കാറ്റും മഴയും; പരക്കെ കൃഷിനാശം

കുന്നംകുളം: കനത്ത കാറ്റും മഴയും കുന്നംകുളത്തും പരിസരത്തും വ്യാപക നാശം വിതച്ചു. വിവിധയിടങ്ങളില്‍ കൃഷി നശിച്ചു. വൈദ്യുതി കമ്പികളില്‍ മരം വീണ് വൈദ്യുതി ബന്ധം താറുമാറായി. അടുപ്പൂട്ടി കുന്നില്‍ ഷീറ്റുമേഞ്ഞ വീട് പൂര്‍ണമായും തകര്‍ന്നു. പുലിക്കോട്ടില്‍ പരേതനായ കുഞ്ഞപ്പന്‍െറ ഭാര്യ മാത്തിരിയുടെ വീടാണ് തകര്‍ന്നത്. ചൊവ്വാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. വീടിന്‍െറ മേല്‍ക്കൂര പറന്ന് സമീപത്തെ വീടിന്‍െറ മുകളിലത്തെി. വീട്ടില്‍ തനിച്ച് താമസിക്കുന്ന മാത്തിരി സംഭവസമയം ആനായ്ക്കലുള്ള മകള്‍ സുമയുടെ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു.ചിറ്റഞ്ഞൂര്‍ പണ്ടിരിക്കല്‍ സോമന്‍െറ 200 നേന്ത്രവാഴകള്‍ ഒടിഞ്ഞു. കുലച്ച് വെട്ടാന്‍ പാകമായവയായിരുന്നു ഇവ. ചൊവ്വന്നൂര്‍ കല്ലഴിക്കുന്ന് ക്ഷേത്രാങ്കണത്തിലെ ആല്‍മരത്തിന്‍െറ കൊമ്പ് വീണ് ക്ഷേത്ര കമ്മിറ്റി ഓഫിസ് തകര്‍ന്നു. കല്ലഴികുന്നില്‍ വീടിന്‍െറ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്ന് താഴെ വീണു. പഴഞ്ഞി പട്ടിത്തടം പാമ്പുകാവില്‍ നൂറിലധികം വര്‍ഷം പഴക്കമുള്ള പടുകൂറ്റന്‍ പാലമരം കടപുഴകി. സമീപത്തെ പറമ്പിന്‍െറ മതിലും കിണറുകളും ആള്‍മറയും തകര്‍ന്നു. കല്ലഴിക്കുന്ന് കൊരട്ടിയില്‍ സുന്ദരന്‍െറ ഷീറ്റ് മേഞ്ഞ വീട് മരങ്ങള്‍ വീണ് തകര്‍ന്നു. കൂലിപ്പണിക്കാരനായ സുന്ദരന്‍െറ ഭാര്യയും മൂന്നുമക്കളും ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. പാടൂര്‍: സെന്‍ററിനടുത്ത് ചൊവ്വാഴ്ച രാത്രി ഉണ്ടായ ശക്തമായ കാറ്റില്‍ കല്ലിങ്കല്‍ സുരേന്ദ്രന്‍െറ വീടിന്‍െറ മുകളില്‍ തെങ്ങ് വീണു. ടെറസിന്‍െറ ഒരുഭാഗവും അടുക്കളയും തകര്‍ന്നു. ഏഴുമണിക്കാണ് സംഭവം. മുറ്റത്തുള്ള തെങ്ങ് കടമുറിഞ്ഞ് വീടിന് മുകളില്‍ വീഴുകയായിരുന്നു. വാര്‍ഡ് അംഗം സജി സാദത്ത്, ബ്ളോക്ക് പഞ്ചായത്ത് അംഗം ജിഷ പ്രമോദ് എന്നിവര്‍ വീട് സന്ദര്‍ശിച്ചു. ആളപായമില്ല. പാവറട്ടി: കനത്ത കാറ്റിലും മഴയിലും വാഴത്തോട്ടം നശിച്ചു. എളവള്ളി വാക കാക്കതിരുത്തില്‍ പാവറട്ടി സ്വദേശി എലുവത്തിങ്കല്‍ പീറ്ററിന്‍െറ വാഴത്തോട്ടമാണ് ചൊവ്വാഴ്ച രാത്രിയിലെ മഴയിലും കാറ്റിലും നശിച്ചത്. 900 എണ്ണം കുലച്ച് പകുതി പാകമായതും കുലവെട്ടാറായതുമായ നേന്ത്രവാഴകളും 200 ഞാലിപ്പൂവന്‍, മൈസൂര്‍ എന്നിവയുമാണ് മറിഞ്ഞുവീണത്. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ പറഞ്ഞു. എളവള്ളി കൃഷി അസിസ്റ്റന്‍റും കൃഷി ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.