അതിരപ്പിള്ളി പദ്ധതി: അണപൊട്ടി പ്രതിഷേധം

ചാലക്കുടി: സര്‍ക്കാറല്ല, ജനങ്ങളാണ് എല്ലാത്തിന്‍െറയും യജമാനന്മാരെന്ന് എഴുത്തുകാരി സാറാ ജോസഫ്. അതിരപ്പിള്ളി പദ്ധതിക്കെതിരെ ചാലക്കുടി റിവര്‍ പ്രൊട്ടക്ഷന്‍ ഫോറത്തിന്‍െറ നേതൃത്വത്തില്‍ ശനിയാഴ്ച ചാലക്കുടിയില്‍ സംഘടിപ്പിച്ച പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മാറി വരുന്ന സര്‍ക്കാറുകള്‍ക്ക് അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനാവാത്തതാണെന്നുള്ള അവബോധം സൃഷ്ടിക്കേണ്ടത് പ്രകൃതി സംരക്ഷകരുടെ കര്‍ത്തവ്യമാണ്. രാഷ്ട്രീയക്കാര്‍ സോളാറിനെ അശ്ളീലമായി മാറ്റിയെങ്കിലും ഭാവിയില്‍ സോളാര്‍ തന്നെയാണ് നമ്മുടെ ഊര്‍ജ ഉല്‍പാദനത്തിന്‍െറ പ്രതീക്ഷയെന്നും സാറാ ജോസഫ് പറഞ്ഞു. എസ്.എന്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കെ.പി. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വൈദ്യുതി മോഷണം തടയാനുള്ള നടപടിയാണ് ആദ്യം എടുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ദാമോദര്‍വാലി അണക്കെട്ട് നെഹ്റുവിനൊപ്പം ഉദ്ഘാടനം ചെയ്ത ബുധിനിയെന്ന സാന്താള്‍ പെണ്‍കുട്ടി അതേ ഡാമില്‍ തന്നെ ആത്മഹത്യ ചെയ്ത് ഡാമുകളുടെ ദുരന്തത്തെ ഓര്‍മപ്പെടുത്തുന്നുവെന്ന് സിവിക് ചന്ദ്രന്‍ പറഞ്ഞു. അണക്കെട്ടുകളുടെ ഭീഷണിയെക്കുറിച്ച് മലയാളികള്‍ ബോധവാന്മാരല്ല. മുല്ലപ്പെരിയാറിനെക്കാള്‍ വേഗത്തില്‍ തകരാവുന്ന മുപ്പതോളം ഡാമുകള്‍ കേരളത്തിലുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോണ്‍ പെരുവന്താനം പറഞ്ഞു. വൈദ്യുതിയല്ല പ്രകൃതിയുടെ കാര്യമാണ് സര്‍ക്കാര്‍ വലുതായി കാണേണ്ടതെന്ന് പ്രഫ. ശോഭീന്ദ്രന്‍ പറഞ്ഞു.തുടര്‍ന്ന് നടന്ന പ്രതിഷേധ പ്രകടനത്തില്‍ അനില്‍ അക്കര എം.എല്‍.എ, കെ.എ. ഉണ്ണികൃഷ്ണന്‍, അഡ്വ. കെ.പി. രവിപ്രകാശ്, സച്ചിദാനന്ദന്‍ പുഴങ്കര, അഡ്വ. പി.ജി. പ്രസന്നകുമാര്‍, എസ്. ബാബുജി, കെ.എ. ഹരിനാരായണന്‍, എസ്.പി. രവി, എം. മോഹന്‍ദാസ്, ജോയ് മൂത്തേടന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.