മകന്‍െറ പേരില്‍ പിരിച്ച പണം കിട്ടിയില്ളെന്ന് ബഹ്റൈനില്‍ മരിച്ച യുവാവിന്‍െറ വീട്ടുകാര്‍

ചാവക്കാട്: ബഹ്റൈനില്‍ വാഹനാപകടത്തില്‍ മരിച്ച ചാവക്കാട് സ്വദേശിയായ യുവാവിന്‍െറ കുടുംബത്തിന് ഭവനനിര്‍മാണത്തിനെന്ന പേരില്‍ പ്രവാസി സംഘടന സ്വരൂപിച്ച നാല് ലക്ഷത്തോളം രൂപ കിട്ടിയില്ളെന്ന് മാതാപിതാക്കള്‍. കഴിഞ്ഞ വര്‍ഷം ജൂണ്‍ 18ന് എടക്കഴിയൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിന് വടക്കുഭാഗം കാരക്കാട്ട് അഷ്ക്കറാണ് (25) സ്പോണ്‍സറുടെ പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടുമ്പോള്‍ മനാമയിലെ സനദ് എം.എം. ട്രീ ഫാസ്റ്റ്ഫുഡിന് സമീപത്തെ ട്രാഫിക് സിഗ്നലില്‍ വെച്ച് കാറിടിച്ച് മരിച്ചത്. ആറ് സെന്‍റ് ഭൂമിയിലെ ഓലക്കുടിലിലാണ് മൊയ്തുട്ടി, ഭാര്യ സൈനബ, മൂത്ത മകന്‍ ഇബ്രാഹിം എന്നിവര്‍ താമസിക്കുന്നത്. മുസ്ലിംലീഗ് പ്രവര്‍ത്തകനാണ് മൊയ്തുട്ടി. ലീഗിന്‍െറ പോഷക സംഘടനയായ ബഹ്റൈന്‍ കെ.എം.സി.സിയുടെ നേതാവായ കയ്പമംഗലം സ്വദേശി വീട്ടിലത്തെി ഇവര്‍ക്ക് വീട് നിര്‍മിച്ചുകൊടുക്കാമെന്ന് അറിയിച്ചിരുന്നു. അഷ്ക്കറിന്‍െറ പേരില്‍ ബഹ്റൈനിലെ സംഘടന സ്വരൂപിച്ച നാല് ലക്ഷത്തോളം രൂപ വീട് നിര്‍മാണത്തിന് കെ.എം.സി.സി നേതാക്കള്‍ക്ക് കൈമാറിയതായി ബഹ്റൈനില്‍ നിന്നത്തെിയ വെളിയങ്കോട് തവളക്കുളം സ്വദേശിയായ യുവാവ് മൊയ്തുട്ടിയോട് പറഞ്ഞിരുന്നു. മനാമയില്‍ ഗാനമേള സംഘടിപ്പിച്ചാണ് പണം സ്വരൂപിച്ചത്. എന്നാല്‍ കയ്പമംഗലം സ്വദേശിയായ കെ.എം.സി.സി നേതാവിനോട് ചോദിച്ചപ്പോള്‍ തങ്ങള്‍ക്ക് ആരും പണം നല്‍കിയിട്ടില്ളെന്നായിരുന്നു മറുപടി. സൗദിയിലുള്ള പാലപ്പെട്ടി സ്വദേശിയായ ബന്ധു അന്വേഷിച്ചപ്പോഴും പണം കെ.എം.സി.സി നേതാക്കളെ ഏല്‍പിച്ചിട്ടുണ്ടെന്ന വിവരമാണ് ലഭിച്ചത്. വീട് നിര്‍മാണത്തിന് സഹായിക്കാനോ പണം പിരിക്കാനോ തങ്ങള്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ മകന്‍െറ പേരില്‍ സ്വരൂപിച്ച തുക എവിടെ പോയെന്നറിയണമെന്നും മൊയ്തുട്ടി പറഞ്ഞു. ക്ളീനിങ് കമ്പനിയില്‍ ജീവനക്കാരനായ അഷ്ക്കറിന് 11 മാസത്തെ ജോലിക്കിടെ നാലുമാസത്തെ ശമ്പളം ലഭിക്കാനുണ്ടായിരുന്നു. ശമ്പളം ആവശ്യപ്പെട്ട് ലേബര്‍കോടതിയില്‍ പരാതി നല്‍കിയതിന്‍െറ വൈരാഗ്യത്തില്‍ കമ്പനി അധികൃതര്‍ അഷക്കറിനെയും സുഹൃത്ത് ഇരിങ്ങാലക്കുട സ്വദേശി അനൂപിനെയും കള്ളക്കേസില്‍ കുടുക്കി. മൂന്ന് ദിവസം ഇരുവരും ജയിലിലായി. സ്പോണ്‍സറത്തെി ജാമ്യത്തിലെടുത്ത് കാറില്‍ കൊണ്ടുപോകുന്നതിനിടെ മര്‍ദിച്ചു. രക്ഷപ്പെടാനാണ് ട്രാഫിക് സിഗ്നലില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ ഇറങ്ങിയോടിയത്. അഷ്ക്കറെ ഇടിച്ചു വീഴ്ത്തിയ കാറിന്‍െറ ഡ്രൈവറെ കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു. സ്പോണ്‍സര്‍ക്കെതിരെ പരാതി നല്‍കാന്‍ ബന്ധപ്പെട്ട രേഖകള്‍ കെ.എം.സി.സി ഭാരവാഹികള്‍ക്ക് അയച്ചുകൊടുത്തെങ്കിലും അവര്‍ ഒന്നും ചെയ്തില്ളെന്നും മൊയ്തുട്ടി പറഞ്ഞു. 30,000 രൂപ വാങ്ങി പഞ്ചവടി സ്വദേശിയായ സ്ത്രീയാണ് അഷ്ക്കറിന് വിസ നല്‍കിയത്. ബഹ്റൈനിലുള്ള ഇവരും സഹായിച്ചില്ളെന്ന് മൊയ്തുട്ടിയും സൈനബയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.