ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന്‍െറ സീലിങ് അടര്‍ന്നുവീണ് ബസ് ജീവനക്കാരന് പരിക്ക്

ഗുരുവായൂര്‍: കിഴക്കെനടയിലെ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന്‍െറ സീലിങ്ങിലെ സിമന്‍റ് പ്ളാസ്റ്ററിങ് അടര്‍ന്നുവീണ് ബസ് ജീവനക്കാരന് പരിക്ക്. ഗുരുവായൂര്‍ -കോഴിക്കോട് റൂട്ടിലോടുന്ന അമ്പാടി ബസിലെ ജീവനക്കാരന്‍ ഗോപാലകൃഷ്ണനാണ് (കുട്ടന്‍ -49) പരിക്കേറ്റത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ തലയില്‍ ഒമ്പത് തുന്നലുണ്ട്. ബുധനാഴ്ച ഉച്ചക്കാണ് അപകടം. ബസ് സ്റ്റാന്‍ഡിനുള്ളില്‍ മൊബൈലില്‍ സംസാരിച്ചുനിന്നിരുന്ന ഗോപാലകൃഷ്ണന്‍െറ തലയിലേക്ക് പ്ളാസ്റ്ററിങ് ഇളകി വീഴുകയായിരുന്നു. അഞ്ച് വര്‍ഷത്തോളമായി സ്റ്റാന്‍ഡിന്‍െറ മേല്‍ക്കൂരയിലെ പ്ളാസ്റ്ററിങ് പലഭാഗത്തായി ഇളകി വീഴാറുണ്ട്. പലപ്പോഴും ആളില്ലാത്ത ഭാഗത്താണ് വീഴാറുള്ളത് എന്നതിനാല്‍ അപകടം സംഭവിക്കാറില്ല. ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കണമെങ്കില്‍ ഹെല്‍മെറ്റ് ധരിക്കേണ്ട അവസ്ഥയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ബസ് സ്റ്റാന്‍ഡ് കെട്ടിടം അപകടാവസ്ഥയിലാണെന്ന് 2010ല്‍ മുനിസിപ്പല്‍ എന്‍ജിനീയര്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് കെട്ടിടത്തിലേക്ക് ആളെ പ്രവേശിപ്പിക്കാത്ത രീതിയില്‍ അടച്ചുകെട്ടിയിരുന്നു. എന്നാല്‍, സമ്മര്‍ദങ്ങളെ തുടര്‍ന്ന് വീണ്ടും തുറന്നു. ഇതിനുശേഷം കൂറ്റന്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ സ്വകാര്യ ഏജന്‍സിക്ക് അനുമതി നല്‍കിയത് വിവാദമായിരുന്നു. ബസ് സ്റ്റാന്‍ഡിലെ ഇരിപ്പിടങ്ങളെല്ലാം പൊട്ടിപ്പൊളിഞ്ഞ് ദയനീയാവസ്ഥയിലാണ്. പുതിയ ബസ് സ്റ്റാന്‍ഡ് കെട്ടിടം നിര്‍മിക്കുന്ന കഴിഞ്ഞ നഗരസഭ ഭരണസമിതി പ്രഖ്യാപിച്ചിരുന്നെങ്കിലും നടന്നില്ല. കേന്ദ്ര സര്‍ക്കാറില്‍ നിന്നുള്ള പദ്ധതി വഴി നിര്‍മിക്കുമെന്നാണ് ഇപ്പോള്‍ പറയുന്നത്. പരിക്കേറ്റ ജീവനക്കാരനെ നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.