പുതിയ ജനപ്രതിനിധികളില്‍ പ്രതീക്ഷയര്‍പ്പിച്ച് ജില്ല

തൃശൂര്‍: ഭരണ-പ്രതിപക്ഷ വേര്‍തിരിവില്‍ ഇനിയും വികസനം സാധ്യമാകാത്ത ജില്ലക്ക് പുതിയ ജനപ്രതിനിധികളില്‍ പ്രതീക്ഷകള്‍ ഏറെയാണ്. മെട്രോസിറ്റിയായി വളരുന്ന നഗരത്തില്‍ ഏറെക്കാലം മുമ്പ് തന്നെ നടപ്പാകേണ്ട ഒട്ടേറെ പദ്ധതികള്‍ ഇനിയും അനക്കമറ്റ് കിടക്കുകയാണ്. ഭരണമാറ്റത്തില്‍ ജില്ലയുടെ വികസനത്തിന് ഐക്യത്തോടെ ശ്രമമുണ്ടാവുമെന്നാണ് പ്രതീക്ഷ. ഗതാഗതക്കുരുക്ക്, കുടിവെള്ള ക്ഷാമം, ആരോഗ്യമേഖല തുടങ്ങി പുതിയ ജനപ്രതിനിധികള്‍ക്ക് ഇടപെടാന്‍ പ്രശ്നങ്ങള്‍ നിരവധിയാണ്. നഗരത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയായ ഗതാഗതക്കുരുക്കും കുടിവെള്ളപ്രശ്നവും പരിഹരിക്കലാണ് തൃശൂരിന്‍െറ എം.എല്‍.എ അഡ്വ. വി.എസ്. സുനില്‍കുമാറിന് മുന്നിലെ പ്രധാന കടമ്പ. സ്വന്തമായി ജല അതോറിറ്റിയുള്ള കോര്‍പറേഷനിലെ കുടിവെള്ളക്ഷാമം തീര്‍ക്കാന്‍ നേരത്തെ ഇടതുമുന്നണി അവതരിപ്പിച്ച കരുവന്നൂര്‍ പദ്ധതിയുണ്ട്. എല്ലാവര്‍ക്കും ശുദ്ധജലം ലക്ഷ്യമിടുന്ന, 177 കോടി രൂപ ചെലവ് വരുന്ന ബൃഹത് പദ്ധതിയുടെ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. തൃശൂര്‍ എം.പിയും തൃശൂര്‍ എം.എല്‍.എയും കോര്‍പറേഷനും ഒരു മുന്നണിയിലാണെന്നതിനാല്‍ ജനങ്ങള്‍ക്ക് പ്രതീക്ഷ ഏറെയാണ്. ആവശ്യത്തിന് ജീവനക്കാരും സൗകര്യങ്ങളുമില്ലാതെ വലയുകയാണ് ജില്ലാ ആശുപത്രി. ജീവനക്കാരില്ലാതെ ചില വിഭാഗങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലുമാണ്. വൃക്കരോഗികള്‍ക്ക് ഡയാലിസിസ്, കാന്‍സര്‍ ബാധിതര്‍ക്ക് റേഡിയേഷന്‍ തുടങ്ങിയ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചും ന്യൂറോ-സര്‍ജറി, പള്‍മണോളജി വിഭാഗങ്ങളില്‍ ആധുനിക ചികിത്സ ഏര്‍പ്പെടുത്തിയും ആധുനിക ലബോറട്ടറി സൗകര്യം ഒരുക്കിയും ആശുപത്രി ആധുനികവത്കരിക്കേണ്ടത് പുതിയ ജനപ്രതിനിധികളുടെ ബാധ്യതയാണ്. ശക്തന്‍ തമ്പുരാന്‍ സ്റ്റാന്‍ഡ്, വടക്കേ സ്റ്റാന്‍ഡ് എന്നിവയുടെയും കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന്‍െറയും നവീകരണവും അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്നു. തൃശൂര്‍ -പൊന്നാനി കോള്‍ വികസന പദ്ധതി പുന$സമര്‍പ്പണം, അഴീക്കോട് -മുനമ്പം പാലം നിര്‍മാണം, മുസ്രിസ് തുറമുഖം എന്നിവ ജില്ല കാത്തിരിക്കുന്ന പദ്ധതികളാണ്. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ്, ഡെന്‍റല്‍ കോളജ് എന്നിവയുടെ വികസനം, ഭാരതപ്പുഴ നവീകരണം, മൃഗശാല പുത്തൂരിലേക്ക് മാറ്റിസ്ഥാപിക്കല്‍ എന്നിവയെല്ലാം നടപടി കാത്തുകിടക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.