തൃശൂര്‍: അനിവാര്യമായ കലഹത്തിലേക്ക് ജില്ലയിലെ കോണ്‍ഗ്രസ്. പാര്‍ട്ടിയെ ഒന്നാകെ പറയുന്നതിനേക്കാള്‍ ഐ ഗ്രൂപ് എന്ന് പറയുകയാവും നല്ലത്. തന്‍െറ തോല്‍വിക്ക് മുതിര്‍ന്ന നേതാക്കളാണ് ഉത്തരവാദിയെന്ന് ഐ ഗ്രൂപ് നേതാവും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ പത്മജ വേണുഗോപാല്‍ ആരോപിക്കുമ്പോള്‍ അമ്പേല്‍ക്കുന്ന രണ്ടുപേര്‍ അതേ ഗ്രൂപ്പിന്‍െറ തലമുതിര്‍ന്ന നേതാക്കളാണ്; സി.എന്‍. ബാലകൃഷ്ണനും തേറമ്പില്‍ രാമകൃഷ്ണനും. മനസ്സില്ലാ മനസ്സോടെ ഇത്തവണ മത്സരത്തില്‍നിന്ന് മാറേണ്ടി വന്ന രണ്ടുപേര്‍. തേറമ്പിലിനെ പിന്‍വലിച്ചാണ് കെ. കരുണാകരന്‍െറ മകളെ പാര്‍ട്ടി തൃശൂരില്‍ സ്ഥാനാര്‍ഥിയാക്കിയത്. പിന്മാറ്റത്തിന് സി.എന്‍. ബാലകൃഷ്ണന്‍ വെച്ച ഉപാധികള്‍ നേതൃത്വം ചെവിക്കൊണ്ടതേയില്ല. പത്മജ തുടങ്ങിവെച്ചെന്നേയുള്ളൂ, ആ കലഹം മറ്റു പല മണ്ഡലങ്ങളിലേക്കും പടരും. തട്ടകമെന്ന് വിശ്വസിച്ച തൃശൂരില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ കെ. കരുണാകരന്‍ പറഞ്ഞ പ്രസിദ്ധമായ വാക്യം ഇപ്പോള്‍ മകള്‍ക്ക് കടമെടുക്കേണ്ടി വന്നു; ‘പിന്നില്‍നിന്നും കുത്തി’. കെ. കരുണാകരനും തൊട്ടുപിന്നാലെ മുരളീധരനും ഇപ്പോള്‍ പത്മജക്കും തോല്‍വി സമ്മാനിക്കാന്‍ മാത്രം തൃശൂരിലെ കോണ്‍ഗ്രസില്‍ അവരോട് ആര്‍ക്കിത്ര വിരോധമെന്നാണ് ചോദ്യം. തേറമ്പിലിനെപ്പോലുള്ളവര്‍ പതിവായി ജയിക്കുന്ന മണ്ഡലം തനിക്ക് ബാലികേറാമലയാവാന്‍ കാരണക്കാര്‍ പാളയത്തില്‍ത്തന്നെയെന്നാണ് പത്മജ പറയുന്നത്. സി.എന്‍. ബാലകൃഷ്ണനെ പ്രചാരണ രംഗത്ത് ഒരുദിവസം മാത്രമാണ് കണ്ടതെന്ന് പത്മജ പറയുന്നു. കാലുപിടിച്ചിട്ടും മുതിര്‍ന്ന നേതാക്കള്‍ ഇറങ്ങിയില്ളെന്ന് അവര്‍ പറയുമ്പോള്‍ പ്രചാരണ നാളുകളില്‍ പാര്‍ട്ടിയുടെ അകത്തളങ്ങളില്‍ ഉയര്‍ന്നു കേട്ടതും പത്മജ നിഷേധിച്ചതുമായ ആക്ഷേപം അവര്‍ തന്നെ ശരിവെക്കുകയാണ്. വോട്ടെടുപ്പിന്‍െറ ആദ്യ മണിക്കൂറുകളിലൊന്നില്‍ യു.ഡി.എഫിന് ഭരണത്തുടര്‍ച്ച പ്രതീക്ഷിക്കുന്നില്ളെന്ന് സി.