സ്വപ്നച്ചിറകിലേറി അവര്‍ നാളെ പറക്കും

തൃശൂര്‍: വില്ലടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് ആകാശയാത്ര ഒരു സ്വപ്നമാണ്. ഏറെക്കാലം മനസ്സില്‍ കൊണ്ടുനടന്ന അവരുടെ ആഗ്രഹം വെള്ളിയാഴ്ച യാഥാര്‍ഥ്യമാകും. പ്രിയപ്പെട്ട അമ്മക്കും അച്ഛനും അധ്യാപകര്‍ക്കുമൊപ്പം തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് വിമാനയാത്ര നടത്തും. 40 കുട്ടികളും രക്ഷിതാക്കളും അധ്യാപകരുമടക്കം 76 പേരുടെ സംഘമാണ് രണ്ടുഘട്ടങ്ങളിലായി യാത്രയാകുന്നത്. 20 കുട്ടികളും രക്ഷിതാക്കളുമടങ്ങിയ ആദ്യ സംഘം വ്യാഴാഴ്ച 2.45ന് ഏറനാട് എക്സ്പ്രസില്‍ തിരുവനന്തപുരത്തേക്ക് തിരിക്കും. രാത്രി അവിടെ അധ്യാപകഭവനിലാണ് താമസം. വെള്ളിയാഴ്ച ഡബ്ള്‍ ഡക്കര്‍ ബസില്‍ തലസ്ഥാന നഗരം ചുറ്റിക്കാണും. വേളി കായലില്‍ ബോട്ടുസവാരി നടത്തും. വൈകീട്ട് ആറോടെയാണ് വിമാനയാത്ര. സ്കൂളിലെ സ്പെഷല്‍ പി.ടി.എയുടെ സഹകരണത്തോടെയാണ് പദ്ധതി. കുട്ടികളില്‍നിന്ന് ചെറിയ തുക പിരിച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ് കുട്ടികളില്‍ അധികവും. അതിനാല്‍ ചെലവ് മുഴുവന്‍ ഈടാക്കാനോ സംഭാവന പിരിക്കാനോ അധ്യാപകരും പി.ടി.എയും തയാറായില്ല. രണ്ടാമത്തെ സംഘം നവംബര്‍ ആദ്യവാരത്തോടെയാകും യാത്ര തിരിക്കുക. കാഴ്ച-കേള്‍വി പരിമിതിയുള്ളവര്‍, ചലനശേഷിയില്ലാത്തവര്‍, ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവര്‍, ഓട്ടിസം ബാധിച്ചവര്‍ എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ട്. ‘അരങ്ങേറ്റം’, ‘പടവുകള്‍‘ ‘തപസ്യ’, എന്നീ റിസോഴ്സ് സെന്‍ററിന്‍െറ ഡോക്യുമെന്‍ററിക്കൊപ്പം ഈ യാത്രയിലെ അനുഭവങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ‘വിങ്സ് ടു ഫൈ്ള’ എന്ന പുതിയ ഡോക്യുമെന്‍ററി തയാറാക്കാനുള്ള ഒരുക്കത്തിലാണ് അധ്യാപകര്‍. ജില്ലയിലെ ഏക മോഡല്‍ ഇന്‍ക്ളൂസീവ് സ്കൂളാണിത്. വ്യാഴാഴ്ച രണ്ടിന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആദ്യസംഘത്തിന് യാത്രയയപ്പ് നല്‍കും. ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി, മാടക്കത്തറ ബ്ളോക് പ്രസിഡന്‍റ് ഉമാദേവി, ഐ.ഇ.ഡി.എസ്.എസ് ജില്ല കോഓഡിനേറ്റര്‍ കെ.കെ. സോമന്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് ഹെഡ്മിസ്ട്രസ് പി.കെ. ഉഷ, അധ്യാപിക രേണുക ശശികുമാര്‍, സ്പെഷല്‍ പി.ടി.എ പ്രസിഡന്‍റ് എ. സന്തോഷ്, വിദ്യാര്‍ഥി പ്രതിനിധി പി.ജെ. അഭിജിത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.