തൃശൂര്‍: രാജ്യം വലത്തോട്ട് നീങ്ങാന്‍ ശ്രമിച്ചപ്പോള്‍ കാമ്പസുകള്‍ ഇടത്തോട്ട് പോവുകയാണെന്ന് എം.ബി. രാജേഷ് എം.പി. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ വരുതിയില്‍ നിര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ആദ്യം ശ്രമിച്ചതെന്നും അതുകൊണ്ടുതന്നെ ദൂഷ്യഫലങ്ങള്‍ ആദ്യം അനുഭവിച്ചത് വിദ്യാര്‍ഥികളാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ ‘ഇ.എം.എസ് സ്മൃതി’ ദേശീയ സംവാദത്തില്‍ ‘സ്വതന്ത്ര്യത്തിന്‍െറ പുതുചക്രവാളങ്ങള്‍ തേടുന്ന യുവത’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് യുവാക്കളുടെ രോഷം മുതലാക്കിയാണ്. അതേ യുവാക്കള്‍ ഇപ്പോള്‍ മോദി സര്‍ക്കാറിനെതിരെ തിരിഞ്ഞുവെന്ന് രാജേഷ് പറഞ്ഞു. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന് പറയുന്ന ബി.ജെ.പിക്കാര്‍ എന്തുകൊണ്ടാണ് ദരിദ്രമുക്ത ഭാരതമെന്ന് പറയാത്തതെന്ന് ജെ.എന്‍.യു സ്റ്റുഡന്‍സ് യൂനിയന്‍ പ്രസിഡന്‍റ് കനയ്യ കുമാര്‍ ചോദിച്ചു. ജെ.എന്‍.യുവിലേതെന്ന് പറഞ്ഞ് പ്രചരിച്ച വിഡിയോ ഒറിജിനലാണെന്ന് പറയുന്ന പൊലീസ് അതിന്‍െറ ആധികാരികത പരിശോധിക്കുന്നില്ല. പ്രധാനമന്ത്രി ഫൈ്ളറ്റ് മോഡിലിരുന്ന് ഡെമോക്രസിയെ ക്രഷ് ചെയ്യുകയാണ്. ഈ സര്‍ക്കാര്‍ ന്യൂനപക്ഷ വിരുദ്ധമല്ല, ഭൂരിപക്ഷ വിരുദ്ധമാണ്. ഇന്ത്യയിലെ ഭൂരിപക്ഷമെന്നത് ദരിദ്ര വിഭാഗമാണെന്നും കനയ്യ പറഞ്ഞു. ഫാഷിസത്തിനെതിരെ ഇടത്-ജനാധിപത്യ-പുരോഗമന ശക്തികള്‍ ഒന്നിക്കണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ഗുജറാത്ത് മോഡല്‍ എന്നത് വികസനത്തിന്‍േറതല്ല, വംശഹത്യയുടേതാണെന്ന് ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ വൈസ് പ്രസിഡന്‍റ് ഷെഹല റഷീദ് പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷമായി രാജ്യത്ത് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടുകയും ആര്‍.എസ്.എസ് നടത്തുന്ന സ്കൂളുകളുടെ എണ്ണം വര്‍ധിച്ച് വരുകയുമാണ്. സെക്കുലര്‍ കരിക്കുലമുള്ള സ്കൂളുകളാണ് വേണ്ടതെന്നും ഷെഹല പറഞ്ഞു. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥി യൂനിയന്‍ നേതാവ് നാച്ചിമുത്തു, എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റ് വി.പി. സാനു, വി.പി. സുഹൈല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.