സാമൂഹികനീതി: ഒരേ നിലപാട് സ്വീകരിച്ചത് സി.പി.ഐ –കാനം രാജേന്ദ്രന്‍

ഇരിങ്ങാലക്കുട: സാമൂഹികനീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ സ്ഥാപിക്കപ്പെട്ടതു മുതല്‍ ഒരേ നിലപാട് സ്വീകരിച്ചത് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇരിങ്ങാലക്കുട കുട്ടംകുളം സമരത്തിന്‍െറ 70ാം വാര്‍ഷികാഘോഷ ഭാഗമായി അഡ്വ. ഇ. രാജന്‍െറ ‘കുട്ടംകുളം സമരചരിത്രം’ പുസ്തക പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 1930കളില്‍ പാര്‍ട്ടി അംഗീകരിച്ച പ്രക്ഷോഭത്തിന്‍െറ പൊതുവേദി എന്ന നിലയിലാണ് സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരത്തില്‍ അയിത്തത്തിനും അന്ധവിശ്വാസത്തിനും ജാതിക്കും എതിരായിട്ടുള്ള പോരാട്ടം മുദ്രാവാക്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. സാമൂഹികനീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലൂടെ മാത്രമേ രാജ്യത്തെ മോചിപ്പിക്കാന്‍ കഴിയൂ എന്ന വിശ്വാസം കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഉണ്ടായിരുന്നു. കുട്ടംകുളം സമരവും വഴിനടക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള വൈക്കം സത്യഗ്രഹം തുടങ്ങിയ സമരങ്ങള്‍ യാദൃച്ഛികമായി കടന്നുവന്നതല്ല. പാര്‍ട്ടി തീരുമാനത്തിന്‍െറ ഭാഗമായിട്ടായിരുന്നു. സാമൂഹികനീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ പിന്നാക്കക്കാരുടെയും ദലിതരുടേയും സാധാരണക്കാരായ ഇത്തരം പോരാട്ടങ്ങളില്‍ യോജിച്ചുനിന്ന നവോത്ഥാന പ്രസ്ഥാനങ്ങളായ എസ്.എന്‍.ഡി.പിയുടെയും കെ.പി.എം.എസിന്‍െറയും വര്‍ത്തമാനകാല സാഹചര്യങ്ങളില്‍ എവിടെ നില്‍ക്കുന്നു എന്ന് അവരുടെ മുന്‍നിലപാടുകള്‍ വെച്ച് സമൂഹം പരിശോധിക്കണമെന്ന് കാനം ആവശ്യപ്പെട്ടു. ചാതുര്‍വര്‍ണ്യത്തിന് എതിരായി പോരാടിയ സംഘടനകള്‍ ചാതുര്‍വര്‍ണ്യത്തെ പുന$പ്രതിഷ്ഠിക്കുന്നതിനുവേണ്ടി ഇന്ന് നിലപാടെടുക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും കാനം പറഞ്ഞു. സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീളുന്ന കുട്ടംകുളം സമരത്തിന്‍െറ 70ാം വാര്‍ഷികാഘോഷം ഉദ്ഘാടനം വി.എസ്. അച്യുതാനന്ദന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ സി.എന്‍. ജയദേവന്‍ എം.പി അധ്യക്ഷത വഹിച്ചു. കുട്ടംകുളം സമരസേനാനി കെ.വി. ഉണ്ണിയെ മന്ത്രി വി.എസ്. സുനില്‍കുമാര്‍ ആദരിച്ചു. പുസ്തകം പ്രഫ. മീനാക്ഷി തമ്പാന്‍ ഏറ്റുവാങ്ങി. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് സ്മരണിക പ്രകാശനം ചെയ്തു. മത്സരവിജയികള്‍ക്ക് പ്രഫ. കെ.യു. അരുണന്‍ എം.എല്‍.എ സമ്മാന വിതരണം നിര്‍വഹിച്ചു. ഇന്നസെന്‍റ് എം.പി, കെ. ശ്രീകുമാര്‍, ടി.കെ. സുധീഷ്, എല്‍.ഡി.എഫ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കണ്‍വീനര്‍ കെ.പി. ദിവാകരന്‍, അഡ്വ. ഇ. രാജന്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പി. മണി, ട്രഷറര്‍ അഡ്വ. പി.ജെ. ജോബി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.