കലാമാമാങ്കത്തിന് ഇന്ന് കേളികൊട്ടുയരും

ചാലക്കുടി: ജില്ലാ സി.ബി.എസ്.ഇ സ്കൂള്‍ കലോത്സവത്തിന് ചാലക്കുടി സി.കെ.എം എന്‍.എസ്.എസ് സ്കൂളില്‍ വേദികളൊരുങ്ങി. പുതിയ തലമുറയില്‍ പാരിസ്ഥിതിക അവബോധമുണര്‍ത്താന്‍ ഭൂമിയുടെ പര്യായങ്ങളായ വിവിധ പേരുകളാണ് വേദികള്‍ക്ക് നല്‍കിയിട്ടുള്ളത്. അവനി, ധരണി, ക്ഷോണി, പൃഥി തുടങ്ങിയ പേരുകളാണ് 14 ഓളം വേദികളെ അലങ്കരിക്കുന്നത്. ഉദ്ഘാടന ദിവസമായ ബുധനാഴ്ച രാവിലെ 8.30ന് മത്സരങ്ങള്‍ ആരംഭിക്കും. സാഹിത്യമത്സരങ്ങളാണ് ആദ്യം നടക്കുക. സാഹിത്യരചനാ മത്സരം, പെയിന്‍റിങ്, പെന്‍സില്‍ ഡ്രോയിങ്, കവിതാ പാരായണം, പ്രസംഗം തുടങ്ങിയവ ബുധനാഴ്ച പൂര്‍ത്തിയാകും. രാവിലെ 9.30ന് ചലച്ചിത്രനടി ലക്ഷ്മി ഗോപാലസ്വാമി ഉദ്ഘാടനം ചെയ്യും. സഹോദയ സ്കൂള്‍ കോംപ്ളക്സ് പ്രസിഡന്‍റ് സി. മുഹമ്മദ് റഷീദ് അധ്യക്ഷത വഹിക്കും. നഗരസഭാ ചെയര്‍പേഴ്സണ്‍ ഉഷ പരമേശ്വരന്‍, സി. പ്രകാശ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തൃശൂര്‍ ജില്ലാ മാനേജ്മെന്‍റ് അസോസിയേഷനും തൃശൂര്‍ സഹോദയ സ്കൂള്‍ കോംപ്ളക്സും സംയുക്തമായാണ് കലോത്സവം സംഘടിപ്പിക്കുന്നത്. ജില്ലയില്‍ 75 സ്കൂളുകളില്‍നിന്നായി 6100 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. രാവിലെ 8.30 മുതല്‍ വൈകീട്ട് ആറുവരെയാണ് മത്സരങ്ങള്‍ നടക്കുക. 26 സ്റ്റേജുകളിലായി 127 വ്യക്തിഗത മത്സരങ്ങളും 26 ഗ്രൂപ് മത്സരങ്ങളുമാണ് നടക്കുക. 20ന് മത്സരങ്ങള്‍ ഇല്ല. വെള്ളിയാഴ്ചയും ശനിയാഴ്ചയുമാണ് പ്രധാന സ്റ്റേജിനങ്ങള്‍. ഏകാങ്കനാടകം, മോഹിനിയാട്ടം, തിരുവാതിരക്കളി, മാര്‍ഗംകളി, ഫോക്ഡാന്‍സ്, ശാസ്ത്രീയ സംഗീതം, ലളിതസംഗീതം, ഉപകരണസംഗീതം തുടങ്ങിയവ വെള്ളിയാഴ്ച അരങ്ങേറും. ഒപ്പന, കോല്‍ക്കളി, ദഫ്മുട്ട്, വട്ടപ്പാട്ട്, കുച്ചിപ്പുടി, മാപ്പിളപ്പാട്ട്, മോണോ ആക്ട് തുടങ്ങിയവയാണ് ശനിയാഴ്ച നടക്കുക. അന്നുതന്നെ വൈകീട്ട് എട്ടിന് സമാപനസമ്മേളനവും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.