തൃശൂര്‍: താരപരിവേഷം ഇല്ലാത്ത സാധാരണക്കാരന്‍. ഒരുവട്ടം പരിചയപ്പെട്ടവര്‍ക്കുപോലും കലാഭവന്‍ മണി തങ്ങളിലൊരുവനാണെന്ന് തോന്നി. രാഷ്ട്രീയനേതാക്കള്‍ക്കും സിനിമാ -സാംസ്കാരിക പ്രവര്‍ത്തകര്‍ക്കുമൊപ്പം അവസാനമായി ഒരുനോക്ക് കാണാന്‍ പൊരിവെയിലിലും മണിക്കൂറുകള്‍ കാത്തുനിന്ന സ്ത്രീകളും ഓട്ടോ ഡ്രൈവര്‍മാരും കുട്ടികളുമടങ്ങിയ സാധാരണക്കാരായ ജനസഞ്ചയം ആ നടന്‍െറ സമാനതയില്ലാത്ത ജനകീയതയുടെ നേര്‍ക്കാഴ്ചയായിരുന്നു. മണിയെന്ന മനുഷ്യസ്നേഹിയുടെ സഹായങ്ങള്‍ ഏറ്റുവാങ്ങിയവര്‍, ആ സ്നേഹം അനുഭവിച്ചവര്‍... എത്ര നിയന്ത്രിച്ചിട്ടും അവസാന കാഴ്ചയില്‍ അവര്‍ പൊട്ടിക്കരഞ്ഞുപോയി. പൊതുദര്‍ശനത്തിന് വെച്ചയിടങ്ങളിലെല്ലാം സ്ത്രീകള്‍ കരഞ്ഞുവീര്‍ത്ത മുഖങ്ങളുമായി തടിച്ചുകൂടി. ഒരുകാലത്ത് തങ്ങളുടെ സഹപ്രവര്‍ത്തകനായിരുന്ന മണിയെ കാണാന്‍ നിറകണ്ണുകളുമായി ഓട്ടോ ഡ്രൈവര്‍മാര്‍ നിരന്നു. മുന്നില്‍ സഹായം തേടിയത്തെിയവരെ വെറും കൈയോടെ മടക്കിയയച്ച ചരിത്രം മണിക്കില്ല. ചാലക്കുടിയിലെ വീട്ടിലുണ്ടെന്നറിഞ്ഞാല്‍ നൂറുനൂറ് ആവശ്യങ്ങളുമായി നിരവധി പേരത്തെും. കഴിയുന്ന സഹായം എല്ലാവര്‍ക്കും നല്‍കും. കണ്ണീര്‍നനവുള്ള അത്തരം ഓര്‍മകളാണ് തിങ്കളാഴ്ച ചാലക്കുടിയിലെ വീടിന് മുന്നില്‍ അവശത മറന്നും എത്തിയ പലര്‍ക്കും പങ്കുവെക്കാനുണ്ടായിരുന്നത്. ജീവിതാനുഭവങ്ങളായിരുന്നു എന്നും മണിയുടെ പാഠപുസ്തകം. അതുകൊണ്ടുതന്നെ അന്യന്‍െറ വേദനകള്‍ക്ക് മുന്നില്‍ ഒരിക്കലും അദ്ദേഹം മുഖം തിരിച്ചില്ല. ഓട്ടോറിക്ഷയും ഓട്ടോ ഡ്രൈവര്‍മാരും എന്നും മണിക്ക് ഏറെ പ്രിയമായിരുന്നു. ജീവിക്കാന്‍ ഓട്ടോ ഓടിച്ചതും ആ വേഷത്തിലൂടെ സിനിമയില്‍ എത്തിയതും ഇതിന് ഒരു കാരണമാണ്. ഒരിക്കല്‍ മണി പറഞ്ഞു: ‘എല്ലാ ആഘോഷങ്ങളിലും ഞാന്‍ ചാലക്കുടിയില്‍ സജീവമാണ്. അത് ഓണമായാലും വിഷു ആയാലും ക്രിസ്മസ് ആയാലും. ഓണനാളില്‍ ഇപ്പോഴും ഓട്ടോയെടുത്ത് ഞാന്‍ ജങ്ഷനില്‍ പോകാറുണ്ട്. സവാരിക്കായി കയറുന്നയാള്‍ ആദ്യം നമ്മുടെ മുഖമൊന്നും ശ്രദ്ധിക്കില്ല. ഇറങ്ങിക്കഴിഞ്ഞ് പൈസ തരുമ്പോള്‍ എന്‍െറ മുഖം കണ്ട് അവര്‍ ഞെട്ടും. അപ്പോള്‍ ഞാന്‍ ഒന്ന് നീട്ടി ചിരിക്കും’. അതായിരുന്നു കലാഭവന്‍ മണിയെന്ന പച്ചമനുഷ്യന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.