തീരഭൂമിയില്‍ വ്യാപക കൈയേറ്റം

ചാവക്കാട്: തീരഭൂമിയില്‍ വനം വകുപ്പ് വെച്ചുപിടിപ്പിച്ച കാറ്റാടി മരങ്ങള്‍ മുറിച്ചുമാറ്റി ഭൂമി കൈയേറ്റം വ്യാപകം. ഭൂമി കൈയേറി നിര്‍മിച്ച വീടുകള്‍ക്ക് വൈദ്യുതി ലഭ്യമാക്കാന്‍ പഞ്ചായത്തധികൃതരുടെ എന്‍.ഒ.സി. വിവിധ രാഷ്ട്രീയ കക്ഷികളുടെ പിന്‍ബലത്തോടെ ഭൂമാഫിയയുടെ നേതൃത്വത്തില്‍ നടക്കുന്ന കൈയേറ്റം ദിനംപ്രതി വര്‍ധിക്കുമ്പോഴും റവന്യൂ ഉദ്യാഗസ്ഥരുള്‍പ്പെടെയുള്ള അധികൃതര്‍ നിസ്സംഗതയില്‍. പുന്നയൂര്‍ പഞ്ചായത്തിലെ തീരമേഖലയിലാണ് കൂടുതല്‍ കൈയേറ്റം നടക്കുന്നത്. അകലാട് കാട്ടിലെ പള്ളി ബീച്ചില്‍ കൈയേറാനും വീടുവെച്ച് വില്‍ക്കാനും നേതൃത്വം നല്‍കുന്നവര്‍ പ്രവര്‍ത്തിക്കുന്നത് സന്നദ്ധ സംഘടനാ പ്രവര്‍ത്തനത്തിന്‍െറ മറവിലാണ്. ചാവക്കാട് നഗരസഭയുടെ വടക്കേ അതിര്‍ത്തി മുതല്‍ പുന്നയൂര്‍ പഞ്ചായത്ത് പരിധിയില്‍പെടുന്ന എടക്കഴിയൂര്‍, അകലാട് മേഖലകളിലാണ് സര്‍ക്കാര്‍ സ്ഥലം വ്യാപകമായി കൈയേറി കുടില്‍ കെട്ടിയിട്ടുള്ളത്. മേഖലയില്‍ 500 ഓളം കൈയേറ്റം നടന്നതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ സ്വാധീനം കാരണം അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആരും ശ്രമിക്കുന്നില്ളെന്നാണ് ആക്ഷേപം. കടല്‍ക്ഷോഭ കാലത്ത് മണ്ണൊലിപ്പ് തടയാന്‍ ലക്ഷങ്ങള്‍ മുടക്കിവെച്ചു പിടിപ്പിച്ച കാറ്റാടി മരങ്ങള്‍ വെട്ടിനശിപ്പിച്ച് അതിനിടയിലാണ് പലരും വീടുകള്‍ പണിത് താമസിക്കുന്നത്. ആദ്യം നാല് കാലുകള്‍ വെച്ച് പ്ളാസ്റ്റിക് ഷീറ്റ് കെട്ടിയാണ് കൈയേറ്റം തുടങ്ങുക. എതിര്‍പ്പില്ളെന്ന് കണ്ടാല്‍ തറ പണിത് കല്‍ ചുമര്‍ കെട്ടി ഓലപ്പുരകള്‍ നിര്‍മിക്കും. ചുറ്റും ഇഷ്ടം പോലെ സ്ഥലം അളന്നെടുത്ത് വേലികെട്ടുകയും ചെയ്യും. ഇവിടെ കൈയേറി നിര്‍മിച്ച വീടുകളില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ വരെ താമസിക്കുന്നുണ്ട്. വീട് നിര്‍മാണത്തിന് മേഖലയിലെ പഞ്ചായത്ത് അംഗങ്ങളില്‍ ചിലരുടെയും രാഷ്ട്രീയ നേതാക്കളുടെയും ഒത്താശയുള്ളതിനാലാണ് സര്‍ക്കാര്‍ ഉദ്യാഗസ്ഥര്‍ കടുത്ത നടപടിക്ക് ഒരുങ്ങാത്തതെന്നും സൂചനയുണ്ട്. ഭൂമിക്ക് നിയമപരമായി പട്ടയവും കൈവശ സര്‍ട്ടിഫിക്കറ്റുമുള്ള സാധാരണക്കാര്‍ക്ക് കടമ്പകള്‍ ഒരുപാട് കടന്നാല്‍ മാത്രം വീട്ടുനമ്പറും വൈദ്യുതിയും ലഭിക്കുമ്പോള്‍ കൈയേറ്റ ഭൂമിയില്‍ ഒട്ടുമുക്കാല്‍ വീട്ടുകാര്‍ക്കും വൈദ്യുതി കണ്കഷനും വീട്ടുനമ്പറും എളുപ്പത്തില്‍ ലഭ്യമാകുന്നുണ്ട്. പുന്നയൂര്‍ പഞ്ചായത്തില്‍നിന്നാണ് ഇവര്‍ക്ക് വീടിന് നമ്പര്‍ ലഭിക്കുന്നത്. വീട്ടുനമ്പര്‍ ലഭിച്ചതിനാലാണ് വൈദ്യുതി കണക്ഷന്‍ പ്രയാസമില്ലാതെ ലഭിക്കുന്നത്. ഭൂമി കൈയേറി വീടുകള്‍ വെക്കുന്നവര്‍ എതിര്‍പ്പില്ളെന്ന് കണ്ടാല്‍ ഉടന്‍ വിറ്റ് പണം കൈക്കലാക്കി അടുത്ത സ്ഥലം കൈയേറുന്നതായും ആക്ഷേപമുണ്ട്. എടക്കഴിയൂര്‍ നാലാംകല്ല് മുതല്‍ അകലാട് കാട്ടിലെ പള്ളി ബീച്ച് വരെ അടുത്തിടെയാണ് കൈയേറ്റം വര്‍ധിച്ചത്. ചിലര്‍ ഈ ഭാഗത്ത് ഹോട്ടലുള്‍പ്പെടെ കച്ചവട സ്ഥാപനങ്ങളും ആരംഭിച്ചിട്ടുണ്ട്. തീര ഭൂമിയില്‍ സര്‍ക്കാര്‍ അധീനതയിലുള്ള ഭാഗവും സ്വകാര്യ സ്ഥലവും വേര്‍തിരിക്കാന്‍ അതിരുകളായി സര്‍വേക്കല്ലുകള്‍ സ്ഥാപിച്ചതിനും ഏറെ അകലെയാണ് കൈയേറ്റം നടക്കുന്നത്. കെട്ടിയുണ്ടാക്കിയ നിരവധി വീടുകള്‍ ആള്‍താമസമില്ലാതെ പൂട്ടിയിട്ടിരിക്കുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരത്തെിയാല്‍ ഇവിടെ താമസിക്കുന്നവരാണെന്ന് വരുത്തി പ്രതിഷേധത്തിനിറങ്ങുന്നവരും കുറവല്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.