അത്താണി പീഡനക്കേസ്: രാജിക്കായി മുറവിളി

തൃശൂര്‍/വടക്കാഞ്ചേരി: സ്ത്രീ പീഡനക്കേസില്‍ ആരോപണ വിധേയനായ കൗണ്‍സിലര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് മുറവിളി. കോണ്‍ഗ്രസ്, ബി.ജെ.പി. പ്രവര്‍ത്തകള്‍ നഗരസഭയിലേക്ക് പ്രകടനം നടത്തി. കേസ് തേച്ചുമാച്ച് കളയാന്‍ കൂട്ടുനിന്ന പേരാമംഗലം സി.ഐ മണികണ്ഠനെ സസ്പെന്‍ഡ് ചെയ്ത് യുവതിക്ക് നീതി ലഭ്യമാക്കാന്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാ കമ്മിറ്റി ഐ.ജി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. വീട്ടമ്മയെ കൂട്ടുകാരുമൊത്ത് പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ സി.പി.എം കൗണ്‍സിലര്‍ ജയന്തനെ നഗരസഭ കൗണ്‍സിലില്‍ നിന്ന് പുറത്താക്കണമെന്ന്് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഡി.സി.സി വൈസ് പ്രസിഡന്‍റ് രാജേന്ദ്രന്‍ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്ളോക് പ്രസിഡന്‍റ് ജിജോ കുര്യന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ കെ.അജിത്ത് കുമാര്‍, എസ്.എ.എ ആസാദ്, ടി.വി.സണ്ണി മണ്ഡലം പ്രസിഡന്‍റ് പി.എ.നാരായണന്‍ സ്വാമി എന്നിവര്‍ സംസാരിച്ചു. സ്ത്രീ പീഡനക്കേസില്‍ ആരോപണ വിധേയനായ കൗണ്‍സിലര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി.നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി. വീട്ടമ്മയെ കൂട്ടുകാരുമൊത്ത് പീഡിപ്പിച്ചെന്ന കേസില്‍ ആരോപണ വിധേയനായ സി.പി.എം കൗണ്‍സിലര്‍ ജയന്തനെ നഗരസഭ കൗണ്‍സിലില്‍നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് ബി.ജെ.പി. പ്രകടനം നടത്തിയത്. നിയോജക മണ്ഡലം പ്രസിഡന്‍റ് ഗിരീഷ് ഉദ്ഘാടനം ചെയ്തു. എസ്.രാജു, മനോജ് പൂങ്കുന്നം എന്നിവര്‍ സംസാരിച്ചു. കൗണ്‍സിലര്‍ക്കും സുഹൃത്തുക്കള്‍ക്കുമെതിരായ പരാതിയില്‍ നടപടി ആവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാ കമ്മിറ്റി ഐ.ജി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.ജില്ലാ ജനറല്‍ സെക്രട്ടറി ഷൈന്‍ നെടിയിരിപ്പില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ബാബു വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ രതീഷ് ചീരാത്ത്, കെ.എസ്. സുബിന്‍, പി.ജെ. ജെബിന്‍, കെ.പി. വിഷ്ണു, കെ.വി. വിജിത്ത്, അജീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സി.പി.എം കൗണ്‍സിലര്‍ ഉള്‍പ്പെട്ട അത്താണി പീഡനക്കേസ് വനിതാ എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷിക്കണമെന്ന് അനില്‍ അക്കര എം.എല്‍.എ ആവശ്യപ്പെട്ടു. പേരാമംഗലം പൊലീസിന്‍െറ ഉത്തരവാദിത്തമില്ലായ്മയും കെടുകാര്യസ്ഥതയുമാണ് സംഭവം വഷളാക്കാന്‍ ഇടയായതെന്നും വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. അത്താണി പീഡനക്കേസിലെ പ്രതി സി.പി.എം കൗണ്‍സിലര്‍ പി.എന്‍. ജയന്തനും കൂട്ടുകാര്‍ക്കും ഒത്താശചെയ്തുകൊടുത്ത എം.പി, മന്ത്രി ഉള്‍പ്പെടെയുള്ള സി.പി.എം നേതൃത്വത്തിനെതിരെ നടപടി വേണമെന്ന് മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് ലീലാമ്മ തോമസ്. മന്ത്രി, എം.പി, മറ്റ് സി.പി.എം കൗണ്‍സിലര്‍മാര്‍ അടക്കമുള്ളവര്‍ ഇതിന് ഒത്താശ ചെയ്തുകൊടുത്ത നടപടിയെ മഹിളാ കോണ്‍ഗ്രസ് അപലപിക്കുന്നതായി അവര്‍ പറഞ്ഞു. ഇത്തരക്കാര്‍ക്കെതിരെ നടപടി വൈകരുതെന്ന് ആവശ്യപ്പെട്ടു. വീട്ടമ്മയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ ആരോപിതനായ കൗണ്‍സിലര്‍ ജയന്തനെ പുറത്താക്കാന്‍ സി.പി.എം തയാറാകണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് എ. നാഗേഷ് ആവശ്യപ്പെട്ടു. പീഡിപ്പിച്ചവര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചില്ളെങ്കില്‍ ബി.ജെ.പി സമരവുമായി രംഗത്തുവരും. കേസ് അട്ടിമറിക്കാന്‍ നടന്ന ഗൂഢാലോചനയെക്കുറിച്ചും അന്വേഷിക്കണം. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.