ജാബിര്‍ ഓട്ടോ ഓടിക്കുന്നു സാന്ത്വന പാതയിലൂടെ

വാടാനപ്പള്ളി: ഓട്ടോ ചാര്‍ജ് പറഞ്ഞാല്‍ തന്‍െറ ഓട്ടോയുടെ വിലയല്ല ചോദിച്ചതെന്ന് യാത്രക്കാര്‍ കളിയാക്കുന്നത് സിനിമകളിലും മറ്റും തമാശയായി വരുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ അത് വെറും തമാശയായി തള്ളേണ്ടതല്ല. ഓട്ടോ ഡ്രൈവര്‍മാര്‍ പണക്കൊതിയന്മാരാണെന്ന പൊതുധാരണയുടെ അവതരണങ്ങളാണതെല്ലാം. സമൂഹത്തില്‍ ഓട്ടോക്കാരെക്കുറിച്ചുള്ള ആ ധാരണ തിരുത്തുകയാണ് തൃത്തല്ലൂരിലെ ഓട്ടോ തൊഴിലാളി ജാബിര്‍. തന്‍െറ ഓട്ടോ മടക്കം വരുമ്പോള്‍ കയറുന്ന യാത്രക്കാരില്‍ നിന്നും ജാബിര്‍ പണം വാങ്ങാറില്ല. പകരം ഓട്ടോയില്‍ സ്ഥാപിച്ചിട്ടുള്ള പെട്ടിയിലേക്ക് പണം നിക്ഷേപിക്കാം. ഇങ്ങനെ ലഭിക്കുന്ന പണം പാവപ്പെട്ട രോഗികളുടെ ചികിത്സക്കുള്ളതാണ്. ഇത്തരത്തില്‍ സമാഹരിച്ച തുകയുടെ പ്രഥമ കൈമാറ്റം ഞായറാഴ്ച നടന്നു. ഡോ. എന്‍.എ. മാഹിന്‍ വൃക്ക രോഗിയായ ഹാജറ ഇസ്മായിലിനാണ് തുക കൈമാറിയത്. ആളുകള്‍ ഇതെല്ലാം അറിഞ്ഞുകൊണ്ടാണ് യാത്രക്കാര്‍ ഓട്ടോയില്‍ കയറുക. പലരും ചെറുതും വലുതുമായ സംഖ്യ പെട്ടിയില്‍ നിക്ഷേപിച്ച് കാരുണ്യപ്രവര്‍ത്തനത്തിന്‍െറ ഭാഗമാകുമെന്ന് ജാബിര്‍ പറയുന്നു. സ്വന്തമായി ബ്ളഡ് ബാങ്കുമുണ്ട് ജാബിറിന്. ഓട്ടോക്ക് പിറകില്‍ രക്തം ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടാനായി നമ്പറും കൊടുത്തിട്ടുണ്ട്. വര്‍ഷങ്ങളായി ഓട്ടോ ഓടിച്ച് ഉപജീവനം നടത്തുന്ന ജാബിര്‍ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമാണ്. ആക്ട്സ് തൃപ്രയാര്‍ ബ്രാഞ്ചിന്‍െറ മുഖ്യപ്രവര്‍ത്തകനും വളന്‍റിയര്‍ ക്യാപ്റ്റനുമായിരുന്നു. അപകടത്തില്‍പെട്ടവരെ രക്ഷിക്കാനായി മറ്റ് ഡ്രൈവര്‍ മടിച്ച് നില്‍ക്കുമ്പോള്‍ ജാബിര്‍ നിരവധിയാളുകളുടെ ജീവന്‍ രക്ഷിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മണപ്പുറം മേഖലയില്‍ പലതവണ അവാര്‍ഡുകളും സ്വന്തമാക്കിയിട്ടുണ്ട് ഈ യുവാവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.