വ്യാപാരികളും ബസ് ജീവനക്കാരും ഏറ്റുമുട്ടി; കൊടുങ്ങല്ലൂരില്‍ കടയടപ്പും മിന്നല്‍ ബസ് പണിമുടക്കും

കൊടുങ്ങല്ലൂര്‍: വ്യാപാരികളും ബസ് ജീവനക്കാരും തമ്മിലുള്ള സംഘട്ടനത്തത്തെുടര്‍ന്ന് കൊടുങ്ങല്ലൂരില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്കും കടയടപ്പ് സമരവും. സംഘര്‍ഷത്തില്‍ പരിക്കേറ്റ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടുങ്ങല്ലൂര്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ ബുധനാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. ഇവിടെ പ്രവര്‍ത്തിക്കുന്ന നാലുമാക്കല്‍ ഹാര്‍ഡ്വെയേഴ്സ് ഉടമ നാലുമാക്കല്‍ ജീവന്‍ (46), ജീവനക്കാരായ നന്ദകുമാര്‍ (31), പ്രവീണ്‍കുമാര്‍ (34), കൊടുങ്ങല്ലൂര്‍ -തൃശൂര്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന പൂജ ബസിലെ കണ്ടക്ടര്‍ പാലക്കല്‍ കോടന്നൂര്‍ പുത്തന്‍തോട് സ്വദേശി അലക്സ് (37) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാലുമാക്കല്‍ ഹാര്‍ഡ്വെയേഴ്സിന് മുന്നില്‍ പാര്‍ക്ക് ചെയ്ത ബസ് മാറ്റാന്‍ ആവശ്യപ്പെട്ടതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. ഇതോടെ ബസ് തൊഴിലാളികള്‍ സമരം ആരംഭിക്കുകയായിരുന്നു. കൊടുങ്ങല്ലൂരില്‍നിന്ന് തൃശൂരിലേക്കുള്ള സ്വകാര്യ ബസുകള്‍ പണിമുടക്കിയതോടെ തിരിച്ച് തൃശൂരില്‍നിന്നുള്ള ബസുകളും സമരത്തില്‍ പങ്കുചേര്‍ന്നു. മുന്നറിയിപ്പില്ലാതെ നടത്തിയ മിന്നല്‍ സമരം യാത്രക്കാരെ ദുരിതത്തിലാക്കി. വല്ലപ്പോഴും ഓടിയ കെ.എസ്.ആര്‍.ടി.സി മാത്രമായി ഏക ആശ്വാസം. യാത്രക്കാരെ വലച്ച സമരം വൈകീട്ടോടെയാണ് അയഞ്ഞത്. ആറോടെ ചെറിയ തോതില്‍ ബസുകള്‍ ഓടിത്തുടങ്ങി. ഇതിനിടെ ബസ് പണിമുടക്കിന് പിറകെ നഗരത്തില്‍ വ്യാപാരികളും സമരം തുടങ്ങി. പൊടുന്നനെ കടയടപ്പിന് ആഹ്വാനം ചെയ്താണ് വ്യാപാരികള്‍ പ്രതിഷേധിച്ചത്. ജീവനെ മര്‍ദിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.