കൊടുമ്പ് ചാത്തന്‍ചിറ ഡാം നവീകരണം പാതിവഴിയില്‍

വടക്കാഞ്ചേരി: കാര്‍ഷിക മേഖലയുടെ സംരക്ഷണം ലക്ഷ്യമിട്ട കൊടുമ്പ് ചാത്തന്‍ചിറ നവീകരണ പദ്ധതി പാതിവഴിയില്‍. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയിട്ട് നാല് മാസമായി. കൂടാതെ പദ്ധതിയുടെ ഭാഗമായി കൂട്ടിയിട്ട മണ്‍കൂന മഴയില്‍ താഴെയുള്ള കൃഷിയിടങ്ങളിലത്തെിത്തുടങ്ങിയത് ആശങ്കക്കിടയാക്കുന്നു. എരുമപ്പെട്ടി -വടക്കാഞ്ചേരി പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്നതാണ് കൊടുമ്പ് ചാത്തന്‍ചിറ. ഡാമിന്‍െറ പരിസരത്തെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാതെ നിര്‍മാണം തുടങ്ങിയെന്നാരോപിച്ച് നാട്ടുകാര്‍ തുടങ്ങിയ പ്രതിഷേധമാണ് പദ്ധതി സ്തംഭനത്തിലത്തെിച്ചതെന്ന് നിര്‍മാണ ചുമതലുള്ള കെ.എല്‍.ഡി.സി അധി കൃതര്‍ പറയുന്നു. മിനി ഡാം നവീകരണത്തിന് രണ്ടുകോടി അനുവദിച്ചിരുന്നു. ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിലെ അനിശ്ചിതത്വത്തിന് ശേഷമാണ് പ്രവര്‍ത്തനം തുടങ്ങിയത്. നബാര്‍ഡിന്‍െറ സാമ്പത്തിക സഹായത്തോടെയാണ് പ്രവര്‍ത്തനം. ഡാമിന്‍െറ വടക്കാഞ്ചേരി പഞ്ചായത്ത് പ്രദേശത്തെ സ്ഥലങ്ങള്‍ ചില വ്യക്തികള്‍ കൈയേറി കൃഷിയിറക്കുകയും കൈവശം വെക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടതോടെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചാത്തന്‍ചിറ ഡാം സംരക്ഷണസമിതി പഞ്ചായത്തിന് കത്ത് നല്‍കിയിരുന്നു. ഇതുപ്രകാരം പഞ്ചായത്ത് ഭരണസമിതി താലൂക്ക് സര്‍വേയറുടെ സഹായത്തോടെ നടത്തിയ സര്‍വേയില്‍ വ്യാപക പരാതി ഉണ്ടായി. റിപ്പോര്‍ട്ട് സര്‍വേ സൂപ്രണ്ട് പഞ്ചായത്തിന് നല്‍കാതെ പിടിച്ചുവെക്കുകയും ചെയ്തു. നിരവധി തവണ കത്ത് നല്‍കിയിട്ടും തുടര്‍നടപടി ഉണ്ടായില്ല. കാര്‍ഷിക മേഖലയുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് ഡാമിന്‍െറ നവീകരണം നടന്നത്. കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് ഡാമിന്‍െറ ആഴവും വീതിയും കൂട്ടി കൂടുതല്‍ ജലം സംഭരിക്കുക, ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി ഡാമിന്‍െറ അതിരുകള്‍ കെട്ടി സംരക്ഷിക്കുക, കേരള ഫോറസ്റ്റ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ സഹകരണത്തോടെ 84 വിവിധയിനം മുളകള്‍ വെച്ചുപിടിപ്പിക്കുക, നടപ്പാത നിര്‍മിച്ച് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക തുടങ്ങിയ പദ്ധതികളാണ് മേഖലയില്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ചത്. പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെ കെ.എല്‍.ഡി.സി അധികൃതര്‍ സ്ഥലംവിട്ടു. പ്രവര്‍ത്തനത്തിന്‍െറ ഭാഗമായി ജലാശയത്തില്‍നിന്ന് കോരിയ മണ്ണ് ഡാം പരിസരത്താണ് കൂട്ടിയിട്ടത്. ഇത് ഡാമിന് താഴെയുള്ള കൃഷിയിടങ്ങളിലത്തെുമെന്നും ഏക്കര്‍കണക്കിന് കൃഷി നശിക്കുമെന്ന ഭീതിയിലുമാണ് സമീപവാസികളായ കര്‍ഷകര്‍. കളിമണ്ണിന് സമാനമായ വന്‍ വിലയുള്ള മണ്ണൊക്കെ ചിലര്‍ കടത്തിയതായും സമീപവാസികള്‍ പറയുന്നു. മണ്ണെടുത്തതോടെ ഡാമില്‍ ഇറങ്ങി കുളിക്കാനോ വസ്ത്രങ്ങള്‍ അലക്കാനോ കഴിയാറില്ല. മിനി ഡാമില്‍ ജലം സംഭരിക്കാന്‍ കഴിയാതായതോടെ വരുന്ന വേനല്‍ക്കാലത്ത് മേഖല അതിരൂക്ഷ കുടിവെള്ള ക്ഷാമത്തിന്‍െറ പിടിയിലമരുമെന്ന ആശങ്കയും ഇവര്‍ പങ്കുവെക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.