ആനയെഴുന്നള്ളിപ്പിന് കൂച്ചുവിലങ്ങ്

തൃശൂര്‍: തര്‍ക്കങ്ങളും നിയമ നടപടികളും തുടരുന്നതിനിടെ ഉത്സവങ്ങളില്‍ ആന എഴുന്നള്ളിപ്പ് നിബന്ധനകള്‍ ജില്ലാ ഭരണകൂടം കര്‍ശനമാക്കുന്നു. പകല്‍ 11 മുതല്‍ 3.30 വരെയുള്ള എഴുന്നള്ളിപ്പുകള്‍ നിരോധിക്കാനും ആചാരാനുഷ്ഠാനങ്ങള്‍ക്കുള്ള ഇളവിന് കലക്ടറുടെ അനുമതി നിര്‍ബന്ധമാക്കാനും തീരുമാനമായി. ആന ഉടമകളും ദേവസ്വം പ്രതിനിധികളും വനംവകുപ്പ് പ്രതിനിധികളും പങ്കെടുത്ത കലക്ടറുടെ യോഗത്തിലാണ് തൃശൂര്‍ പൂരത്തെയടക്കം ബാധിക്കുന്ന നിലപാടുകള്‍ സ്വീകരിച്ചത്. ഉത്സവങ്ങള്‍ അപകടരഹിതമായി നടപ്പാക്കാനാണ് നാട്ടാന പരിപാലന ചട്ടങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നത്. ഇതുസംബന്ധിച്ച നിയമങ്ങളെക്കുറിച്ച് ആന ഉടമകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ആചാരങ്ങളുടെ ഭാഗമായി ഇളവ് വേണമെങ്കില്‍ കലക്ടറുടെ പ്രത്യേക അനുമതി വേണം. 2012ല്‍ രജിസ്റ്റര്‍ ചെയ്ത ഉത്സവങ്ങള്‍ക്കും പെരുന്നാളുകള്‍ക്കും അല്ലാതെ പുതിയ ആഘോഷങ്ങളില്‍ ആന എഴുന്നള്ളിപ്പ് അനുവദിക്കില്ല. പരമാവധി 15 ആനകളെ മാത്രമേ ഉപയോഗിക്കാവൂ. ഇതില്‍ കൂടുതല്‍ ഉപയോഗിക്കണമെങ്കില്‍ ജില്ലാ നിരീക്ഷണ സമിതി സ്ഥല സൗകര്യങ്ങള്‍ പരിശോധിച്ച് പ്രത്യേക അനുമതി നല്‍കണം. ഒരു ദിവസം തുടര്‍ച്ചയായി ആറുമണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്. അതല്ളെങ്കില്‍ നാല് മണിക്കൂര്‍ വീതമുള്ള രണ്ട് ഘട്ടങ്ങളായി എഴുന്നള്ളിക്കാം. മാത്രമല്ല, ആനയെ വാഹനത്തില്‍ കൊണ്ടുപോകുന്നതിനും പരിശോധിക്കുന്നതിനും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കാനും വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. നിര്‍ദേശങ്ങള്‍ നടപ്പാക്കിയാല്‍ തുടര്‍ച്ചയായ എഴുന്നള്ളിപ്പുകളുള്ള തൃശൂര്‍ പൂരത്തെയാണ് പ്രധാനമായും ബാധിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.