ്തത്. സ്വര്‍ണപ്പണിക്കാരനായ രാജേഷിന് കൊടകരയിലും തൃശൂര്‍ പുത്തൂരിലും വീടുണ്ട്. സ്ഥിരമായി തമിഴ്നാട്ടില്‍ പോയിവരുന്ന രാജേഷ് കിലോക്കണക്കിന് കഞ്ചാവ് കൊണ്ടുവന്ന് ഇടനിലക്കാര്‍ക്ക് വില്‍പനക്ക് നല്‍കുകയാണ്. തൃശൂര്‍, ഒല്ലൂര്‍, പുത്തൂര്‍, കൊടകര ഭാഗങ്ങളില്‍ ഇത്തരം ഇടനിലക്കാര്‍ ഉള്ളതായി അറിവായിട്ടുണ്ട്. പ്രശാന്ത് നിരവധി വധശ്രമക്കേസിലും കളവുകേസിലും പ്രതിയാണ്. ടോറസ് ലോറിയുടെ ടയറുകളും ബാറ്ററികളും മോഷ്ടിച്ചു വിറ്റതിന് പിടിയിലായശേഷം ‘ടോറസ് പ്രശാന്ത്’ എന്നും ഇയാള്‍ അറിയപ്പെടുന്നുണ്ട്. ഈ കേസില്‍ ജയില്‍ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ആര്‍. നിശാന്തിനിയുടെ നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി എസ്.ടി. സുരേഷ് കുമാറിന്‍െറ നേതൃത്വത്തില്‍ സി.ഐ മനോജ് കുമാര്‍, എസ്.ഐ വി.പി. സിബീഷ്, ഷാഡോ പൊലീസ് ടീം അംഗങ്ങളായ സീനിയര്‍ സി.പി.ഒ കെ.എ. ഹബീബ്, മുരുകേഷ് കടവത്ത്, മുഹമ്മദ് അഷ്റഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇരിങ്ങാലക്കുട ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.