മലയോര മേഖലയില്‍ കാട്ടാനശല്യം: നട്ടംതിരിഞ്ഞ് നാട്ടുകാര്‍

തൃശൂര്‍: ഇടവേളക്കുശേഷം മലയോര മേഖലയില്‍ വീണ്ടും കാട്ടാനശല്യം രൂക്ഷമാകുന്നു. കാട്ടിനുള്ളില്‍ ജലലഭ്യത കുറഞ്ഞതോടെയാണ് വീണ്ടും വന്യജീവികള്‍ കൃഷിയിടത്തില്‍ എത്തിത്തുടങ്ങിയത്. വരന്തരപ്പിള്ളി, മരോട്ടിച്ചാല്‍, വഴുക്കുംപാറ എന്നിങ്ങനെ മലയോര മേഖലകള്‍ കാട്ടാനക്കൂട്ടത്തിന്‍െറ ഭീതിയിലാണ്. വഴുക്കുംപാറ, തോണിക്കല്‍ പ്രദേശത്ത് കാട്ടാനകളിറങ്ങി കൃഷി നശിപ്പിക്കുന്നത് നിത്യസംഭവമാണ്. കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നില്ല. പീച്ചി മേഖലയില്‍ നേരത്തേ വൈദ്യുതി വേലി കെട്ടിയെങ്കിലും മറ്റിടങ്ങളില്‍ ആനത്താരകള്‍ സജീവമായതിനാല്‍ ആനകള്‍ ഇറങ്ങുന്നത് വ്യാപകമായി. കൃഷി നശിച്ചാല്‍ നഷ്ടപരിഹാരത്തിന് വനം ഓഫിസുകളില്‍ അപേക്ഷ നല്‍കുകയാണ് പതിവ്. വനം ഉദ്യോഗസ്ഥര്‍ എത്തുകയും സ്ഥലം പരിശോധിച്ച് സര്‍ക്കാറിലേക്ക് അപേക്ഷ കൈമാറുകയുമാണ് നടപടിക്രമം. എന്നാല്‍, അപേക്ഷകളിന്മേല്‍ നടപടിയുണ്ടാകുന്നില്ളെന്ന് കര്‍ഷകര്‍ ആരോപിച്ചു. അടുത്തകാലത്ത് ഏറ്റവും കൂടുതല്‍ ആനയിറങ്ങിയത് പാലപ്പിള്ളി മേഖലയിലും വഴുക്കുംപാറക്കടുത്ത് തോണിക്കല്‍ മേഖലയിലുമാണ്. തോണിക്കല്‍, ഉറവുംപാടം മേഖലയിലായി അഞ്ചേക്കറോളം കൃഷി കാട്ടാന നശിപ്പിച്ചതായാണ് വിലയിരുത്തല്‍. വാഴയും കവുങ്ങുകളും ഉള്‍പ്പെടെ പിഴുതെറിഞ്ഞാണ് കാട്ടാനക്കൂട്ടം പിന്‍വാങ്ങുന്നത്. റബര്‍ പ്ളാന്‍േറഷന്‍ മേഖലയായ പാലപ്പിള്ളിയില്‍ രാവിലെ ടാപ്പിങ്ങിന് പോകുന്നവര്‍ കാട്ടാനയെ കണ്ട് ഓടി രക്ഷപ്പെടുകയാണ്. ചിമ്മിനി ഡാം മേഖലയിലും ആനകള്‍ നിലയുറപ്പിച്ചിരിക്കുകയാണ്. വേനല്‍ രൂക്ഷമായ 2016ലാണ് വനമേഖലയില്‍ കാട്ടാനകള്‍ ഏറ്റവും കൂടുതല്‍ ഇറങ്ങിയത്. ഈ വര്‍ഷത്തെ മഴക്കുറവ് വനത്തിലെ ജലലഭ്യതയിലും കാര്യമായ കുറവ് വരുത്തും. ഇതോടെ വന്യജീവികള്‍ നാട്ടിലേക്കിറങ്ങുന്നത് വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. കാട്ടിനുള്ളില്‍ ചെറിയ കിടങ്ങുകള്‍ കുഴിച്ചും തടയണകള്‍ നിര്‍മിച്ചും ജലലഭ്യത ഉറപ്പുവരുത്തിയില്ളെങ്കില്‍ മലയോര മേഖലകളില്‍ ജനജീവിതം ദുസ്സഹമാകുമെന്ന് നിവാസികള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.