മുഖ്യമന്ത്രിയുടെയും സഹകരണ മന്ത്രിയുടെയും രാജി ആവശ്യപ്പെട്ട് ആത്മഹത്യാ ഭീഷണി

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍െറയും സഹകരണമന്ത്രി എ.സി. മൊയ്തീനിന്‍െറയും രാജി ആവശ്യപ്പെട്ട് കലക്ടറേറ്റ് വളപ്പിലെ മരത്തിനു മുകളില്‍ പെട്രോളുമായി കയറി 60കാരന്‍െറ ആത്മഹത്യാ ഭീഷണി. വെള്ളിയാഴ്ച രാവിലെ 11.45ഓടെ കലക്ടറേറ്റിന് മുന്നിലെ പാര്‍ക്കിലാണ് സംഭവം. പെട്രോള്‍ നിറച്ച കുപ്പിയും വെട്ടുകത്തിയുമായി ചാലക്കുടി മേലൂര്‍ വടാശേരി മാത്യുവാണ് (60) മരത്തില്‍ കയറിയത്. സംസ്ഥാനത്ത് ക്രമസമാധാനം പുന$സ്ഥാപിക്കണമെന്നും സാധാരണക്കാരായ ജനങ്ങളെ ജീവിക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. ചില കേസുകളിലെ പ്രതികളെ പിടികൂടി കോടതിയില്‍ ഹാജരാക്കണമെന്നും ആവശ്യമുന്നയിച്ചു. ആവശ്യങ്ങളെഴുതിയ നോട്ടീസുകള്‍ വിതരണം ചെയ്ത ശേഷമാണ് മരത്തില്‍ കയറിയത്. മുഖ്യമന്ത്രിയെയും മറ്റും ജയിലില്‍ അയക്കാനുള്ള ജീവന്‍ മരണ പോരാട്ടമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി, ഡി.ജി.പി, സഹകരണമന്ത്രി എന്നിവരോടെ സംസാരിക്കൂ എന്നും മരത്തിലിരുന്ന് പ്രഖ്യാപിച്ചു. ഇതിനിടെ മരത്തില്‍ കയറിയ ആളെ കാണാന്‍ നിരവധി പേര്‍ തടിച്ചുകൂടി. പൊലീസും ഫയര്‍ഫോഴ്സും താഴെയിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. ഫയര്‍ഫോഴ്സ് ജീവനക്കാര്‍ മരത്തില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ പെട്രോള്‍ ശരീരത്തില്‍ ഒഴിച്ചു. താഴെനിന്ന് കാമറയിലും മൊബൈലിലും ഫോട്ടോ എടുക്കുന്നവര്‍ക്ക് മരച്ചില്ലകള്‍ തടസ്സമാകുന്നുവെന്ന് മനസ്സിലാക്കിയപ്പോള്‍ വെട്ടുകത്തികൊണ്ട് വെട്ടി മാറ്റി. അതിനിടെ, ഫയര്‍ഫോഴ്സ് ജീവനക്കാരായ കെ. ശ്രീജിത്തും എ. നൗഷാദും മരത്തില്‍ കയറി. ഇരുവരുടെയും ശരീരത്തിലേക്ക് പെട്രോളൊഴിച്ചു. അടുത്തത്തെിയ ശ്രീജിത്തിനെ ചവിട്ടി. തുടര്‍ന്ന് ഫയര്‍ഫോഴ്സ് ജീവനക്കാര്‍ താഴെ വല വിരിച്ചു. മരത്തിലിരുന്ന് തീപ്പെട്ടി കത്തിക്കാന്‍ ശ്രമിച്ചതോടെ താഴെനിന്ന് വെള്ളം ചീറ്റിച്ചു. അതോടെ താഴെ കൊമ്പിലേക്ക് വീണു. കയറിയവര്‍ പിന്നീട് അടിയില്‍ വിരിച്ച വലയിലേക്ക് ചവിട്ടി വീഴ്ത്തി. വെസ്റ്റ് സി.ഐ രാജു, എസ്.ഐ സിന്ധു തുടങ്ങിയവരുടെ നേതൃത്വത്തില്‍ എത്തിയ പൊലീസ് മാത്യുവിനെ കസ്റ്റഡിയിലെടുത്തു. പരിക്കേല്‍ക്കാതെ രക്ഷപ്പെടുത്തിയതിന് സ്റ്റേഷന്‍ ഓഫിസര്‍ എ.എല്‍. ലാസറിന്‍െറ നേതൃത്വത്തില്‍ എത്തിയ ഫയര്‍ഫോഴ്സിന് സ്ഥലത്ത് കൂടിയവരുടെ കൈയടിയും ലഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.