ശശികുമാര്‍ വധം : വലപ്പാട് സി.ഐക്കെതിരെ നടപടിക്ക് സാധ്യത

വാടാനപ്പള്ളി: ഏങ്ങണ്ടിയൂരിലെ സി.പി.എം പ്രവര്‍ത്തകന്‍ ചെമ്പന്‍വീട്ടില്‍ ശശികുമാര്‍ കൊല്ലപ്പെട്ട കേസ് അന്വേഷിക്കുന്ന വലപ്പാട് സി.ഐ ആര്‍. രതീഷ്കുമാറിനെതിരെ നടപടിക്ക് സാധ്യത. നേരത്തെ സി.പി.എം പ്രവര്‍ത്തകരായ പ്രതികള്‍ ബി.ജെ.പിയില്‍ ചേര്‍ന്നതോടെയുണ്ടായ കുടിപ്പകയാണ് ആക്രമണത്തിനും കൊലപാതകത്തിനും കാരണമെന്ന് സി.ഐ വാര്‍ത്താസമ്മേളനം വിളിച്ച് പറഞ്ഞതാണ് വിനയാകുന്നത്. പ്രതികള്‍ പക്ഷെ, സി.പി.എം പ്രവര്‍ത്തകരായിരുന്നില്ല. മുഖ്യപ്രതി ബിനീഷ് 36 വര്‍ഷം മുമ്പ് ശങ്കരനാരായണനെയും കൃഷ്ണന്‍കുട്ടിയെയും വധിച്ച കേസിലെ പ്രതി പണിക്കശേരി ബാബുവിന്‍െറ മകനാണ്. ആര്‍.എസ്.എസിന്‍െറ ആരംഭകാലം മുതല്‍ പ്രവര്‍ത്തകനാണ് ബിനീഷ്. 2011ല്‍ സി.പി.എം നേതാവ് ഹൈദ്രോസ്കുട്ടിയെ ആക്രമിച്ച കേസിലെ പ്രതികളാണ് മറ്റ് മൂന്ന് പ്രതികള്‍. ശശി ബിനീഷിന് നേരെ പതിവായി ആക്രമണം നടത്തുന്നതോടെ സഹികെട്ടാണ് ബിനീഷ് ശശിയെ വെട്ടിയതെന്നാണ് സി.ഐ മാധ്യമപ്രവര്‍ത്തരോട് പറഞ്ഞത്. തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സി.ഐ വാര്‍ത്താസമ്മേളനം നടത്തിയതില്‍ സി.പി.എം പ്രതിഷേധം അറിയിച്ചു. രതീഷ്കുമാര്‍ സി.പി.എമ്മിനോട് വിരോധം വെച്ച് പുലര്‍ത്തുന്ന ആളാണെന്ന് മുഖ്യമന്ത്രിയെ അറിയിക്കാനുള്ള ശ്രമത്തിലാണ് ഇവിടുത്തെ നേതാക്കള്‍. കോണ്‍ഗ്രസ്, ബി.ജെ.പി നേതാക്കള്‍ക്ക് അനുകൂല നിലപാടാണ് സി.ഐ നടത്തിവരുന്നതെന്നും സി.പി.എം നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സി.ഐയുടെ നിലപാടുകള്‍ സി.പി.എം നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രി വിഷയത്തില്‍ ഇടപെടുമെന്നാണ് സി.പി.എം നേതാക്കള്‍ പറയുന്നത്. പ്രതികളായ ആര്‍.എസ്.എസ് നേതാക്കളെ സി.ഐ പദവി ഉപയോഗിച്ച് സംരക്ഷിക്കുകയാണെന്ന് സി.പി.എം ഏരിയ സെക്രട്ടറി പി.എം. അഹമ്മദ് കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.