തൃശൂര്‍: ജില്ലയില്‍ മലമ്പനി, മഞ്ഞപ്പിത്തം തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പരിസര ശുചീകരണത്തിനും കൊതുക് നശീകരണത്തിനുമുളള നടപടി ശക്തിപ്പെടുത്താന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വികസനസമിതി യോഗം തീരുമാനിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങളില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പരിശോധന ശക്തമാക്കും. റവന്യൂ, ആരോഗ്യം, തൊഴില്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി രൂപവത്കരിച്ച പ്രത്യേക സ്ക്വാഡുകള്‍ അതത് തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പരിശോധന നടത്തുക. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ അത്യാവശ്യ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്താനാണ് പരിശോധന. മഴക്കാല പകര്‍ച്ച വ്യാധികള്‍ നേരിടാന്‍ മരുന്നുകള്‍ സ്റ്റോക്കുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ യോഗത്തില്‍ അറിയിച്ചു. ചാവക്കാട് താലൂക്കാശുപത്രിയില്‍ ഗൈനക്കോളജിസ്റ്റിന്‍െറ ഒഴിവുകള്‍ നികത്താന്‍ അടിയന്തര നടപടി വേണമെന്ന് കെ.വി. അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ചാവക്കാട് ബ്ളോക്കിലെ കുട്ടാടംപാടത്തെ നെല്‍കൃഷി പുനരുജ്ജീവിപ്പിക്കാന്‍ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനപദ്ധതിക്ക് കീഴില്‍ കൃഷിവകുപ്പ് 15 കോടി അനുവദിച്ചതായി കൃഷി വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇവിടെ കൃഷി നടത്തുന്നതിനുള്ള തുടര്‍ നടപടികള്‍ എടുത്തു വരികയാണെന്നും മേഖലയിലെ ജന പ്രതിനിധികളുടെ നേതൃത്വത്തില്‍ ഇതുസംബന്ധിച്ച് വിപുല യോഗം ഉടന്‍ വിളിക്കുമെന്നും അധികൃതര്‍ പറഞ്ഞു. റോഡരികത്തും മറ്റ് പൊതുസ്ഥലങ്ങളിലും അപകട ഭീഷണിയുയര്‍ത്തി നില്‍ക്കുന്ന മരങ്ങളുടെ കാര്യത്തില്‍ അടിയന്തര നടപടി ഉണ്ടാകുമെന്ന് കലക്ടര്‍ വി. രതീശന്‍ പറഞ്ഞു. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനാധികൃതരില്‍ നിന്നുള്ള വിവരം ലഭിച്ചാല്‍ ജില്ലാതല ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷന്‍ എന്ന നിലയില്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. എം.എല്‍.എമാരായ ബി.ഡി. ദേവസി, ഗീതാഗോപി, ഇ.ടി. ടൈസന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷീല വിജയകുമാര്‍, എ.ഡി.എം എം.ജി. രാമചന്ദ്രന്‍, സബ് കലക്ടര്‍ ഹരിത വി. കുമാര്‍, ജില്ലാ പ്ളാനിങ് ഓഫിസര്‍ യു. ഗീത എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.