കൊടുങ്ങല്ലൂര്‍: മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പണിമുടക്കിന്‍െറ ഭാഗമായി കൊടുങ്ങല്ലൂരിലെ ബ്രാഞ്ചുകളിലെ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. തൊഴിലാളി സംഘടനയെ അംഗീകരിക്കുക, 18,000 രൂപ മിനിമം വേതനം നല്‍കുക, കൂട്ട സ്ഥലം മാറ്റവും പ്രതികാര നടപടികളും അവസാനിപ്പിക്കുക, രജിസ്ട്രേഡ് സ്റ്റാന്‍ഡിങ് ഓഡര്‍ ഇല്ലാത്ത മുത്തൂറ്റ് മാനേജ്മെന്‍റിനെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സ് എംപ്ളോയീസ് യൂനിയന്‍െറ (സി.ഐ.ടി.യു) ആഹ്വാനപ്രകാരം പണിമുടക്കുന്നത്. പണിമുടക്കിയ ജീവനക്കാര്‍ സ്ഥാപനത്തിന് മുന്നില്‍ പ്രകടനവും പൊതുയോഗവും നടത്തി. സി.പി.എം ഏരിയാ കമ്മിറ്റിയംഗം കെ.ആര്‍. ജൈത്രന്‍ ഉദ്ഘാടനം ചെയ്തു. എം.കെ. പ്രതാപന്‍ അധ്യക്ഷത വഹിച്ചു. മാനേജ്മെന്‍റിന്‍െറ ചൂഷണവും അനീതിയും അസഹനീയമായതോടെയാണ് ജീവനക്കാര്‍ സി.ഐ.ടി.യുവിനെ സമീപിച്ച് സംഘടന രൂപവത്കരിച്ചത്. ഇതറിഞ്ഞ മാനേജ്മെന്‍റ് സ്ത്രീകള്‍ അടക്കം നൂറോളം പേരെ വിദൂര ബ്രാഞ്ചുകളിലേക്ക് സ്ഥലം മാറ്റി. 50 ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. പ്രതികാര നടപടികള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന ഹൈകോടതി നിര്‍ദേശം പാലിക്കാന്‍ മാനേജ്മെന്‍റ് തയാറാകാത്ത സാഹചര്യത്തിലാണ് പണിമുടക്കാരംഭിച്ചത്. സംസ്ഥാനത്തെ 782 ശാഖകളിലായി 2,500 ജീവനക്കാരാണ് പണിമുടക്കിയത്. എസ്.എന്‍.പുരം ശാഖയില്‍ പണിമുടക്കിയ ജീവനക്കാര്‍ പ്രകടനവും പൊതുയോഗവും നടത്തി. നേതാക്കള്‍ ഉള്‍പ്പെടെ 18 പേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പിന്നീട് ജാമ്യത്തില്‍ വിട്ടു. പൊതുയോഗം സി.ഐ.ടി.യു ഏരിയാ സെക്രട്ടറി എ.എസ്. സിദ്ധാര്‍ഥന്‍ ഉദ്ഘാടനം ചെയ്തു. സി.എം. വേലായുധന്‍ അധ്യക്ഷത വഹിച്ചു. സമരം തുടരുമെന്ന് സി.ഐ.ടി.യു നേതാക്കള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.