എന്‍ പറഞ്ഞത് തനിക്കുള്ള കുറേ വോട്ടുകള്‍ ചോരാന്‍ ഇടയാക്കിയെന്ന് പത്മജ കരുതുന്നു. തനിക്കുവേണ്ടി ഇറങ്ങിയ സാധാരണ പ്രവര്‍ത്തകരെ നയിക്കാന്‍ താന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ജില്ലയില്‍ ശക്തമായ നേതൃത്വം പാര്‍ട്ടിക്കില്ളെന്നും പത്മജ പറഞ്ഞതിന്‍െറ പൊരുള്‍ ഡി.സി.സി പ്രസിഡന്‍റ് ഒ. അബ്ദുറഹ്മാന്‍ കുട്ടിയുടെ മണലൂരിലെ തോല്‍വിയിലും ഡി.സി.സി ആക്ടിങ് പ്രസിഡന്‍റ് പി.എ. മാധവന്‍ എം.എല്‍.എയുടെ നിസ്സഹായാവസ്ഥയിലും വായിക്കാം. ‘എല്ലാം സ്ഥാനാര്‍ഥി തന്നെ ചെയ്യേണ്ടി വന്നു’ എന്ന് അവര്‍ പറഞ്ഞതിനര്‍ഥം ജില്ലയില്‍ പാര്‍ട്ടിക്ക് നേതൃത്വമില്ല എന്നു തന്നെയാണ്. പത്മജ ഉന്നയിക്കുന്ന മറ്റൊരു ആരോപണം ബി.ജെ.പി വോട്ടിന്‍െറ ഒഴുക്കാണ്. അത് സ്വാഭാവികമായും തേറമ്പില്‍ രാമകൃഷ്ണനെ ഉന്നംവെച്ചാണ്. തേറമ്പില്‍ പതിവായി ജയിക്കുന്നിനു പിന്നില്‍ ബി.ജെ.പിയുടെ സഹായമുണ്ടെന്ന് കാലങ്ങളായി തൃശൂരിലെ രാഷ്ട്രീയ വര്‍ത്തമാനമാണ്. ‘തോല്‍ക്കുമ്പോഴുള്ള വിഷമമാണ് അവര്‍ പറഞ്ഞത്. തോറ്റാല്‍ അതിന് ഉത്തരവാദികളായി ആരെയെങ്കിലും പറയണ്ടേ, അതാണ് ഞങ്ങളുടെ പാര്‍ട്ടിയുടെ അവസ്ഥ’-ഇതാണ് പത്മജയുടെ ആരോപണത്തോട് സി.എന്‍. ബാലകൃഷ്ണന്‍െറ പ്രതികരണം. തോല്‍വിയുടെ ഉത്തരവാദിത്തത്തില്‍നിന്ന് സംസ്ഥാന നേതൃത്വത്തിന് മാറിനില്‍ക്കാനാവില്ളെന്ന് സി.എന്‍ പറയുന്നതിനും മറ്റര്‍ഥങ്ങളുണ്ട്. ഐ ഗ്രൂപ്പുകാരനായ എം.പി. വിന്‍സെന്‍റിന് പകരം ഒല്ലൂര്‍ സീറ്റില്‍ താന്‍ നിര്‍ദേശിക്കുന്നയാള്‍ക്ക് സീറ്റ് നല്‍കണമെന്ന് സി.എന്‍ ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, താന്‍ പിന്മാറുമ്പോള്‍ വടക്കാഞ്ചേരിയില്‍ സീറ്റ് കിട്ടുന്നത് അനില്‍ അക്കരക്കാവരുത് എന്നും ആവശ്യമുണ്ടായിരുന്നു. സി.എന്നും അനിലും തമ്മിലെ വടംവലിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. തൃശൂര്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ മകളെ മേയറാക്കാന്‍ സി.എന്‍ ബി.ജെ.പി ബാന്ധവത്തിനുപോലും ശ്രമിച്ചെന്ന് ആക്ഷേപിച്ചത് ഐ ഗ്രൂപ് തന്നെയായിരുന്നു. ജില്ലാ കോണ്‍ഗ്രസില്‍ മാത്രമല്ല സ്വന്തം ഗ്രൂപ്പിലും തന്‍െറ അപ്രമാദിത്വം അയയുന്നതില്‍ സി.എന്‍ അസ്വസ്ഥനാണ്. ഗ്രൂപ്പിനകത്തെ ഗ്രൂപ്പില്‍ സി.