നിരോധാജ്ഞക്കിടെ കൊടുങ്ങല്ലൂരില്‍ ആക്രമണം തുടരുന്നു

കൊടുങ്ങല്ലൂര്‍: നിരോധാജ്ഞ നിലനില്‍ക്കുന്ന കൊടുങ്ങല്ലൂര്‍ മേഖലയില്‍ ആക്രമണം തുടരുന്നു. അതേസമയം ബി.ജെ.പി പ്രവര്‍ത്തകന്‍ വല്ലത്ത് പ്രമോദ് മരിച്ച കേസില്‍ പ്രതികളെ പിടികൂടാനുള്ള പൊലീസിന്‍െറ ഊര്‍ജിത ശ്രമം ഇനിയും ഫലം കണ്ടിട്ടില്ല. ഇതിനിടെ ആക്രമണങ്ങളും മരണവും നടന്നതായ കിംവദന്തികള്‍ പ്രചരിക്കുന്നതും പൊലീസിന് തലവേദനയായി. ബി.ജെ.പി പ്രവര്‍ത്തകന്‍െറ മരണത്തോടെ മേഖലയില്‍ ഉടലെടുത്ത സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് കൊടുങ്ങല്ലൂര്‍, മതിലകം സ്റ്റേഷന്‍ പരിധിയില്‍ നിരോധാജ്ഞ പ്രഖ്യാപിച്ചത്. ഇതിന് ശേഷമാണ് എടവിലങ്ങിലും പി.വെമ്പല്ലൂരും ആലയിലും വീടുകളും വാഹനങ്ങളും മറ്റും ആക്രമിക്കപ്പെട്ടത്. ബി.ജെ.പി കേന്ദ്രമായ ആലയില്‍ ഞായറാഴ്ച അതിരാവിലെ സി.പി.ഐ അംഗത്തിന്‍െറ വീടും വാഹനങ്ങളും അടിച്ചുതകര്‍ത്തു. മുന്‍മന്ത്രിമാരായ വി.കെ. രാജന്‍െറയും കൃഷ്ണന്‍ കണിയാംപറമ്പലിന്‍െറയും പേഴ്സനല്‍ സ്റ്റാഫായിരുന്ന ബിജുവിന്‍െറ വീടാണ് ആക്രമിച്ചത്. ആയുധങ്ങളുമായി നടന്നുവന്ന ആക്രമി സംഘം വീടിന് ചുറ്റും നടന്ന് എല്ലാ ജനല്‍ ചില്ലുകളും അടിച്ചുതകര്‍ത്തു. കാറുകളും നശിപ്പിച്ച ശേഷമാണ് അക്രമികള്‍ സ്ഥലം വിട്ടത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളില്‍ കടുത്ത ഭീതി വിതച്ചുകൊണ്ടാണ് അക്രമിസംഘം അഴിഞ്ഞാടിയത്. ആക്രമണം അറിഞ്ഞ് നേതാക്കളായ കെ.പി. രാജേന്ദ്രന്‍, അഡ്വ. വി.എസ്. സുനില്‍കുമാര്‍, കെ.കെ. വത്സരാജ്, ഇ.ടി. ടൈസന്‍, സി.സി. വിപിന്‍ചന്ദ്രന്‍, നിയുക്ത എം.എല്‍.എ വി.ആര്‍.സുനില്‍കുമാര്‍, കെ.ജി.ശിവാനന്ദന്‍, ഇ.കെ.മല്ലിക തുടങ്ങിയവര്‍ ബിജുവിന്‍െറ വീട്ടിലത്തെി. എടവിലങ്ങില്‍ ബി.ജെ.പിക്കാര്‍ ആക്രമിച്ച സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫിസും സി.ഐ.ടി.യു ഓഫിസും പഞ്ചായത്തംഗം എ.പി. ആദര്‍ശിന്‍െറ വീടും ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍, എ.സി. മൊയ്തീന്‍, കെ.കെ. അബീദലി, പി.കെ. ചന്ദ്രശേഖരന്‍, നിയുക്ത എം.എല്‍.എ ഇ.ടി. ടൈസന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന നേതാക്കളുടെ സംഘം സന്ദര്‍ശിച്ചു. ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും ജനങ്ങളുടെ സമാധാനം കരുതിയാണ് തങ്ങള്‍ പ്രതികരിക്കാത്തതെന്നും ഇത് ദൗര്‍ബല്യമായി കാണരുതെന്നും നേതാക്കള്‍ പറഞ്ഞു. അതേസമയം പി.വെമ്പല്ലൂരില്‍ സി.പി.എം പ്രവര്‍ത്തകരുടെ വീടും വാഹനങ്ങളും നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ആറ് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ മതിലകം പൊലീസ് കേസെടുത്തു. വിജയാഹ്ളാദ പ്രകടനത്തിനിടെ എസ്.എന്‍.പുരം ആലയില്‍ വെച്ച് ബി.ജെ.പി പ്രവര്‍ത്തകരെ ആക്രമിച്ച രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍, ബി.ജെ.പി പ്രവര്‍ത്തകന്‍ പ്രമോദ് കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്ക് വേണ്ടി പൊലീസ് നടത്തിയ തിരച്ചില്‍ ഫലപ്രാപ്തിയിലത്തെിയിട്ടില്ല. പ്രതികള്‍ നാട്ടില്‍നിന്ന് മാറിയതായി സംശയിക്കുന്നു. ജില്ലാ റൂറല്‍ ക്രൈംബ്രാഞ്ച് ടീം ഉള്‍പ്പെടെയുള്ള അന്വേഷണ സംഘം കഴിഞ്ഞ രാതിയും പകലുമായി വിവിധ സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ സംഭവം സംബന്ധിച്ച വിശദ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. തെരഞ്ഞെടുപ്പ് ആഹ്ളാദത്തിമിര്‍പ്പിന്‍െറ ആവേശത്തില്‍ പ്രതികള്‍ സഞ്ചരിച്ച കാറില്‍ കയറിക്കൂടിയിരുന്ന കുട്ടികളില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. എല്ലാവരും കാറില്‍ വരുമ്പോഴാണ് പ്രമോദിന്‍െറ മരണത്തില്‍ കലാശിച്ച അക്രമം നടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.