വെള്ളായനി ജല ശുദ്ധീകരണ പ്ളാന്‍റ് പ്രവര്‍ത്തനം അനിശ്ചിതത്വത്തില്‍

കൊടുങ്ങല്ലൂര്‍: വെള്ളായനി ജല ശുദ്ധീകരണ പ്ളാന്‍റിന്‍െറ മേല്‍നോട്ടം വഹിച്ചിരുന്ന സെക്ഷന്‍ ഓഫിസ് മുന്നറിയിപ്പില്ലാതെ മാറ്റി. ശുദ്ധജല വിതരണം അപ്പാടെ താളം തെറ്റിക്കുന്ന ധിറുതിപിടിച്ച നടപടിക്ക് പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങളെന്ന് സൂചന. തീരദേശ മേഖലയില്‍ ഉള്‍പ്പെടെ 12 ഓളം പഞ്ചായത്തുകളില്‍ ശുദ്ധജല വിതരണത്തിനുള്ള പ്ളാന്‍റാണിത്. വെള്ളായനി ശുദ്ധീകരണ പ്ളാന്‍റിന്‍െറ ചുമതല 25 കി.മീ ദൂരെയുള്ള മതിലകം സെക്ഷന്‍ ഓഫിസിന് നല്‍കി. ഒരു ഓവര്‍സിയറെ പോലും മതിലകം സെക്ഷനിലേക്ക് അധികം നല്‍കിയിട്ടുമില്ല. ഈ സാഹചര്യത്തില്‍ വെള്ളായനി ജലശുദ്ധീകരണശാലയുടെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായി. സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരുടെ അടിയന്തര ശ്രദ്ധ സദാസമയം ആവശ്യമുള്ള വെള്ളായനിയിലെ കാര്യങ്ങള്‍ മതിലകത്ത് നിര്‍വഹിക്കുക അപ്രായോഗികമാണ്. പൈപ്പ് പൊട്ടലും, വൈദ്യുതി സ്തംഭനവും മറ്റ് തകരാറുകളും മൂലം ശുദ്ധജല വിതരണം സദാ തടസ്സപ്പെടുന്ന തീരമേഖലയില്‍ വെള്ളായനി സെക്ഷന്‍ ഓഫിസ് നിര്‍ത്തിയതോടെ സ്ഥിതി കൂടുതല്‍ വഷളാകും. നാട്ടിക ഫര്‍ക്ക ശുദ്ധജല വിതരണ പദ്ധതി 1990ല്‍ കമീഷന്‍ ചെയ്തപ്പോള്‍ നിലവില്‍ വന്നതാണ് വെള്ളായനിയിലെ സെക്ഷന്‍ ഓഫിസ്. കരുവന്നൂര്‍ പുഴയിലെ ഇല്ലിക്കല്‍ പമ്പ് ഹൗസില്‍ നിന്ന് വെള്ളം വെള്ളായനി പ്ളാന്‍റിലത്തെി ശുദ്ധീകരിച്ചാണ് തീരദേശത്തെ 10 പഞ്ചായത്തുകളില്‍ പൂര്‍ണമായും മണലൂര്‍, പടിയൂര്‍ പഞ്ചായത്തുകളില്‍ ഭാഗികമായും വിതരണം ചെയ്യുന്നത്. 40 എച്ച്.പിയും 100 എച്ച്.പിക്കും ഇടയിലുള്ള ആറ് മോട്ടോറുകള്‍ പ്രവര്‍ത്തിക്കുന്ന വെള്ളായനി പ്ളാന്‍റിനൊപ്പം, ഇല്ലിക്കല്‍ പമ്പ് ഹൗസിന്‍െറ മേല്‍നോട്ടവും ഹെഡ്വര്‍ക്ക് സെക്ഷനായ വെള്ളായനിക്കായിരുന്നു. 700 എം.എം, 600 എം.എം വ്യാസങ്ങളിലുള്ള പമ്പിങ് ലൈനാണ് സെക്ഷന്‍െറ പരിധിയില്‍ വരുന്നത്.വെള്ളായനിയില്‍ നിര്‍ത്തിയ സെക്ഷന്‍ ഓഫിസിന് പകരം ചാലക്കുടി സബ് ഡിവിഷന്‍െറ കീഴില്‍ രണ്ടാമതൊരു സെക്ഷന്‍ ഓഫിസ് തുറന്നു. 20 ദശലക്ഷം സംഭരണ ശേഷിയുള്ള ശുദ്ധീകരണവും ടാങ്കിന്‍െറയും ചുമതല വഹിച്ചിരുന്ന അസി. എന്‍ജിനീയര്‍ ഉള്‍പ്പെടെ ഏഴ് സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരെയാണ് ചാലക്കുടിയില്‍ സൃഷ്ടിച്ച പുതിയ സെക്ഷനിലേക്ക് മാറ്റിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.