കനാല്‍ ബണ്ട് നിര്‍മിച്ചില്ല; ഉപ്പുവെള്ളം പറമ്പുകളിലേക്ക്

ചേര്‍പ്പ്: പുഴയില്‍നിന്നുള്ള ഉപ്പുവെള്ളം കയറാതിരിക്കാന്‍ എട്ടുമുനയില്‍ കെ.എല്‍.ഡി.സി കനാലില്‍ വര്‍ഷംതോറും ജലസേചന വകുപ്പ് നിര്‍മിക്കാറുള്ള താല്‍ക്കാലിക ബണ്ട് പണികള്‍ ഇതുവരെ നടന്നില്ല. ഇതുമൂലം ഉപ്പുവെള്ളം പറമ്പുകളിലേക്ക് കടന്ന് നിരവധി വാഴകള്‍ നശിച്ചു. താല്‍ക്കാലിക ബണ്ടിന്‍െറ നിര്‍മാണം ഒഴിവാക്കുന്നതിനു പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ഇല്ലിക്കല്‍ സ്ളൂയിസ് കം ബ്രിഡ്ജിന്‍െറ നിര്‍മാണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ബ്രിഡ്ജിന്‍െറ ഷട്ടര്‍ സ്ഥാപിക്കുന്നതൊഴികെ മറ്റെല്ലാ പണികളും വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ പൂര്‍ത്തീകരിച്ചിരുന്നു. വിവിധ കാരണങ്ങള്‍ പറഞ്ഞ് ഷട്ടറുകള്‍ സ്ഥാപിക്കുന്നത് ജലസേചന വകുപ്പ് നീട്ടിക്കൊണ്ടുപോവുകയാണ്. താല്‍ക്കാലിക ബണ്ട് എല്ലാ വര്‍ഷവും കെട്ടുന്നതുമൂലം ലക്ഷങ്ങള്‍ ചെലവാവുകയാണ്. ഉരുക്ക് കൊണ്ടുള്ള ഷട്ടറുകളാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് പറയുന്നു. 90 ലക്ഷം അടങ്കല്‍ തുകയായി തയാറാക്കിയ എസ്റ്റിമേറ്റ് ഇപ്പോള്‍ ഒന്നരക്കോടിയോളമായി ഉയര്‍ന്നതായി കണക്കാക്കുന്നു. ബ്രിഡ്ജിന്‍െറ ഒരുഭാഗത്തേക്കുള്ള അപ്രോച് റോഡ് നിര്‍മാണം പൂര്‍ത്തിയായെങ്കിലും മറുവശത്തെ റോഡിന്‍െറ പണികള്‍ നടന്നിട്ടില്ല. ഷട്ടര്‍ സ്ഥാപിക്കാന്‍ ടെന്‍ഡറായിട്ടുണ്ടെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായെങ്കിലും പണികള്‍ ഒന്നും ചെയ്തിട്ടില്ല. മേയില്‍ നടക്കേണ്ട താല്‍ക്കാലിക ബണ്ട് നിര്‍മാണമാണ് ജൂണ്‍ പകുതിയോളമായിട്ടും നടക്കാതിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.