എന്നും തേറമ്പിലും ഒന്നാണുതാനും. താന്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം ആലോചിച്ചിട്ടില്ളേയില്ളെന്നാണ് സി.എന്‍ പറയുന്നത്. ‘തോല്‍വിയുടെ കാരണങ്ങളെക്കുറിച്ച് കെ.പി.സി.സി അന്വേഷിച്ച് കുറ്റക്കാരുണ്ടെങ്കില്‍ ശിക്ഷിക്കട്ടെ. ഏതായാലും ഞാനും തേറമ്പിലും ശിക്ഷിക്കപ്പെടുന്നവരുടെ കൂട്ടത്തില്‍ ഉണ്ടാവില്ല’ എന്ന സി.എന്നിന്‍െറ മറുപടിയിലും അസ്വസ്ഥരുടെ ഐക്യം നിഴലിക്കുന്നുണ്ട്. തൃശൂരില്‍ പത്മജ ജയിക്കേണ്ടത് തന്‍െറ കൂടി ആവശ്യമായിരുന്നെന്ന തേറമ്പില്‍ രാമകൃഷ്ണന്‍െറ മറുപടി ഇത്തരം പുലിവാലുകളൊക്കെ പ്രതീക്ഷിച്ചിരുന്നു എന്ന് ധ്വനിപ്പിക്കുന്നതാണ്. നന്ദികേട് കാട്ടുന്നത് തന്‍െറ പണിയല്ളെന്ന പ്രസ്താവനയിലൂടെ, കെ. കരുണാകരന്‍െറ കാലം മുതല്‍ ഉന്നയിക്കപ്പെടുന്ന ആരോപണത്തിന്‍െറ നിഴലില്‍ത്തന്നെ നിര്‍ത്തരുതെന്ന ആവശ്യവുമുണ്ട്. ‘നാമനിര്‍ദേശ പത്രിക കൊടുക്കാത്ത സ്ഥാനാര്‍ഥിയെപ്പോലെ താന്‍ സ്ഥിരമായി പ്രചാരണ രംഗത്തുണ്ടായിരുന്നു. പ്രൈമറി ക്ളാസില്‍ പഠിക്കുന്ന കുട്ടിക്കെന്ന പോലെ പത്മജക്ക് ഓരോന്നും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. അങ്ങനെ ചെയ്യുന്നതും ശരിയല്ല. അവര്‍ കെ.പി.സി.സി സെക്രട്ടറിയാണ്. ചോദിച്ചപ്പോഴെല്ലാം ഉപദേശവും നിര്‍ദേശവും കൊടുത്തിട്ടുണ്ട്’ -തേറമ്പില്‍ പറയുന്നു. മത്സരിച്ചത് താനായിരുന്നെങ്കില്‍ ജയിക്കുമായിരുന്നോ എന്ന ചോദ്യത്തിന് പരോക്ഷമായാണ് തേറമ്പിലിന്‍െറ മറുപടി. ‘ജയിക്കുമായിരിക്കും; അതേ അവസരം പത്മജക്കും ഉണ്ടായിരുന്നു’.തോല്‍വിയെപ്പറ്റി സ്വാഭാവികമായും പാര്‍ട്ടി അന്വേഷിക്കും. പത്മജയുടെ പരാതി കൂടിയാവുമ്പോള്‍ അന്വേഷണം ഉറപ്പ്. സംഘടനാ ദൗര്‍ബല്യവും പരിശോധിക്കപ്പെടും. പക്ഷേ, അന്വേഷണം തൃശൂര്‍ മണ്ഡലത്തിലെ തോല്‍വിയില്‍ ഒതുങ്ങാന്‍ ഇടയില്ല. വടക്കാഞ്ചേരിയിലെ അവസ്ഥയും അന്വേഷിക്കാനാണ് സാധ്യത. സി.എന്‍. ബാലകൃഷ്ണന്‍ ഒഴിഞ്ഞ മണ്ഡലമാണത്, അപൂര്‍വ അട്ടിമറികളില്‍ മാത്രം കോണ്‍ഗ്രസ് പുറത്താവുന്ന മണ്ഡലം. ‘എന്‍െറ ജയം സി.എന്‍. ബാലകൃഷ്ണനും മകള്‍ സി.ബി. ഗീതക്കും സമര്‍പ്പിക്കുന്നു’ എന്നാണ് അനില്‍ അക്കര പറഞ്ഞത്. അതില്‍ ദുസ്സൂചനകള്‍ ഏറെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.