പ്രമുഖ പാര്‍ട്ടി നേതാക്കള്‍ സി.പി.എമ്മിലേക്ക്

വാടാനപ്പള്ളി: വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ കോണ്‍ഗ്രസ്, മുസ്ലിംലീഗ്, ജനതാദള്‍, ആം ആദ്മി പാര്‍ട്ടികളുടെ നേതൃത്വനിരയില്‍ പ്രവര്‍ത്തിച്ചവരും അനുഭാവികളുമടക്കം 500ഓളം പേര്‍ സി.പി.എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി വഴിയോര കച്ചവട സംഘം ഐ.എന്‍.ടി.യു.സി യൂനിയന്‍ നിയോജകമണ്ഡലം പ്രസിഡന്‍റ് പി.കെ. അബ്ദുല്‍ ജബ്ബാര്‍, ലീഗ് പഞ്ചായത്ത് മുന്‍ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന വി.എച്ച്. ഷൗക്കത്തലി, ആര്‍.എ. ഷൗക്കത്തലി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോണ്‍ഗ്രസ് ബൂത്ത് ഭാരവാഹികളായ പി.ബി. മുഹമ്മദ്, ജനതാദള്‍ നേതാവ് ഭാസ്കരന്‍ നായര്‍, ആം ആദ്മി പാര്‍ട്ടി നേതാവ് ഹൈദ്രോസ് എന്നിവരുടെ നേതൃത്വത്തിലാണ് സ്ത്രീകളടക്കം സി.പി.എമ്മില്‍ ചേരുന്നത്. കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നതോടെ ദലിത് ന്യൂനപക്ഷങ്ങളെയും സാംസ്കാരിക പ്രവര്‍ത്തകരെയും വിദ്യാര്‍ഥികളെയും കടന്നാക്രമിക്കുകയാണ്. ഇത് പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നിലെന്ന് അവര്‍ കുറ്റപ്പെടുത്തി. ബി.ജെ.പി -യു.ഡി.എഫ് സര്‍ക്കാറുകള്‍ അഴിമതി ഭരണമാണ് നടത്തിവരുന്നത്. കോണ്‍ഗ്രസ് ജീര്‍ണാവസ്ഥയിലാണ്. അതിക്രമങ്ങളെ നേരിടാനും മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാനും സി.പി.എമ്മിന് മാത്രമേ കഴിയൂ എന്ന വിശ്വാസത്തിലാണ് സി.പി.എമ്മില്‍ ചേരുന്നതെന്ന് പാര്‍ട്ടിവിട്ടവര്‍ പറഞ്ഞു. തെറ്റായ നിലപാടുകളാണ് കോണ്‍ഗ്രസ് നടത്തിവരുന്നത്. വിവിധ പാര്‍ട്ടിയില്‍നിന്ന് സി.പി.എമ്മില്‍ ചേരുന്നവര്‍ക്കുള്ള സ്വീകരണ സമ്മേളനം ചൊവ്വാഴ്ച വൈകീട്ട് വാടാനപ്പള്ളിയില്‍ നടത്തുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സി.പി.എം ലോക്കല്‍ സെക്രട്ടറി കെ.സി. പ്രസാദ്, നേതാക്കളായ പി.വി. രവീന്ദ്രന്‍, കെ.എ. വിശ്വംഭരന്‍, എന്നിവര്‍ അറിയിച്ചു. വൈകീട്ട് അഞ്ചിന് ഗണശമംഗലത്തുനിന്നും ചിലങ്ക സെന്‍ററില്‍ നിന്നുമായി രണ്ട് പ്രകടനം നടക്കും. വാടാനപ്പള്ളി സെന്‍ററില്‍ കേന്ദ്രീകരിക്കുന്ന പ്രകടനം അറയ്ക്കല്‍ ഗ്രൗണ്ടില്‍ സമാപിക്കും. 5.30ന് നടക്കുന്ന സ്വീകരണ സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന -ജില്ലാ നേതാക്കളും പങ്കെടുക്കുമെന്നും സി.പി.എം നേതാക്കള്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.