ആറുവരിപ്പാത നിര്‍മാണം പുരോഗമിക്കുന്നു

മണ്ണുത്തി: സംസ്ഥാനത്ത് ആദ്യം വിഭാവനം ചെയ്ത 60 മീറ്റര്‍ പാതയായും ഒരു ദശകത്തിലേറെയായി മുടങ്ങിക്കിടന്നതുമായ മണ്ണുത്തി -വടക്കഞ്ചേരി ആറുവരിപ്പാതയുടെ നിര്‍മാണം പുരോഗമിക്കുന്നു. ഇതോടൊപ്പം നിര്‍മാണം തുടങ്ങിയ മണ്ണുത്തി -അങ്കമാലി, വടക്കഞ്ചേരി -വാളയര്‍ നാലുവരിപ്പാതകള്‍ സഞ്ചാരയോഗ്യമായ ശേഷമാണ് മൂന്നുമാസം മുമ്പ് ആറുവരിപ്പാത നിര്‍മാണം ആരംഭിച്ചത്. റോഡ് നിരപ്പാക്കല്‍ ജോലിയും പാറ പൊട്ടിക്കലും ദ്രുതഗതിയില്‍ മുന്നോട്ട് പോവുകയാണ്. ഒരുവര്‍ഷത്തിനകം പണി പൂര്‍ത്തിയാക്കാനാവുമെനാണ് ദേശീയപാത അധികൃതരുടെ അവകാശവാദം. 600 കോടി രൂപ ചെലവില്‍ മണ്ണുത്തി മുതല്‍ വടക്കഞ്ചേരി വരെ 32 കിലോമീറ്റര്‍ ആറുവരിപ്പാത നിര്‍മാണം തുടങ്ങിയത് 2005ലാണ്. തൃശൂര്‍ എക്സ്പ്രസ് വേ എന്ന പേരില്‍ ആന്ധ്രയിലെ കെ.എം.സി കമ്പനിയാണ് നിര്‍മാണത്തിന് കരാറെടുത്തത്. കുതിരാന്‍ ഭാഗത്ത് തുരങ്കപ്പാത നിര്‍മിക്കേണ്ടതുണ്ട്. തുരങ്കമുഖത്തെ കല്ലുകള്‍ നീക്കിയെങ്കിലും പാറ തുരന്നു തുടങ്ങിയിട്ടില്ല. പ്രഗതി ഏന്‍ജിനീയറിങ് കമ്പനിക്കാണ് തുരങ്ക നിര്‍മാണ കരാര്‍. വഴുക്കുമ്പാറ മുതല്‍ ഇരുമ്പുപാലം നരികിടന്നമട വരെ 26 മീറ്റര്‍ അകലത്തില്‍ പതിമൂന്നര മീറ്റര്‍ വീതിയുള്ള രണ്ട് തുരങ്കങ്ങള്‍ക്ക് 300 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. നീലിപ്പാറയില്‍ മുമ്പ് പാറപൊട്ടിച്ച് തുടങ്ങിയെങ്കിലും അത് നിലച്ചിരുന്നു. ഇപ്പോള്‍ അതും പുനരാരംഭിച്ചിട്ടുണ്ട്. ഏപ്രില്‍ ആദ്യത്തോടെ ബൂമര്‍ യന്ത്രം ഉപയോഗിച്ച് പാറ തുരന്ന് തുരങ്കവും തീര്‍ക്കും. മേല്‍പാലങ്ങളുടെ നിര്‍മാണം വേഗത്തിലാണ്. മണ്ണുത്തിയിലും വടക്കഞ്ചേരിയിലും ഇരുമ്പുപാലത്തിലും മേല്‍പാല നിര്‍മാണവും വേഗത്തിലാണ്. ഇരുമ്പുപാലത്തിന് സമീപം രണ്ട് ചെറു പാലങ്ങള്‍, പൈലിങ്, കോണ്‍ഗ്രീറ്റ് തൂണുകളുടെ നിര്‍മാണം, തൂണുകളില്‍ സ്ഥാപിക്കാനുള്ള ഗര്‍ഡറുകളുടെ പ്രവര്‍ത്തനങ്ങളും തകൃതിയാണ്. ടാസ്കണ്‍ കമ്പനിയാണ് ഇരുമ്പുപാലത്തെ പാലം നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. അടിപ്പാത നിര്‍മാണം സംബന്ധിച്ച കാര്യത്തില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. പട്ടിക്കാട്, സര്‍വകലാശാല ആസ്ഥാനം എന്നിവിടങ്ങളിലാണ് അടിപ്പാത നിര്‍മിക്കുന്നത്. ഇടക്കിടെ അപകടം നടക്കുന്ന മുളയത്ത് അടിപ്പാത വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മനുഷ്യാവകാശ കമീഷനും കലക്ടറും അടക്കം ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തില്‍ അധികൃതര്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. അടിപ്പാതയില്ലാതെ ഇവിടെ റോഡ് നിര്‍മാണം അനുവദിക്കില്ളെന്നാണ് നാട്ടകാരുടെ നിലപാട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.